വ്യവസായ വിപ്ലവം

editorial today
വെബ് ഡെസ്ക്

Published on Feb 24, 2025, 12:02 AM | 3 min read

‘കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്ന കവി മൊഴി നവാഹ്ലാദത്തോടെയും ആവേശത്തോടെയും പാടാവുന്ന കാലം. ചോര തിളയ്ക്കുന്നതിനൊപ്പം ഓരോ മലയാളിയുടേയും അഭിമാനം വാനോളം ഉയരുന്ന നാളുകൾ. അതെ, ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കൊച്ചു കേരളം വിശ്വചക്രവാളത്തിൽ ഇതാ തെളിഞ്ഞു നിൽക്കുന്നു. നാടിന്റെ ഭാവിയിൽ, വികസന വഴികളിൽ വ്യക്തമായ വീക്ഷണവും പരിപാടിയുമുള്ള സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മലയാളികളാകെ തൊട്ടറിയുന്നു. കൊച്ചിയിൽ രണ്ടുനാളായി നടന്ന ആഗോള വ്യവസായ നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ മുന്നേറ്റത്തിൽ നാഴികക്കല്ലായി മാറിയത്, വ്യവസായ വികസന ചരിത്രത്തിൽ മാതൃകയായത് എൽഡിഎഫ് സർക്കാരിന്റെ പുതിയ കാൽവയ്പുകളുടെ അർഥപൂർണമായ സാഫല്യമാണ്. കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ യാത്രയുടെ തുടക്കവുമായി ഈ ഉച്ചകോടി. സർക്കാർ മാത്രമല്ല, പ്രതിപക്ഷവും നിക്ഷേപകരും ഉദ്യോഗസ്ഥരുമടക്കം എല്ലാവരും പുരോഗതിക്കായി ഒരുമിച്ച് നിലകൊണ്ടു.

വികസന സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകിക്കൊണ്ട് ഒട്ടാകെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനുള്ള താൽപ്പര്യ പത്രം ഉച്ചകോടിയിൽ ഒപ്പുവച്ചു. 374 കമ്പനികളാണ് സന്നദ്ധത അറിയിച്ചത്. അദാനി ഗ്രൂപ്പ് ( 30,000 കോടി), ഹൈലൈറ്റ് ഗ്രൂപ്പ് ( 10,000 കോടി), ലുലു ഗ്രൂപ്പ് ( 5000 കോടി), ഷറഫ് ഗ്രൂപ്പ് (5000 കോടി), എൻആർജി കോർപറേഷൻസ് ( 3600 കോടി), ചെറി ഹോൾഡിങ്‌സ് ( 4000 കോടി), മലബാർ ഗ്രൂപ്പ് - (3000 കോടി), രവി പിള്ള ഗ്രൂപ്പ് (2000 കോടി ) തുടങ്ങിയ സ്ഥാപനങ്ങൾ നിക്ഷേപം പ്രഖ്യാപിച്ചവയിൽ ഉൾപ്പെടും. 24 ഐടി കമ്പനികൾ പ്രവർത്തനം വിപുലീകരിക്കും. ഇതുവഴി 8500 കോടിയുടെ നിക്ഷേപമുണ്ടാകും. 60000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. താൽപ്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏർപ്പെടുത്തിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. നിക്ഷേപങ്ങൾ യാഥാർഥ്യമാക്കാൻ കാര്യക്ഷമമായ സംവിധാനങ്ങൾ പ്രവർത്തിക്കും.

ദിനസരി കാര്യങ്ങൾക്കപ്പുറം, നയപരിപാടികളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ചുവടുകളാണ് ഓരോ മേഖലയിലും പിണറായി സർക്കാർ മുന്നോട്ടുവച്ചത്. നാടിന്റെയും ജനതയുടെയും നിലനിൽപ്പും ഭാവിയും മുൻനിർത്തിയുള്ള നിലപാടുകൾ. ഇതാകട്ടെ, 1957ൽ അധികാരത്തിൽ വന്ന ഇ എം എസ് സർക്കാർമുതൽ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച സമീപനത്തിന്റെ തുടർച്ചയുമാണ്. വ്യവസായ മേഖലയിൽ വലിയതോതിൽ നിക്ഷേപം കൊണ്ടുവരണമെങ്കിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിക്കണം. നിക്ഷേപ സൗഹൃദ അന്തരീക്ഷം വളർത്തിയെടുക്കണം. ദേശീയപാത വികസനം, റോഡ്, പാലങ്ങൾ, തുറമുഖം എന്നിവയ്‌ക്കെല്ലാം മുൻഗണന നൽകിയത് ഈ കാഴ്ചപ്പാടിൽനിന്നാണ്. പശ്ചാത്തല സൗകര്യ വികസനത്തിന് ആവശ്യമായ പണം കണ്ടെത്താൻ മാമൂൽ വഴികൾ വിട്ടുള്ള അന്വേഷണം ഇതിന്റെ ഭാഗമായിരുന്നു. കിഫ്ബി തന്നെ ഉദാഹരണം.

വ്യവസായവകുപ്പാകട്ടെ, വ്യവസായ മേഖലയുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കുകയും അവ വിശകലനം ചെയ്ത് പരിഹരിക്കാൻ കൃത്യമായ മാർഗരേഖ തയ്യാറാക്കുകയും ചെയ്തു. കേരളത്തിലെ മനുഷ്യർക്കും വിഭവ സഞ്ചയത്തിനും പറ്റിയ മേഖലകൾ കണ്ടെത്തി. ഓരോ വ്യവസായത്തിനും ആവശ്യമായ അസംസ്കൃത വിഭവങ്ങൾ, മൂലധനം, വൈദ്യുതി, ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ, പ്രത്യക്ഷവും പരോക്ഷവുമായി സൃഷ്ടിക്കാൻ കഴിയുന്ന തൊഴിൽ എന്നിവയെല്ലാം സമഗ്രമായി വിലയിരുത്തി. സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങൾക്ക് മുൻഗണന നൽകി. ചുരുക്കിപ്പറഞ്ഞാൽ നാടിന് അനുയോജ്യമായ വ്യവസായങ്ങൾ ഏതൊക്കെയെന്ന് തീർച്ചപ്പെടുത്തി. ഇതോടെ, അറിവും അനുഭവവും പ്രതിഭയും സർഗശേഷിയും സമന്വയിപ്പിച്ച് വ്യവസായ വളർച്ച സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പരിപാടികൾ ആവിഷ്കരിച്ചു.

എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ വ്യവസായ വകുപ്പ് നടത്തിയ നൂതനമായ ഇടപെടലുകൾ അഭൂതപൂർവമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. അങ്ങനെ നാട്ടിൽ വ്യവസായ സൗഹൃദാന്തരീക്ഷം, സ്റ്റാർട്ടപ്പുകളുടെ വളർച്ച, ഈസ് ഓഫ് ഡൂയിങ് ബിസിനസ്, ചുവപ്പു നാടകളുടെ കുരുക്കിൽപ്പെടാതെ നിമിഷ വേഗംകൊണ്ട് വ്യവസായം തുടങ്ങാൻ കഴിയുന്ന സാഹചര്യം എന്നിവയൊക്കെ രൂപപ്പെടുത്തി. ഇതിന്റെ തുടർച്ചയാണ്, വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, നാനോ സാങ്കേതിക വിദ്യ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, ടൂറിസംപോലുള്ള സേവനപ്രധാന വ്യവസായങ്ങൾ തുടങ്ങിയ രംഗങ്ങളിലെ പുതു ചലനങ്ങൾ.

ഇന്ത്യയും ലോകമാകെയും കേരളത്തിലെ ഈ സാധ്യതകൾ തിരിച്ചറിയുന്നു. ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിലടക്കം കേരളത്തെ എല്ലാവരും ശ്രദ്ധിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമത്തിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ പ്രഖ്യാപനങ്ങളുണ്ടായത്. ഈ വിജയഗാഥയിലൂടെ കേരളം വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ്. നമ്മുടെ വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home