എൽഡിഎഫ്‌ സർക്കാർ 
മലയോര ജനതയ്ക്കൊപ്പം

ldf government
വെബ് ഡെസ്ക്

Published on May 30, 2025, 12:00 AM | 2 min read


കേരളത്തിന്റെ വനമേഖലയിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും കൃഷിക്കും വന്യജീവി ആക്രമണം വരുത്തിവയ്ക്കുന്ന നാശനഷ്ടം താങ്ങാനാകാത്തതാണ്‌. മലയോര ജനതയ്‌ക്കിടയിൽ ഇത്‌ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ. ഒമ്പത്‌ വർഷത്തിനിടയിൽ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്‌. ഇതിന്റെ തുടർച്ചയാണ്‌ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന്‌ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാൻ തീരുമാനിച്ചത്‌. കാട്ടുപന്നികളെ കൂടാതെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ്‌ വന്യജീവികളെയും കൊല്ലാൻ അനുമതി നൽകണമെന്നാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെടുന്നത്‌. നിയമവകുപ്പുമായി കൂടിയാലോചിച്ച്‌ ഇക്കാര്യത്തിൽ ആവശ്യമായ നിയമനിർമാണത്തിനുള്ള നിർദേശം സമർപ്പിക്കാൻ വനംവകുപ്പ്‌ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു.


കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാനുള്ള വൈൽഡ്‌ലൈഫ്‌ വാർഡനിൽ നിക്ഷിപ്‌തമായ അധികാരം ഓണററി വൈൽഡ്‌ ലൈഫ്‌ വാർഡന്‌ അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‌ കൈമാറാനുള്ള മാർഗനിർദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക്‌ ദീർഘിപ്പിക്കാനും തീരുമാനിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട്‌ 2024 ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിലൊന്നും സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്രം തയ്യാറായില്ല. കേരളത്തിലെ യുഡിഎഫ്‌ എംപിമാരും ഇക്കാര്യത്തിൽ ഇടപെട്ടില്ല. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി നടപടി സ്വീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ട എംപിമാർ ഇതിന്‌ തയ്യാറാകാതെ എപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ്‌ ശ്രമിക്കുന്നത്‌.


വന്യജീവി ആക്രമണങ്ങളുടെ പേരിൽ പ്രതിപക്ഷവും ചില മാധ്യമങ്ങളും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുന്നതിനിടയിലാണ്‌ സർക്കാരിന്റെ സുപ്രധാന തീരുമാനം. വന്യജീവി ആക്രമണങ്ങൾ തടയാനുള്ള ശാശ്വത പരിഹാരമാർഗമായാണ്‌ നാട്ടിലിറങ്ങുന്ന അപകടകാരികളായ വന്യജീവികളെ കൊല്ലാനുള്ള അനുമതി തേടുന്നത്. മലയോര നിവാസികളുടെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച്‌ അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പുവരുത്തുന്നതിൽ എൽഡിഎഫ്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ വിവിധ നടപടികളിലൂടെ തെളിയിച്ചിട്ടുണ്ട്‌. കർഷകരുടെയും മലയോരമേഖലയിലെ ജനങ്ങളുടെയും താൽപ്പര്യത്തിനെതിരായതോ അവരെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയിലാക്കുന്നതോ ആയ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.


വർധിച്ചുവരുന്ന വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നത് തടയാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്‌. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ ഒരുപാട്‌ പരിമിതികളുണ്ട്‌. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് കോൺഗ്രസ്‌ സർക്കാർ നടപ്പാക്കിയ 1972ലെ കേന്ദ്രനിയമമാണ്‌. നിയമത്തിൽ ഒരു ഇളവും നൽകാൻ സംസ്ഥാന സർക്കാരിന്‌ സാധിക്കില്ല. ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻപോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. കേന്ദ്ര മാർഗനിർദേശങ്ങളാണ്‌ ഇതിന് തടസ്സം.


വന്യമൃഗ– -മനുഷ്യ സംഘർഷം പലതലങ്ങളിൽ കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌. ജനങ്ങളുടെ ആശങ്കയ്‌ക്കൊപ്പംനിന്ന്‌ മനുഷ്യരുടെ ജീവനും ജീവിതവും സ്വത്തും സംരക്ഷിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ മുൻഗണന നൽകുന്നത്‌. -2022ൽ കേരളം തയ്യാറാക്കി സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതികളിൽ ഒന്നുപോലും അംഗീകരിക്കാത്ത കേന്ദ്രം മലയോരജനതയോട്‌ ക്രൂരത കാട്ടുന്നു. പ്രായോഗികവും സംയോജിതവുമായ സമീപനത്തിലൂടെ വന്യമൃഗ–- മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശം ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ, വനം ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരിൽനിന്ന്‌ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതി തയ്യാറാക്കിയത്‌.


പലതവണ കേന്ദ്രത്തോട്‌ പദ്ധതി അംഗീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും അനുകൂല നിലപാടുണ്ടായില്ല. ഇന്ത്യയിൽ വനമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം വന്യജീവി ആക്രമണം നടക്കുന്നുണ്ട്. പലയിടത്തും കേരളത്തേക്കാൾ രൂക്ഷവുമാണ്. എന്നാൽ, കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള കള്ളപ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. വന്യജീവി ആക്രമണത്തിൽ ജീവിതം തകർന്ന് കൃഷിനാശത്തിൽ കഷ്ടപ്പെടുന്ന മലയോരകർഷകർക്ക് ആശ്വാസ നടപടിയുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിനെ ഇകഴ്‌ത്താനുള്ള ആസൂത്രിത ശ്രമമാണ് ഇതിനുപിന്നിൽ.



deshabhimani section

Related News

View More
0 comments
Sort by

Home