ഇനിയെങ്കിലും കേന്ദ്രം കണ്ണ്‌ തുറക്കുമോ

Mundakkai Chooralmala Tragedy
വെബ് ഡെസ്ക്

Published on Jun 16, 2025, 12:00 AM | 2 min read


ജനജീവിതത്തിന്റെ വേദനയും കഷ്‌ടപ്പാടുകളും അറിയേണ്ടതും തക്കസമയത്ത് ഇടപെടേണ്ടതും ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. എന്നാൽ, മനുഷ്യസ്‌നേഹവും കാരുണ്യവും ആർദ്രതയും പ്രവഹിക്കേണ്ട മഹാദുരന്തവേളയിൽപ്പോലും കരിങ്കല്ലിന് സമാനമായ ധാർഷ്‌ട്യവുമായി പ്രവർത്തിക്കുന്ന സമീപനമാണ് യൂണിയൻ സർക്കാർ കേരളത്തോട് സ്വീകരിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവിൽ, വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളുന്ന കാര്യത്തിലും നരേന്ദ്ര മോദി ഭരണം ഒട്ടും കരുണയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.


എന്നാൽ, വായ്‌പ എഴുതിത്തള്ളാതിരിക്കാൻ യൂണിയൻ സർക്കാർ സമർപ്പിച്ച മുടന്തൻ ന്യായം കേരള ഹൈക്കോടതി തള്ളിക്കളഞ്ഞെന്നത് പ്രതീക്ഷയേകുന്നു. മാത്രമല്ല, വായ്പ എഴുതിത്തള്ളാൻ യൂണിയൻ സർക്കാരിന്‌ ഭരണഘടന അധികാരം നൽകുന്നുണ്ടെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ 73–--ാം അനുച്ഛേദം അനുസരിച്ച് അതുചെയ്യാമെന്ന് ജസ്റ്റിസ് ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അധികാരമുണ്ടായിട്ടും അത് പ്രാവർത്തികമാക്കാൻ തയ്യാറില്ലെങ്കിൽ തുറന്നുപറയാൻ കേന്ദ്രം തന്റേടം കാട്ടണമെന്നും കോടതി ആഞ്ഞടിച്ചു. നയപരമായ തീരുമാനമാണ് വേണ്ടതെങ്കിൽ അതെടുക്കണം. ഇനിയെങ്കിലും യൂണിയൻ സർക്കാർ കണ്ണുതുറക്കുമോ എന്നാണ് അറിയേണ്ടത്.


ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന 13–--ാം വകുപ്പ് ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കിയതായി കേന്ദ്രം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് വായ്പ എഴുതിത്തള്ളാൻ ബാങ്കുകൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് അർഥശങ്കയ്‌ക്കിടയില്ലാത്ത വിധം കോടതി വ്യക്തമാക്കിയത്. ഭേദഗതിയിലൂടെ 13–--ാം വകുപ്പ് നീക്കിയതെന്തിനെന്ന ചോദ്യത്തിന് കേന്ദ്രം ഉത്തരം പറയേണ്ടതുണ്ട്. ദുരന്തബാധിതരുടെ കടം തള്ളാതിരിക്കാനായിരുന്നു ആ നീക്കമെന്ന് വ്യക്തം. അതിപ്പോൾ പൊളിഞ്ഞിരിക്കുന്നു. വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. കുടുംബശ്രീ വായ്പകൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുമുണ്ട്. മറ്റ് പൊതുമേഖലാ ബാങ്കുകളും വാണിജ്യ ബാങ്കുകളും നൽകിയിട്ടുള്ള വായ്പ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം വേണം. ഇക്കാര്യം കേരളം നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് 13–--ാം വകുപ്പ് നീക്കിയതായി ദേശീയ ദുരന്തനിവാരണ അണ്ടർ സെക്രട്ടറി ചന്ദൻ സിങ് സത്യവാങ്‌മൂലത്തിൽ കോടതിയെ അറിയിച്ചത്. വകുപ്പ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ഇനി തീരുമാനം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. 35 കോടിയോളം രൂപയാണ് ബാങ്കുകളിൽ ഉരുൾബാധിതരുടെ വായ്പ.


298 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ 1202 കോടി രൂപയുടെ നഷ്ടമുണ്ടായി. ധനസഹായത്തിന് സംസ്ഥാനം പലവട്ടം അപേക്ഷിച്ചെങ്കിലും അടിയന്തര സഹായമൊന്നും തന്നില്ല. പ്രതിഷേധം കനത്തപ്പോൾ 529 കോടി അനുവദിച്ചെങ്കിലും അത് തിരിച്ചടയ്ക്കേണ്ട വായ്പയാക്കി. വയനാട്ടിൽ വന്ന് ആശ്വാസവാക്കുകൾ പറയുകയും കേരളം തനിച്ചല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവഞ്ചനയാണ് ഇക്കാര്യങ്ങളിലെല്ലാം വെളിപ്പെട്ടത്. ദുരന്തമേഖലയിൽ കണ്ടത് മോദിയുടെ മുഖാവരണമായിരുന്നെന്ന് കേരളം തിരിച്ചറിയുന്നുണ്ട്. ദുരന്തം മറക്കാനും മറികടക്കാനും സഹായിക്കുന്നതിന് പകരം ഈ നാടിനെ തോൽപ്പിക്കാനാകുമോ എന്നാണ് മോദി ഭരണം നോക്കുന്നത്. അത് പക്ഷേ, നടപ്പില്ല എന്നുമാത്രം പറയട്ടെ. ദുരന്തഭൂമിയിൽ ശേഷിക്കുന്നവരുടെ പുനരധിവാസം ഏറ്റവും നല്ല നിലയിൽ ഉറപ്പിക്കാനും അവരെ എല്ലാവിധത്തിലും സഹായിക്കാനും സംസ്ഥാന സർക്കാർ കൃത്യമായ പദ്ധതികൾ നടപ്പാക്കി മുന്നോട്ടുപോകുകയാണ്. സംശുദ്ധ മനുഷ്യസ്‌നേഹത്താൽ, പരസ്പരം ഊന്നുവടികളായി ചേർന്നുനിന്ന് കേരളം ഏതു പ്രതിസന്ധിയെയും അതിജീവിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home