ആപൽക്കരനയം തുടർന്ന് മോദിസർക്കാർ

സംഘപരിവാർ ബന്ധമുള്ള സംഘടനകൾ നടത്തിവന്ന തീവ്രവിദ്വേഷ പ്രചാരണത്തെ തുടർന്ന് രണ്ടേകാൽവർഷത്തിലേറെയായി കലാപത്തീയിൽ ഉരുകുന്ന മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം പരിഹാസ്യവും ഫലശൂന്യവുമായി മാറിയിരിക്കുകയാണ്. മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട 2023 മെയ് മൂന്നിനുശേഷം മോദി 46 വിദേശയാത്ര നടത്തിയെങ്കിലും മണിപ്പുരിലേക്ക് പോകാൻ സമയം കണ്ടെത്തിയിരുന്നില്ല. ഇപ്പോൾ വടക്കുകിഴക്കൻ മേഖലാ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ 13ന് മൂന്നുമണിക്കൂർമാത്രം മണിപ്പുരിൽ ചെലവിട്ട പ്രധാനമന്ത്രി നാട്യങ്ങളിൽ അഭിരമിക്കാനാണ് മുതിർന്നത്. ‘മണിപ്പുരിന്റെ വാതിലിൽ പുതിയ പ്രഭാതം മുട്ടിവിളിക്കുകയാണ്’ എന്ന് അദ്ദേഹം പറഞ്ഞത് യാഥാർഥ്യവുമായി ഒത്തുപോകുന്നതല്ല. 38 ലക്ഷത്തോളം വരുന്ന മണിപ്പുർ ജനത നേരിടുന്ന ജീവിതപ്രതിസന്ധി പരിഹരിക്കാനുതകുന്ന നടപടികളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ബിജെപി അധികാരത്തിൽ വരുംമുന്പ് പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്‌ഘാടനം നടത്തുകമാത്രമാണ് ചെയ്‌തത്; വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ചില കല്ലിടലുകളും നടത്തി.
മുന്നൂറോളംപേർ കൊല്ലപ്പെട്ട കലാപത്തിൽ 60,000ൽപ്പരം ആളുകൾ വീട് നഷ്ടപ്പെട്ട് ആഭ്യന്തര അഭയാർഥികളായി നരകിക്കുകയാണ്. ദുരിതാശ്വാസകേന്ദ്രങ്ങളിൽ ദയനീയാവസ്ഥയിൽ നാളുകൾ കഴിച്ചുകൂട്ടുന്നവരെയോ കൊല്ലപ്പെട്ടവരുടെ ഉറ്റവരെയോ സന്ദർശിക്കാനോ സമാധാന പുനഃസ്ഥാപന കൂടിയാലോചനകൾക്ക് തുടക്കമിടാനോ മോദി തയ്യാറായില്ല. മണിപ്പുരിനെ ഇതരസംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത രണ്ട് മോദിയുടെ സന്ദർശനത്തിനുമുന്നോടിയായി തുറന്നുകൊടുത്തിരുന്നു. അതേസമയം, ഇംഫാൽ താഴ്‌വരയിലേക്ക് വരാൻ കുക്കി വംശജർക്കോ പർവതമേഖലകളിൽ കാലുകുത്താൻ മെയ്‌ത്തീ വിഭാഗത്തിനോ ആത്മവിശ്വാസം ഇനിയും അകലെയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ ചുരാചന്ദ്‌പുർ ജില്ലയിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടിയത് മണിപ്പുരിൽ നിലനിൽക്കുന്ന സ്ഥിതിയുടെ ലക്ഷണം മാത്രമാണ്. തീവ്രവാദസംഘടനകൾ പൊലീസിന്റെ ആയുധശാലകളിൽനിന്ന് കൊള്ളയടിച്ച ആയിരക്കണക്കിന് തോക്കുകളിൽ ഭൂരിഭാഗവും തിരിച്ചുപിടിക്കാൻ കഴിയാത്തത് വലിയ ചോദ്യചിഹ്നമായി തുടരുന്നു.
സമാധാനം പുനഃസ്ഥാപിക്കാൻ മണിപ്പുരിലെ രാഷ്‌ട്രീയപാർടികളുമായി ചർച്ചകൾ നടത്തേണ്ടത് അനിവാര്യമാണ്. പൗരസമൂഹസംഘടനകളും ഇംഫാലിൽ സജീവമാണ്. ഇവരെയൊക്കെ വിശ്വാസത്തിലെടുത്ത് രാഷ്‌ട്രീയപ്രക്രിയക്ക് വഴിയൊരുക്കാതെ സങ്കുചിത അജൻഡയുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കോൺഗ്രസുകാരെ അടർത്തിയെടുത്താണ് മണിപ്പുരിൽ ബിജെപി ഭരണം പിടിച്ചത്. മുൻ കോൺഗ്രസുകാരനായ എൻ ബിരേൻസിങ് ബിജെപിയുടെ മുഖ്യമന്ത്രിയായി മാറുകയും കലാപകാലത്ത് പൂർണനിഷ്‌ക്രിയത്വം പാലിക്കുകയും ചെയ്‌തു. കലാപം ആളിക്കത്തിക്കുന്ന നിലപാടാണ് ബിരേൻസിങ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കുന്ന സംഭാഷണങ്ങളുടെ ശബ്ദരേഖകളും പുറത്തുവരികയുണ്ടായി. ബിരേൻസിങ്ങിനെ പരമാവധി സംരക്ഷിക്കാൻ ശ്രമിച്ച കേന്ദ്രസർക്കാർ ഇക്കൊല്ലം ഫെബ്രുവരിയിലാണ് അദ്ദേഹത്തോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടത്. ഫെബ്രുവരി 13ന് രാഷ്‌ട്രപതിഭരണത്തിലായ സംസ്ഥാനത്ത് ജനങ്ങളുടെ ഐക്യം വീണ്ടെടുക്കാൻ ക്രിയാത്മകനീക്കങ്ങളൊന്നും ഉണ്ടാകാത്തത് തികച്ചും ദൗർഭാഗ്യകരമാണ്.
വ്യത്യസ്‌ത ജനവിഭാഗങ്ങൾക്കിടയിൽ സ്‌പർധ പടർത്തുന്ന വിദ്വേഷപ്രചാരണം ബിജെപി അധികാരമേറ്റശേഷം മണിപ്പുരിൽ വിപുലമായ തോതിൽ നടന്നിട്ടുണ്ട്. മേഖലയിലെ ഏറ്റവും പ്രധാന സംസ്ഥാനമായ അസമിലും ഇതേ സാഹചര്യമാണ്. മിക്ക വിഷയങ്ങളിലും അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയുടെ നിലപാടുകളും പ്രഖ്യാപനങ്ങളും വർഗീയധ്രുവീകരണം വളർത്താൻ ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം നിലനിൽക്കുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി അസമിൽ നടത്തിയ പ്രസ്‌താവനയും ഇതേ സ്വഭാവത്തിലുള്ളതാണ്. രാജ്യത്തിന്റെ അതിർത്തിമേഖലകളിലെ ജനസംഖ്യാഘടന അട്ടിമറിക്കാൻ നടക്കുന്ന ഗൂഢാലോചന തകർക്കാൻ കേന്ദ്രസർക്കാർ ദൗത്യം നടപ്പാക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം. രാജ്യത്തേക്ക് വൻതോതിൽ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടെന്നും അവരിൽനിന്ന് നാടിനെ രക്ഷിക്കേണ്ടതുണ്ടെന്നും പറയുന്ന പ്രധാനമന്ത്രി, ഇക്കാര്യത്തിൽ ആധികാരികമായ കണക്കൊന്നും പുറത്തുവിട്ടില്ല. മുൻകാല സർക്കാരുകളെ കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രി, തന്റെ ഭരണകാലത്ത് ചെയ്‌ത കാര്യങ്ങൾ വിശദീകരിക്കാൻ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം, അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കേണ്ട അസമിൽ ബിജെപിക്ക് രാഷ്‌ട്രീയമുതലെടുപ്പിനുള്ള വിഷയം ഇട്ടുകൊടുക്കുകമാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് കരുതേണ്ടിവരും. രാജ്യത്തിനാകെ ആപൽക്കരമാണ് ഇൗ ശൈലി.









0 comments