രാജ്യസുരക്ഷയും അമേരിക്കയ്ക്ക് തീറെഴുതുന്നു

തീവ്ര ദേശീയത പ്രചരിപ്പിച്ച് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ രാജ്യസുരക്ഷതന്നെ അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിയറവയ്‌ക്കാനുള്ള അപകടകരമായ നീക്കത്തിലാണ്. അതിവേഗ ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനത്തിന്റെ മറവിൽ അമേരിക്കൻ കോർപറേറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിലെ ഇന്റർനെറ്റ് മേഖല കൈയടക്കാനുള്ള അവസരം ഒരുക്കുന്നതിലൂടെ രാജ്യസുരക്ഷയ്‌ക്ക് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ് അമേരിക്കൻ കമ്പനിക്ക് ഇന്ത്യയിലേക്ക് വരാൻ വഴിയൊരുങ്ങിയത്. സ്റ്റാർലിങ്കിനെ അതിശക്തമായി പ്രതിരോധിച്ചുകൊണ്ടിരുന്ന റിലയൻസ് ജിയോയും എയർടെലും ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റി സ്റ്റാർലിങ്കുമായി സഹകരിക്കാനുള്ള കരാറിൽ ഒപ്പിട്ടത് കേന്ദ്ര ഭരണക്കാരുടെ ശക്തമായ സമ്മർദത്തെ തുടർന്നാണെന്ന് വ്യക്തം. സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പോസ്റ്റിടുകയും ചെയ്തു.
ലോകത്തിലെ സമ്പന്നരിൽ അതിപ്രധാനിയും ഡോണൾഡ് ട്രംപിന്റെ ഉപദേശകസംഘത്തിലെ പ്രമുഖനും അമേരിക്കൻ കാര്യക്ഷമതാവകുപ്പിന്റെ മേധാവിയുമായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർലിങ്ക്. ടെസ്‌ല, സ്പേസ് എക്സ് എന്നീ കമ്പനികളുടെ ഉടമയായ മസ്ക് ട്രംപ് അധികാരത്തിൽ വന്നതോടെയാണ് അമേരിക്കൻ ഭരണത്തിലെ പ്രധാനിയായി മാറിയത്. എക്സ് എന്ന് പേര് മാറ്റിയ ട്വിറ്ററും മസ്കിന്റെ ഉടമസ്ഥതയിലാണ്. ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്ന സംവിധാനമാണ് സ്റ്റാർലിങ്ക്. ഇതിനായി ഏഴായിരത്തിലധികം ചെറു ഉപഗ്രഹങ്ങൾ വിന്യസിച്ചു കഴിഞ്ഞു. ഡിഷ് ടിവി പോലെ കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. കേബിളോ ടവറോ ഇതിനാവശ്യമില്ല.
ടെലികോം മേഖലയ്‌ക്ക് ഏറ്റവും പ്രധാനപ്പെട്ട സ്പെക്‌ട്രം ആഗോള മൂലധനശക്തികൾക്ക് നേരിട്ട് വാങ്ങാനുള്ള സാഹചര്യമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്. ഇതോടെ സ്പെക്‌ട്രം അനുവദിക്കുന്നതിലെ സുതാര്യത ഇല്ലാതാകും. മുമ്പ് ജിയോയും എയർടെല്ലുമെല്ലാം സ്പെക്ട്രം ലേലത്തിലൂടെ മാത്രമേ നൽകാവൂ എന്നും വാദിച്ചവരാണ്. അതുകൊണ്ടുതന്നെ നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്ന സ്റ്റാർലിങ്കിനെ എതിർത്തു. അത്യപൂർവ വിഭവമായ സ്പെക്ട്രം സുതാര്യ ലേലത്തിലൂടെ മാത്രമേ സ്വകാര്യ കമ്പനികൾക്ക് അനുവദിക്കാവൂ എന്ന് 2 ജി സ്പെക്ട്രം കേസിൽ സുപ്രീംകോടതി വിധിച്ചതുമാണ്. എന്നാൽ, അതിനെയെല്ലാം കാറ്റിൽപ്പറത്തി നിയമവിരുദ്ധമായി അമേരിക്കൻ കമ്പനിക്ക് ഉപഗ്രഹ സ്പെക്ട്രം അനുവദിക്കാനുള്ള നീക്കം അങ്ങേയറ്റം അപകടകരമാണ്. സ്പെക്ട്രം മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ഓർബിറ്റൽ സ്ലോട്ടുകളും അമേരിക്കൻ കമ്പനിക്ക് കൈയടക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
പ്രതിരോധ മേഖല, ഐഎസ്ആർഒ തുടങ്ങിയ തന്ത്രപ്രധാന സേവനത്തിനു മാത്രമായിരിക്കണം ഉപഗ്രഹ സ്പെക്ട്രം ഉപയോഗിക്കേണ്ടത്. ഉപഗ്രഹ സ്പെക്ട്രവും ഓർബിറ്റൽ സ്ലോട്ടുകളുമെല്ലാം സ്വകാര്യ കമ്പനിയുടെ കൈയിലാകുന്നതോടെ രാജ്യസുരക്ഷയ്‌ക്ക് വൻഭീഷണിയാകും. പ്രകൃതി വിഭവങ്ങളുടെ മാപ്പിങ്, കാലാവസ്ഥ, വാണിജ്യമൂല്യമുള്ള വിവരങ്ങൾ, തന്ത്രപ്രധാനമായ സൈനിക-പ്രതിരോധ വിവരങ്ങളെല്ലാം അവർക്ക് ലഭ്യമാകും. സ്റ്റാർലിങ്കിന്റെ ഉപകരണങ്ങളുടെ വിൽപ്പനയും ആക്ടിവേഷനും പരിപാലനവും മാത്രമായിരിക്കും ഇന്ത്യൻ കമ്പനികൾക്ക് ഉണ്ടാകുക. സ്റ്റാർലിങ്ക് അവരുടെ ഇന്റർനെറ്റ് സേവനം പിൻവലിച്ചാൽ രാജ്യമാകെ സ്തംഭിക്കും. ട്രംപുമായി തെറ്റിപ്പിരിഞ്ഞ ഉക്രയ്‌ൻ പ്രസിഡന്റ് സെലൻസ്കിയെ അമേരിക്കയുടെ വരുതിക്ക് കൊണ്ടുവന്നത് സ്റ്റാർലിങ്ക് ഉക്രയ്‌ൻ സൈന്യത്തിന് നൽകുന്ന സേവനം പിൻവലിക്കുമെന്ന ഭീഷണി മുഴക്കിയാണ്.
അവരുടെ പ്രകൃതിവിഭവങ്ങൾ കൈമാറാനും റഷ്യയുമായി ചർച്ചയ്‌ക്കും സെലൻസ്കി തയ്യാറായത് ഈ ഭീഷണിയിലാണ്. ഇതിനാലാണ് സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ സ്റ്റാർലിങ്കുമായി ഇന്ത്യൻ കമ്പനികൾ ഉണ്ടാക്കിയ കരാർ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്. ബ്രിട്ടീഷ് അടിമത്വത്തിൽനിന്ന് മോചിതമായ രാജ്യത്തെ അമേരിക്കൻ അടിമത്തത്തിലേക്ക് നയിക്കാനാണ് സ്റ്റാർലിങ്കിനെ ആനയിക്കുന്നതിലൂടെ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശ്രമിക്കുന്നത്. രാജ്യസുരക്ഷയും താൽപ്പര്യങ്ങളും ബലികഴിച്ച് സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന സംഘപരിവാർ ഭരണത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധം ഉയർത്തിയില്ലെങ്കിൽ വൻ വിപത്തിലേക്ക് നമ്മൾ വീഴുമെന്നതിൽ തർക്കമില്ല.









0 comments