ഉപരാഷ്ട്രപതിയുടെ രാജിയും മോദി സർക്കാരിന്റെ മൗനവും

പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയ ദിവസംതന്നെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ പൊടുന്നനെ രാജിവച്ചത് വിവാദമായിരിക്കുകയാണ്. "ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതിനാലും മെഡിക്കൽ വിദഗ്‌ധരുടെ ഉപദേശം മാനിച്ചും' അടിയന്തരമായി രാജിവയ്‌ക്കുന്നുവെന്നായിരുന്നു വിശദീകരണം. ഭരണഘടനയുടെ 67(എ) പ്രകാരം കൈമാറിയ രാജിക്കത്ത് രാഷ്‌ട്രപതി ഉടൻതന്നെ അംഗീകരിക്കുകയും ചെയ്‌തു. രാജ്യസഭാ അധ്യക്ഷനെന്ന രീതിയിൽ ഭരണപക്ഷത്തെ പ്രീതിപ്പെടുത്തുന്നതിൽ ഇത്രയും നാണംകെട്ട നിലപാട് സ്വീകരിച്ച മറ്റൊരു ഉപരാഷ്ട്രപതി ഉണ്ടായിട്ടില്ല. ഭരണപക്ഷത്തിന്റെ നാവായി മാറിയ ധൻഖറിനെതിരെ കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷം കുറ്റവിചാരണ പ്രമേയം കൊണ്ടുന്നു. ഭരണപക്ഷത്തോട് ഇത്രയും കൂറുപുലർത്തിയയാൾ പൊടുന്നനെ രാജിവച്ചതാണോ അതോ ബിജെപി പുകച്ച് പുറത്തുചാടിച്ചതാണോ എന്ന കാര്യം ദുരൂഹമാണ്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പരമാവധി ഉപയോഗിച്ചശേഷം അല്ലെങ്കിൽ കാര്യംകഴിഞ്ഞപ്പോൾ ധൻഖറിനെ അപമാനിച്ചു പുറത്താക്കുകയായിരുന്നു. പാർലമെന്റും രാഷ്ട്രീയ ഭരണനേതൃത്വവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് സുപ്രധാന ചോദ്യങ്ങളാണ് ഈ രാജി ഉയർത്തിയിരിക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിൽ രാഷ്ട്രീയലക്ഷ്യങ്ങളോടെ സ്ഥാനാർഥിയാക്കുന്നത് ബിജെപി പതിവാക്കിയിട്ടുണ്ട്. ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉപരാഷ്ട്രപതി പദവിയിലേക്ക് തങ്ങൾക്ക് രാഷ്ട്രീയഗുണമുണ്ടാക്കുന്ന രീതിയിലുള്ള സ്ഥാനാർഥിയെ കണ്ടെത്താനാണ് മോദി സർക്കാർ കരുക്കൾ നീക്കുന്നത്. കർഷകപ്രക്ഷോഭത്തെ തുടർന്ന് ഇടഞ്ഞുനിന്ന ജാട്ട് വിഭാഗത്തെ അനുനയിപ്പിക്കാനായിരുന്നു പശ്‌ചിമബംഗാൾ ഗവർണായിരുന്ന ധൻഖറിനെ കേന്ദ്രസർക്കാർ 2022ൽ ഉപരാഷ്ട്രപതിയാക്കിയത്. ‘കിസാൻ പുത്ര’ (കർഷകന്റെ മകൻ) എന്ന പേരിലാണ് ബിജെപി ധൻഖറിനെ അവതരിപ്പിച്ചത്. ഉപരാഷ്ട്രപതിയായതിനുശേഷവും താൻ ജാട്ട് വിഭാഗക്കാരനാണെന്നും കർഷകനാണെന്നും ധൻഖർ ആവർത്തിച്ച് പ്രഖ്യാപിച്ചു. ജാട്ട് സ്വാധീനമുള്ള രാജസ്ഥാൻ, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇത് പ്രധാന പ്രചാരണ വിഷയമാക്കി. ജാട്ട് വിഭാഗത്തെ ഉപയോഗിച്ച് രാഷ്ട്രീയലക്ഷ്യം നേടിയതോടെ കേന്ദ്രസർക്കാരും ബിജെപിയും ധൻഖറിനെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞുവെന്ന വികാരം ഉത്തരേന്ത്യയിൽ ഉയരുന്നുണ്ട്. ഭരണത്തിൽ പങ്കാളത്തംതേടി ബിജെപിയിൽ വിലയം പ്രാപിച്ച പ്രാദേശിക കക്ഷികളും പ്രമുഖ നേതാക്കളും അനുഭവിച്ച അപമാനം തന്നെയാണ് ധൻഖറും നേരിട്ടത്. ബിജെപിയുടെ ഭാഗമായിട്ടുള്ള പലർക്കും ധൻഖർ നൽകുന്നത് ഒരു മുന്നറിയിപ്പാണ്. ജനതാദളിലും കോൺഗ്രസിലും പ്രവർത്തിച്ച ധൻഖർ 2008 ലാണ് ബിജെപിയിൽ ചേക്കേറിയത്. പശ്ചിമബംഗാൾ ഗവർണർ, ഉപരാഷ്ട്രപതി, രാജ്യസഭാ അധ്യക്ഷൻ എന്നീ നിലകളിലുള്ള ധൻഖറുടെ പ്രകടനം തികച്ചും ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധവും വിവാദങ്ങൾ സൃഷ്ടിച്ചതുമായിരുന്നു.
ഉപരാഷ്‌ട്രപതിയായതുമുതൽ നിരവധി വിവാദ പ്രസ്‌താവനകൾ നടത്തി. രാജ്യസഭയിൽ പച്ചയായ രാഷ്ട്രീയം കളിച്ചുവെന്നുമാത്രമല്ല, ജുഡീഷ്യറിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചു. ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് ഗവർണർമാർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധിക്കെതിരെ ധൻഖർ പരസ്യമായി രംഗത്തുവന്നു. ജഡ്‌ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിലവിലുള്ള രീതി മാറ്റണമെന്നും സർക്കാരിന് നിയന്ത്രണമുള്ള സമിതികൾ വേണമെന്നും വാദിച്ചു. പാർലമെന്റാണ് പരമോന്നത വേദിയെന്നും പാർലമെന്റ് പാസാക്കുന്ന നിയമങ്ങളെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ പാടില്ലെന്നും രാജ്യസഭയിലും പുറത്തും നിലപാടെടുത്തു. ഭരണഘടനയുമായി ബന്ധപ്പെട്ട് ആർഎസ്‌എസ് സ്വീകരിച്ചിരുന്ന അതേ നിലപാടാണ് ധൻഖർ ഇടയ്‌ക്കിടെ പരസ്യമായി പ്രഖ്യാപിച്ചത്.
ബിജെപിയുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് യോജിക്കാത്തവിധം വിവാദ ജസ്റ്റിസ് യശ്വന്ത് വർമയെ തൽസ്ഥാനത്തുനിന്നും നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നോട്ടീസ് തിങ്കളാഴ്‌ച അംഗീകരിച്ചത് സർക്കാരും ഉപരാഷ്ട്രപതിയുംതമ്മിൽ തർക്കത്തിന് കാരണമായെന്നും ഇതാണ് രാജിയിലേക്ക് നയിച്ചതെന്നും പറയുന്നുണ്ട്. ഇതിനപ്പുറം ബിജെപിയുടെ അകത്തളങ്ങളിൽ ഉടലെടുക്കുന്ന അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് രാജിയെന്ന വിലയിരുത്തലുമുണ്ട്. എന്തായാലും ഉപരാഷ്ട്രപതിയുടെ രാജിയിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനും ബിജെപിക്കുമുണ്ട്. ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത ബിജെപിക്ക് ജനങ്ങളിൽനിന്ന് എന്തോ മറച്ചുവയ്‌ക്കാനുണ്ടെന്നാണ് വ്യക്തമാകുന്നത്. ഉന്നത ഭരണഘടനാപദവിയെ ബിജെപി കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യ വിശ്വാസികളെ അസ്വസ്ഥമാക്കുന്നു.
ധൻഖർ എന്ന വ്യക്തി എന്തുമാകട്ടെ അതിലപ്പുറം രാജ്യത്തെ രണ്ടാമത്തെ ഉന്നത ഭരണഘടനാപദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ഉപരാഷ്ട്രപതിയുടെ രാജി സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾക്ക് കേന്ദ്രസർക്കാർ കൃത്യമായ വിശദീകരണം നൽകിയേ മതിയാകൂ.









0 comments