Deshabhimani

മരണവ്യാപാരികളുടെ ആഭാസനൃത്തം

media fake news on kerala health department
വെബ് ഡെസ്ക്

Published on Jul 05, 2025, 12:00 AM | 2 min read


കോട്ടയം മെഡിക്കൽ കോളേജിന്റെ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം തകർന്നുവീണ്‌ വൈക്കം തലയോലപ്പറമ്പ്‌ സ്വദേശിയായ ബിന്ദു എന്ന അമ്പത്തിനാലുകാരിയുടെ അതിദാരുണ മരണം നാടിന്റെയാകെ തീരാനോവായി. ന്യൂറോ സർജറി വിഭാഗത്തിൽ ശസ്‌ത്രക്രിയക്ക്‌ പ്രവേശിപ്പിച്ച മകൾക്ക്‌ കൂട്ടിരിക്കാനെത്തിയതായിരുന്നു ആ അമ്മ. മനുഷ്യജീവനും ആരോഗ്യവും വിലമതിക്കാനാകാത്തതാണെന്ന ബോധ്യത്തോടെ അവ സംരക്ഷിക്കുന്നതിനായി കൈമെയ്‌ മറന്ന്‌ പ്രവർത്തിക്കുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു മരണത്തെ മാധ്യമങ്ങൾ പെരുപ്പിച്ച്‌ കാണിക്കും, പ്രതിപക്ഷം അത്‌ മുതലെടുക്കുകയും ചെയ്യും.


തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ആവശ്യത്തിന്‌ ഉപകരണങ്ങളില്ലെന്ന തരത്തിൽ വകുപ്പു മേധാവി ഡോ. ഹാരിസ്‌ ചിറക്കൽ കുറിച്ച ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ ചുവടുപിടിച്ച്‌ മുഖ്യധാരാ മാധ്യമങ്ങൾ സംഘടിതമായി നടത്തുന്ന പ്രചണ്ഡമായ പ്രചാരണഘോഷങ്ങൾക്കിടെയാണ്‌ ഒരു സ്‌ത്രീയുടെ മരണത്തിനിടയാക്കിയ ദുരന്തം. കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന്‌ വരുത്തിത്തീർക്കാനുള്ള പ്രചാരണത്തിന്‌ തീവ്രതയേറ്റാനും അതിന്റെ പേരിൽ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങൾക്ക്‌ വീര്യമേറ്റാനും ഈ അപകടം കാരണമായി എന്നത്‌ നിസ്‌തർക്കമായ കാര്യം.


ഈ സംഭവത്തെതുടർന്ന്‌ മാധ്യമപിന്തുണയോടെ അരങ്ങേറുന്ന രാഷ്‌ട്രീയ നാടകങ്ങൾ ശ്രദ്ധിച്ചാൽ, ഒമ്പതു വർഷംമുമ്പ്‌ ഭരണം നഷ്‌ടപ്പെട്ടത്‌ ഇനിയും അംഗീകരിക്കാൻ കഴിയാത്ത അധികാരദുർമോഹികളുടെ ഗൂഢശ്രമങ്ങൾ കാണാം. പ്രധാനമായും രണ്ട്‌ ലക്ഷ്യമാണ്‌ ബഹളങ്ങൾക്ക്‌ പിന്നിലുള്ളത്‌. ഒന്ന്‌, കേരളത്തിലെ ആരോഗ്യരംഗം തകർന്നെന്ന്‌ വരുത്തിത്തീർത്ത്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുക. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരനാടകങ്ങൾക്കു പിന്നിൽ മറ്റൊരു ഗൂഢാലോചനകൂടിയുണ്ട്‌. സൗജന്യ ചികിത്സ നൽകുന്ന ഇത്തരം ആതുരാലയങ്ങളെ തകർത്ത്‌ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധുമനുഷ്യരെ എറിഞ്ഞുകൊടുക്കുകയെന്ന മനുഷ്യത്വഹീനമായ ലക്ഷ്യം. കേരളത്തിലെ ആരോഗ്യമേഖലയെ അധിക്ഷേപിച്ചും സ്വകാര്യ ആശുപത്രികളെ വാഴ്‌ത്തിയും മലയാള മനോരമ നൽകിയ വാർത്തയിലെ ഈ വരികൾ ഒന്നു ശ്രദ്ധിക്കൂ:


‘‘താക്കോൽ ദ്വാര ശസ്‌ത്രക്രിയയുടെ വിപുല സാധ്യതകൾ സ്വകാര്യ ആശുപത്രികൾ പ്രയോജനപ്പെടുത്തുന്നുണ്ട്‌. പക്ഷേ, മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക്‌ ഈ ചികിത്സ നൽകാനുള്ള ധൈര്യം ഡോക്‌ടർമാർക്കില്ല.’’


ശതകോടികൾ നിക്ഷേപമുള്ള പഞ്ചനക്ഷത്ര ആശുപത്രികളുടെ അച്ചാരം വാങ്ങിയല്ലാതെ സർക്കാർ ആശുപത്രികൾക്കെതിരെ ഇങ്ങനെയൊരു വാർത്ത എഴുതാനാകില്ല.


കേരളത്തിലെ ആരോഗ്യരംഗം പാശ്ചാത്യ വികസിത സമ്പദ്‌ഘടനകളോടാണ്‌ മത്സരിക്കുന്നതെന്ന കാര്യത്തിൽ സംശയമേതുമില്ല. അത്‌ കേരളത്തിലെ സർക്കാരിന്റെ അവകാശവാദവുമല്ല, മറിച്ച്‌ നിതി ആയോഗ്‌ വ്യക്തമാക്കിയതാണ്‌. ജനങ്ങളുടെ ആരോഗ്യനിലവാരം, ആരോഗ്യമേഖലയുടെ നടത്തിപ്പ്‌, ആരോഗ്യമേഖലയിലെ സേവനങ്ങളും സൗകര്യങ്ങളും എന്നിവ കണക്കിലെടുക്കുന്ന 24 ഘടകങ്ങൾ പരിഗണിച്ചാണ് സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലകളുടെ റാങ്കിങ്. അതിൽ കേരളം രാജ്യത്തെ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ബഹുദൂരം മുന്നിലാണ്‌. കേരളം ഇപ്പോൾ എത്തിപ്പിടിച്ച ഉയരത്തിലെത്താൻ പതിറ്റാണ്ടുകൾ പിന്നിട്ടാലും മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കഴിയില്ലെന്ന്‌ വ്യക്തം. ഹൃദയമാറ്റ ശസ്‌ത്രക്രിയകൾവരെ സൗജന്യമായി ചെയ്യുന്ന സർക്കാർ ആശുപത്രികളാണ്‌ കേരളത്തിലുള്ളതെന്ന വസ്‌തുത മറച്ചുവച്ചാണ്‌ ഈ ദുഷ്‌പ്രചാരണമെല്ലാം.


കോട്ടയം സംഭവത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും എന്തെല്ലാം നെറികെട്ട ആക്ഷേപങ്ങളാണ്‌ നിരത്തുന്നത്‌. രക്ഷാപ്രവർത്തനം വൈകി, അവശിഷ്‌ടങ്ങൾക്കിടയിൽ ആരുമില്ലെന്ന്‌ മന്ത്രിമാർ പറഞ്ഞതാണ്‌ മരണകാരണം എന്നിങ്ങനെ മാധ്യമങ്ങൾ ഒരു ഉത്തരവാദിത്വവുമില്ലാതെ എറിഞ്ഞുകൊടുക്കുന്ന വാർത്തകൾ ഏറ്റെടുത്ത്‌ സമരം നടത്താനും വഴി സ്‌തംഭിപ്പിക്കാനും ആംബുലൻസ്‌ തടയാനും കോൺഗ്രസിന്റെ മുൻമന്ത്രിയും എംഎൽഎമാരുമടക്കം രംഗത്തുവന്നു. മന്ത്രി വീണാ ജോർജിന്റെ ചോരയ്‌ക്കായി ദാഹിക്കുന്ന മാധ്യമക്കൂട്ടങ്ങളോടും പ്രതിപക്ഷ നേതാക്കളോടും ഒന്നു പറയട്ടെ, ഇത്തരം ഭീഷണികൊണ്ടും സമരാഭാസംകൊണ്ടുമൊന്നും തകർക്കാനാകില്ല, എൽഡിഎഫ്‌ സർക്കാരുകൾ പൊതുജനാരോഗ്യ മേഖലയിൽ ഒമ്പതു വർഷംകൊണ്ട്‌ നേടിയ നേട്ടങ്ങളെ. ഒറ്റപ്പെട്ട സംഭവം മുൻനിർത്തി കേരളത്തിന്റെ വിശ്രുതമായ പൊതുജനാരോഗ്യ മേഖലയെ താറടിക്കാനുള്ള മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുകതന്നെ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home