ഹൃദയത്തിന്റെ കൈയൊപ്പ്‌

editorial today
avatar
ഭാനുപ്രകാശ്

Published on Sep 22, 2025, 12:15 AM | 2 min read

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും ഉയർന്നതും മഹത്തായതുമായ ബഹുമതി, ദാദാ സാഹേബ്‌ ഫാൽകെ പുരസ്‌കാരം നടൻ മോഹൻലാലിന്‌ ലഭിക്കുമ്പോൾ ആദരിക്കപ്പെടുന്നത്‌ സാംസ്‌കാരിക കേരളംകൂടിയാണ്‌. അടൂർ ഗോപാലകൃഷ്‌ണനു പിന്നാലെ 55–ാമതായി ഇ‍ൗ അംഗീകാരം ലാലിനെ തേടിയെത്തുമ്പോൾ രാജ്യത്തിനകത്തും പുറത്തും ചർച്ച ചെയ്യുന്നത്‌ നമ്മുടെ നാട്‌ സ്വന്തമാക്കിയ കലാ– സാംസ്‌കാരിക സത്തയും അതുവഴി പടർന്ന സാമൂഹ്യാന്തരീക്ഷവുമാണ്‌. മറ്റൊരു നാടിനും അവകാശപ്പെടാനില്ലാത്തവിധം കലയും സംസ്‌കാരവും ഉഴുതുമറിച്ച മണ്ണിൽനിന്നുയർന്നുവന്ന്‌, ലോകത്തിന്‌ സമ്മാനിച്ച ചലച്ചിത്രങ്ങളെയും പ്രതിഭകളെയുംകുറിച്ചാണ്‌. പത്തനംതിട്ടയിലെ ഇലന്തൂർ എന്ന ഗ്രാമത്തിൽ ജനിച്ച്‌ തിരുവനന്തപുരത്ത്‌ വളർന്ന ലാൽ 1978ൽ ‘തിരനോട്ടം’ എന്ന റിലീസാകാത്ത സിനിമയിലൂടെയാണ്‌ അഭിനയ ജീവിതം തുടങ്ങിയത്‌. സ്‌കൂൾ–കോളേജ്‌ കാലത്ത്‌ നാടകങ്ങളിലൂടെ അരങ്ങിന്റെ ചൂടും ചൂരും അറിഞ്ഞു. സിനിമയിൽ തിരക്കുള്ളപ്പോഴും നാടകത്തെ ശ്വാസംപോലെ ഒപ്പം ചേർത്തു. കാവാലത്തിന്റെ ‘കർണഭാരം’ എന്ന സംസ്‌കൃത നാടകം ഉൾപ്പെടെ ഗിരീഷ്‌ കർണാടിന്റെ നാഗ, പ്രശാന്ത്‌ നാരായണൻ സംവിധാനം ചെയ്‌ത ‘ഛായാമുഖി’ എന്നിവയിലൂടെ അരങ്ങിന്റെ സാധ്യതകൾക്കൊപ്പം നിൽക്കുകയും നാടകങ്ങൾക്കുവേണ്ടി കിട്ടുന്ന വേദികളിലെല്ലാം സംസാരിക്കുകയും ചെയ്‌തു.

48 വർഷത്തെ സിനിമാജീവിതത്തിനിടയിൽ നാനൂറ്റിഎഴുപതിലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഉയർച്ച താഴ്‌ചകളിലൂടെ വളർന്ന്‌ ഇക്കാലമത്രയും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നിലനിർത്തി എന്നത്‌ സിനിമാമേഖലയിൽ വലിയ കാര്യമാണ്‌. ഇന്ത്യയിലെ പ്രമുഖരായ നടീ–നടന്മാർക്കൊപ്പം സ്‌ക്രീനിൽ നിറഞ്ഞു. ഓരോ മലയാളിയിലും ഒരു മോഹൻലാൽ ഉണ്ടെന്ന തരത്തിൽവരെ വിലയിരുത്തപ്പെടുമ്പോൾ ആ കലാകാരന്റെ സമൂഹത്തിലുള്ള സ്വാധീനം എത്രത്തോളമാണെന്നത്‌ വിസ്‌മയപ്പെടുത്തുന്നു. മോഹൻലാലിന്റെ വിരലുകൾപോലും അഭിനയിക്കുമെന്ന നിരൂപകരുടെ വാഴ്‌ത്തലുകൾ നടൻ എന്ന നിലയിൽ അദ്ദേഹം തന്റെ മേഖലയിൽ എത്രത്തോളം സ്വയം സമർപ്പിച്ചിട്ടുണ്ടെന്ന്‌ കാണിച്ചുതരുന്നു. രാജാവിന്റെ മകൻ, ഭരതം, ദശരഥം, വാനപ്രസ്ഥം, കമലദളം, പാദമുദ്ര, ഗുരു, ചിത്രം, താളവട്ടം, ത‍ൂവാനത്തുമ്പികൾ, വാസ്‌തുഹാര, നമുക്ക്‌ പാർക്കാൻ മുന്തിരിത്തോപ്പുകൾ, സദയം, പരദേശി, കാലാപാനി, താഴ്‌വാരം, തേൻമാവിൻ കൊമ്പത്ത്‌, തന്മാത്ര, ഭ്രമരം, ഇരുവർ, യോദ്ധ, കിരീടം, മണിച്ചിത്രത്താഴ്‌... തുടങ്ങി നാട്ടിൻപുറ–നഗര ജീവിതങ്ങളുടെ ലാളിത്യവും സങ്കീർണതകളും കഥാപാത്രങ്ങളിലൂടെ പലതവണ അദ്ദേഹം കാണിച്ചുതന്നു. സൂക്ഷ്‌മാഭിനയത്തിലൂടെ ആവർത്തിച്ചാവർത്തിച്ച്‌ വിസ്‌മയപ്പെടുത്തി. കഥകളി നടന്റെ കഥ പറഞ്ഞ ‘വാനപ്രസ്ഥ’ത്തിലെ ലാലിന്റെ പ്രകടനം കണ്ട്‌ കലാമണ്ഡലം ഗോപിയെപ്പോലുള്ള പ്രതിഭകൾ അത്ഭുതപ്പെട്ടത്‌ മലയാളികൾ മറക്കില്ല. പതിറ്റാണ്ടുകളെടുത്ത്‌ സ്വായത്തമാക്കുന്ന മുദ്രകളും ചലനങ്ങളും ഒരു മാസത്തിനുള്ളിലാണ്‌ ലാൽ സ്വന്തമാക്കിയത്‌. മലയാള സിനിമയുടെ സാമ്പത്തികനിലയെ 100 കോടിയും 200 കോടിയുമൊക്കെയായി കണക്കുകൾ നിരത്തുമ്പോൾ അതിനുമുന്നിൽ നായകനായി നിന്നു. പട്ടാള സിനിമാ പരമ്പരകളിൽ അഭിനയിച്ച്‌ പുതിയ തലമുറയ്‌ക്ക്‌ രാജ്യത്തിന്റെ കാവൽക്കാരെ അടുത്തു പരിചയപ്പെടുത്തി.

ടെറിട്ടോറിയൽ ആർമിയിൽ ലെഫ്‌. കേണലായി സേനയ്‌ക്കും യുവാക്കൾക്കും ഉ‍ൗർജമായി. വയനാട്‌ ഉരുൾപൊട്ടലിൽ നാട്‌ വിറങ്ങലിച്ചു നിന്നപ്പോൾ സൈന്യത്തിനൊപ്പംചേർന്ന്‌ ദുരിതബാധിതർക്ക്‌ ആശ്വാസം പകർന്നു. പ്രകൃതിദുരന്തങ്ങൾക്കുമുന്നിൽ സംസ്ഥാന സർക്കാരിനൊപ്പംനിന്ന്‌ നാടിന്‌ ധൈര്യം പകർന്നു. ജീവിതത്തിന്റെ മുഖ്യഭാഗവും കാമറയ്‌ക്കുമുന്നിൽ ചെലവിട്ട മോഹൻലാൽ ഒരഭിമുഖത്തിൽ പറഞ്ഞത്‌ അഭിനയംതന്നെയാണോ തന്റെ ജോലിയെന്ന്‌ ഇന്നും തീർച്ചയില്ല എന്നാണ്‌. ഓരോ സിനിമയിലും ആദ്യം അഭിനയിക്കുന്ന നടനെപ്പോലെ, ആന്തലോടെ കാമറയ്‌ക്കുമുന്നിൽനിന്ന്‌ സംവിധായകന്റെ ടൂളായി മാറി അത്ഭുതങ്ങൾ കാണിക്കുകയാണ്‌ ഇ‍ൗ പ്രതിഭ. അഞ്ച്‌ ദേശീയ പുരസ്‌കാരവും ഒമ്പത്‌ സംസ്ഥാന അവാർഡും ഒമ്പത്‌ ഫിലിം ഫെയർ അവാർഡും ലഭിച്ചു. പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. ഋതുമർമരങ്ങൾ, പുഴകടന്ന്‌ പൂക്കളുടെ താഴ്‌വരയിലേക്ക്‌, ഒരു നടന്റെ ബ്ലോഗെഴുത്തുകൾ, ദൈവത്തിനുള്ള തുറന്ന കത്തുകൾ, മോഹൻലാലിന്റെ യാത്രകൾ, ഹൃദയത്തിന്റെ കൈയൊപ്പ്‌ തുടങ്ങിയ പുസ്‌തകങ്ങൾ രചിച്ചു. ദേശാഭിമാനി അക്ഷരമുറ്റം ബ്രാൻഡ്‌ അംബാസഡർകൂടിയാണ്‌ ലാൽ. ഇരുപതാം നൂറ്റാണ്ടിലെ മഹാനടനായ പോൾമുനി പറഞ്ഞത്‌ ‘‘അഭിനയം ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ തത്വശാസ്‌ത്രമാണ്‌’’ എന്നാണ്‌. ഇ‍ൗ തത്വശാസ്‌ത്രം ജീവിതത്തിൽ അലിയിച്ച മലയാളത്തിന്റെ എക്കാലത്തെയും മഹാനടനാണ്‌ മോഹൻലാൽ.​ നടനകാവ്യത്തിന്റെ ദശഗുണകാന്തിക്ക്‌ ദേശാഭിമാനിയുടെ അഭിനന്ദനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home