ജീവന്‌ സുരക്ഷയില്ലാത്ത മഹാമേള

editorial today
വെബ് ഡെസ്ക്

Published on Feb 01, 2025, 12:02 AM | 2 min read

ക്രമാത്മക ഹിന്ദുത്വത്തെ വിശ്വാസത്തിന്റെ മുഖംമൂടിയണിയിച്ച്‌ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ കവിഞ്ഞ ഒരു സന്ദേശവും കുംഭമേളപോലുള്ള ‘ആത്മീയ ജംബൂരികൾ’ നൽകുന്നില്ല. പ്രയാഗ്‌രാജ്‌ (അലഹാബാദ്‌ എന്നായിരുന്നു പഴയപേര്‌) എന്ന ഉത്തർപ്രദേശ്‌ നഗരത്തിൽ പന്ത്രണ്ട്‌ വർഷത്തിലൊരിക്കൽ നടക്കുന്ന 45 ദിവസം നീളുന്ന മഹാകുംഭമേളയുടെ ലക്ഷ്യവും അതുതന്നെ.

മോദി ഭരണത്തിൽ രാജ്യത്ത്‌ പൊതുവിലും ആദിത്യനാഥ്‌ ഭരണത്തിൽ ഉത്തർപ്രദേശിൽ പ്രത്യേകമായും ശക്തിപ്പെട്ട തീവ്രഹിന്ദുത്വവൽക്കരണത്തിന്റെയും മതോന്മാദത്തിന്റെയും പ്രയോഗ സാധ്യതകൾതന്നെയാണ്‌ കുംഭമേളയിലും പരീക്ഷിക്കപ്പെടുന്നത്‌. എന്നാൽ, അവിടെ ഒത്തുചേരുന്ന സാധാരണ വിശ്വാസികൾക്ക്‌ അവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ യുപി സർക്കാരും കേന്ദ്രസർക്കാരും ജാഗ്രത കാണിക്കുന്നുണ്ടോ. അതിൽ വരുത്തിയ മാപ്പർഹിക്കാത്ത വീഴ്‌ചമൂലമാണ്‌ ബുധനാഴ്‌ച നിരവധി മരണങ്ങളുണ്ടായത്‌. രാജ്യം ഭരിക്കുന്ന ബിജെപി നേതാക്കളുടെ പൊങ്ങച്ച പ്രദർശനത്തിനും മതത്തിന്റെയും വിശ്വാസത്തിന്റെയും കോർപറേറ്റ്‌വൽക്കരണത്തിനും രാഷ്‌ട്രീയമുതലെടുപ്പിനും നൽകേണ്ടിവന്ന വിലയാണ്‌ കുംഭമേള നഗരിയിലെ കൂട്ടമരണം.

ജനുവരി 28ന്‌ മൗനി അമാവാസി നാളിൽ പുലർച്ചെ അമൃത്‌ സ്‌നാൻ (നേരത്തേ ഈ ചടങ്ങിന്‌ ഷാഹി സ്‌നാൻ എന്നായിരുന്നു പേര്‌) എന്ന വിശിഷ്‌ടമായി കരുതപ്പെടുന്ന അനുഷ്‌ഠാനത്തിനിടെയായിരുന്നു ദുരന്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും കുംഭമേള നഗരിയിലെത്തുന്ന സാധാരണ വിശ്വാസികളെ അവഗണിച്ച്‌ വിഐപി, വിവിഐപി ശ്രേണിയിൽപ്പെടുന്നവരെമാത്രം പരിഗണിച്ചതിന്റെ തിക്തഫലംകൂടിയാണ്‌ തിക്കിലും തിരക്കിലുംപെട്ടുള്ള കൂട്ടമരണം. മുപ്പതുപേർ മരിച്ചെന്നും അറുപതു പേർക്ക്‌ പരിക്കേറ്റെന്നുമാണ്‌ യുപി സർക്കാരിന്റെ ഔദ്യോഗിക കണക്ക്‌. മരണസംഖ്യ അതിലുമെത്രയോ അധികമാണെന്ന്‌ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ. ദുരന്തം നടന്ന സംഗം പ്രദേശത്തുനിന്ന്‌ ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി എടുത്തുമാറ്റപ്പെട്ട വസ്‌ത്രങ്ങളുടെയും ചെരുപ്പുകളുടെയും മറ്റവശിഷ്‌ടങ്ങളുടെയും ബാഹുല്യം ഭയാനകമാണ്‌. കാണാതായവരുടെയും മരണപ്പെട്ടവരുടെയും യഥാർഥ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ.

സന്ന്യാസി സമൂഹങ്ങളായ അഖാഡകൾക്കാണ്‌ അനുഷ്‌ഠാനങ്ങളുടെ നേതൃത്വമെങ്കിലും ഇത്തവണ ബിജെപി നേതാക്കൾ സ്‌നാൻ ചടങ്ങുകളിൽ പങ്കെടുത്ത്‌ അഖാഡകളെ അപ്രസക്തമാക്കി. വിദേശത്തുനിന്ന്‌ ചാനൽസംഘങ്ങളെ എത്തിച്ച്‌ ഇന്ത്യയിലെ ‘ഹിന്ദുമഹാശക്തി’യുടെ പെരുമ കാണിക്കാൻ ശ്രമിച്ചപ്പോൾ അധികൃതർ സാധാരണ മനുഷ്യരുടെ സുരക്ഷ പാടെ മറന്നു. ബിജെപി നേതാക്കൾക്ക്‌ അതിനേക്കാൾ പ്രധാനം സ്‌നാൻഘട്ടുകളിലെ ഫോട്ടോഷൂട്ടുകളായിരുന്നു. സംഗമസ്ഥാനത്ത്‌ തിരക്ക്‌ നിയന്ത്രിക്കാനുണ്ടായിരുന്നത്‌ എട്ട്‌ പൊലീസുകാർ മാത്രമാണെന്ന വാർത്തകളും ഞെട്ടലുളവാക്കുന്നതാണ്‌.

ദുരന്തത്തെ തുടർന്ന് ഉറ്റവരെ കണ്ടെത്താൻ എത്രയോ മനുഷ്യർ അലയുന്നുണ്ട്‌. ഇരുപതും മുപ്പതും മണിക്കൂറുകൾ റോഡിൽ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്‌ പതിനായിരങ്ങൾ‌. ഹൈവേകളിൽ ബസുകളുടെയും വാഹനങ്ങളുടെയും നീണ്ട നിരയാണ്‌. ഭക്ഷണവും വെള്ളവും കിട്ടാതെ വിശ്വാസികൾ നരകിക്കുമ്പോൾ ഈ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കേന്ദ്ര–- സംസ്ഥാന സർക്കാർ കൈമലർത്തുകയാണ്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ഉത്തർപ്രദേശ്‌ സർക്കാർ മൂന്നംഗ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടുണ്ട്‌. റിട്ട. ജസ്‌റ്റിസ്‌ ഹർഷ്‌കുമാറിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ചുമതലയേറ്റ്‌ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു മാസത്തിനകം കമീഷൻ റിപ്പോർട്ട്‌ സമർപ്പിക്കുന്നതോടെ ദുരന്തത്തിന്റെ തീവ്രത ലോകത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുമെന്ന്‌ പ്രതീക്ഷിക്കാം. ദുരന്തത്തിന്‌ കാരണക്കാരായ രാഷ്‌ട്രീയ–- ഉദ്യോഗസ്ഥ നേതൃത്വത്തിനെതിരെ എന്തു നടപടി സ്വീകരിച്ചെന്ന്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സനാതനഹിന്ദുമതം ശത്രുപക്ഷത്തുനിർത്തുന്ന ‘വൈദേശിക മത’ങ്ങളിൽനിന്നും ‘വൈദേശിക രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രങ്ങളിൽ’നിന്നുമുള്ള ‘വെല്ലുവിളികൾ’ പ്രതിരോധിക്കാൻ പരിശീലനം സിദ്ധിച്ച സായുധ സന്ന്യാസിമാരെ തങ്ങളുടെ ദൗത്യത്തിനായി നിയോഗിക്കുന്ന ചടങ്ങാണ്‌ കുംഭമേളയിൽ പ്രധാനം. ഇതിനായി ശതകോടികളാണ്‌ സർക്കാരുകൾ ചെലവിടുന്നത്‌. പ്രത്യേക ട്രെയിനുകൾ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ ഏർപ്പാടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും പര്യാപ്‌തമാകുന്നില്ല. കുംഭമേളനഗരിക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തത്ര ജനങ്ങൾ എത്തുമ്പോൾ തിരക്ക്‌ നിയന്ത്രിക്കാൻ സംവിധാനങ്ങളുമില്ല. താൽക്കാലിക പാലങ്ങൾ വിവിഐപികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയതും ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടി. അതുകൊണ്ടുതന്നെ ഈ ദുരന്തത്തിൽ ഒന്നാം പ്രതി കേന്ദ്ര–- സംസ്ഥാന സർക്കാരുകളെ നയിക്കുന്ന ബിജെപി നേതൃത്വംതന്നെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home