കപ്പൽ ദുരന്തം: ജാഗ്രത പാലിച്ച് സംസ്ഥാനം

അറബിക്കടലിൽ കേരള തീരത്തോടടുത്ത് വീണ്ടും കപ്പൽ അപകടം. കൊച്ചി പുറങ്കടലിൽ മെയ് 24ന് ചെരിഞ്ഞ കപ്പൽ പിന്നീട് ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം പൂർണമായും മുങ്ങിയിരുന്നു. ആ അപകടമുണ്ടായി രണ്ടാഴ്ച പിന്നിടുമ്പോൾ തിങ്കളാഴ്ച കോഴിക്കോട് ബേപ്പൂരിൽനിന്ന് 162.98 കിലോമീറ്റർ അകലെ കപ്പലിന് തീ പിടിക്കുകയും കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയുമാണ് ഉണ്ടായത്. രണ്ട് ദുരന്തത്തിലും കടലിൽ വീണ കണ്ടെയ്നറുകളിൽ അടങ്ങിയ രാസവസ്തുക്കൾ കടൽ ജീവികൾക്കും പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന സ്വാഭാവികമായ ആശങ്കയുണ്ട്. വിശദമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും പറയാനാകൂ. ഊഹാപോഹങ്ങൾ പരത്താതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങൾ സംസ്ഥാനം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പാരിസ്ഥിതിക ആഘാതം പഠിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. തോട്ടപ്പള്ളിക്കു സമീപം മുങ്ങിയ എംഎസ്‌സി എൽസ- 3 കപ്പലിലെ ഇന്ധനം പൂർണമായും നീക്കാനുള്ള ശ്രമം വിജയകരമായി നടന്നുവരികയാണ്. അതിനിടെയാണ് തിങ്കളാഴ്ചത്തെ അപകടം.
മെയ് 24ന്റെ അപകടത്തിൽ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ, തിങ്കളാഴ്ചത്തെ അപകടത്തിൽ നാലുപേരെ കാണാതായിട്ടുണ്ട്. തീപിടിച്ച കപ്പലിൽ 22 ജീവനക്കാരുണ്ടായിരുന്നു. 18 പേരെ ആശുപത്രിയിലെത്തിച്ചു. രണ്ട് അപകടത്തിലും അതിവേഗം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞത് ആശ്വാസമായി. എന്നാൽ, കണ്ടെയ്നറുകൾ തുടരെത്തുടരെ പൊട്ടിത്തെറിക്കുന്നത് തീയണയ്‌ക്കാനുള്ള ശ്രമത്തെ ബാധിക്കുന്നുണ്ട്. തീയും കനത്ത പുകയും കാരണം അപകടത്തിൽപ്പെട്ട കപ്പലിന്റെ അടുത്തേക്ക് എത്താനും പ്രയാസമുണ്ട്. ഇതേസമയം, കടലിൽ വീണ കണ്ടെയ്നറുകൾ തീരത്തെത്താതെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നുമുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് നേതൃത്വത്തിൽ കൊച്ചിയിൽ ഉന്നതതല യോഗം ചേർന്നു. കപ്പലിലെ തീയണയ്‌ക്കൽ വളരെ ശ്രമകരമാണെന്ന് വിലയിരുത്തിയ യോഗം, കണ്ടെയ്‌നർ നീക്കലും മലിനീകരണ നിയന്ത്രണവും ഊർജിതമാക്കാൻ തീരുമാനിച്ചു.
സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വാൻ ഹായ് 503 എന്ന കപ്പലിനാണ് ബേപ്പൂർ തീരത്തുനിന്ന് 88 നോട്ടിക്കൽ മൈലും (162.98 കിലോമീറ്റർ) കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈലും (81.4 കിലോമീറ്റർ) അകലെയായി ഉൾക്കടലിൽവച്ച് തീപിടിച്ചത്. കൊളംബോയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ ചൊവ്വാഴ്ച മുംബൈയിൽ എത്താനിരിക്കെയാണ് ദുരന്തം. കേരളത്തിന്റെ പുറങ്കടലിൽ അപ്രതീക്ഷിതമായി രണ്ട് അപകടമുണ്ടായത് ഇതുവഴിയുള്ള കപ്പൽ ഗതാഗതത്തെ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടും ഒറ്റപ്പെട്ട, യാദൃച്ഛിക അപകടങ്ങളാണ്. രണ്ടും തമ്മിൽ പ്രഥമ ദൃഷ്ട്യാ ഒരു ബന്ധവുമില്ലെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉൾക്കടലിൽ ഉണ്ടാകുന്ന അപകടങ്ങളിൽ കേസ് എടുക്കുന്നത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ്. ഇതുസംബന്ധിച്ച തുടർദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതും മന്ത്രാലയമാണ്. അപകടത്തിൽ സംസ്ഥാനത്തിന് നഷ്ടങ്ങൾ ഉണ്ടായത് ക്ലെയിം ചെയ്ത് വാങ്ങാൻ എല്ലാ നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നു. കപ്പലിൽ കൊണ്ടുപോകുന്ന അപകടകാരികളായ ചരക്കുകളെ അവയുടെ സ്വഭാവമനുസരിച്ച് ഇന്റർനാഷണൽ മാരിടൈം ഡെയ്ഞ്ചറസ് ഗുഡ്സ് (ഐഎംഡിജി) തരംതിരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾക്ക് പരിഹാരം ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടികളുമുണ്ട്. ഇതനുസരിച്ച് പാരിസ്ഥിതിക, മത്സ്യത്തൊഴിലാളി, വിനോദ സഞ്ചാര മേഖലകൾക്കുണ്ടാകുന്ന ആഘാതങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാൻ സർക്കാരിന് സാധിക്കും. ഇതൊന്നും അറിയാതെയോ അറിഞ്ഞോ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ചില മാധ്യമങ്ങളും യുഡിഎഫും ശ്രമിക്കുന്നത്. നടുക്കടലിൽ ഉണ്ടാകുന്ന കപ്പൽ അപകടങ്ങൾക്കുപോലും സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന മട്ടിലാണ് പ്രചാരണം. ഇത് ശുദ്ധ തോന്ന്യാസവും രാഷ്ട്രീയക്കളിയുംമാത്രം. കപ്പൽ ദുരന്തത്തേക്കാൾ വലിയ ദുരന്തമായി മാറിയിരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കടലിലെ കാറ്റിന്റെ ഗതിയെയും തീവ്രതയെയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. ഇതുകൂടാതെ, മറ്റു പല കാരണങ്ങളാലും ലോകത്തെ വിവിധ സമുദ്രങ്ങളിൽ കപ്പൽ അപകടങ്ങൾ പതിവാണ്. 2024ൽ 27 കപ്പൽ കടലിൽ നഷ്ടമായതായി ‘അലയൻസ് കൊമേഴ്സ്യൽ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ ബംഗാൾ ഉൾക്കടലിലും രണ്ട് കപ്പൽ നഷ്ടമായി. കപ്പൽ ഏത് രാജ്യത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് നിയമപരമായ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന കപ്പലുകൾ ഏത് നിമിഷവും ദുരന്തം വിതയ്ക്കാം. എന്തിനെയും കേരളത്തിനെതിരായി തിരിക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ലല്ലോ.









0 comments