സമാധാനം പുലരട്ടെ

സംഘർഷ ഭൂമികളിൽ മനുഷ്യസ്‌നേഹികളായ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട വാക്ക്, എല്ലാവരുടെയും ഏകവിചാരം സമാധാനം എന്നതാണ്. എന്താണ് വരാൻ പോകുന്നതെന്ന ആശങ്കയുടെ മുൾമുനയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെ മുഴുവൻ മനുഷ്യസ്‌നേഹികളും. ഒടുവിൽ, ആ ആശങ്കയ്‌ക്ക് താൽക്കാലികമായെങ്കിലും വിരാമമായി. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാലുനാൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തലുണ്ടായിരിക്കുന്നു. രക്തംകൊണ്ടും കണ്ണീരുകൊണ്ടും അശാന്തിയും സംഘർഷവും പടർത്താൻ ശ്രമിക്കുന്ന ഭീകരരും അവരെ പിന്തുണയ്‌ക്കുന്നവരും ഒഴികെ എല്ലാവരും കേൾക്കാൻ കൊതിച്ച പ്രഖ്യാപനം.
രണ്ട് ആണവശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ഭീതിയിലായിരുന്നു ലോകമാകെത്തന്നെയും, ഇരു രാജ്യങ്ങളിലെയും സാധാരണ ജനങ്ങൾ പ്രത്യേകിച്ചും. സമാധാനം ആഗ്രഹിക്കുന്ന മുഴുവനാളുകൾക്കും ആശ്വാസം പകരുന്നതാണ് വെടിനിർത്തൽ പ്രഖ്യാപനം. തീരുമാനം ശനി വൈകിട്ട് പ്രാബല്യത്തിൽ വന്നെങ്കിലും ധാരണ ലംഘിച്ച് പാകിസ്ഥാൻ പ്രകോപനം തുടർന്നതായി റിപ്പോർട്ടുകളുണ്ട്. പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഭീകരർക്കെതിരായ ‘ഓപ്പറേഷൻ സിന്ദൂർ' തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സൈനികതലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ തിങ്കളാഴ്ച തുടർ ചർച്ച നടക്കും.
ഏറ്റവും വേഗം, അതിശക്തമായി പ്രതികരിക്കേണ്ട പൈശാചിക സംഭവമാണ് ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ബൈസരൺ താഴ്‌വരയിലുണ്ടായത്. ഹൃദയശൂന്യരായ പാക് ഭീകരരുടെ തോക്കിനുമുന്നിൽ പൊലിഞ്ഞത് നിരപരാധികളായ 26 പേരുടെ ജീവിതം. നിറങ്ങളെയും സ്വപ്‌നങ്ങളെയും താലോലിച്ച് ബൈസരണിൽ വിനോദ സഞ്ചാരികളായെത്തിയ സാധാരണ മനുഷ്യർ. അവരെയാണ് ഭീകരർ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കിയത്. മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലച്ച അരുംകൊലകൾ നടത്തിയ ഭീകരർക്ക് കഠിന ശിക്ഷ നൽകേണ്ടതും അവരുടെ ക്രൂരത ലോകത്തിനു മുന്നിൽ തുറന്നു കാണിക്കേണ്ടതും ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. അതായിരുന്നു മെയ് ഏഴിന് പുലർച്ചെ ഇന്ത്യൻ സേന നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ'. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾക്കു നേരെയായിരുന്നു ഈ സൈനിക നടപടി. കാര്യങ്ങൾ ഇവിടംകൊണ്ട് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, പഹൽഗാമിന്റെ പേരിൽ ഇന്ത്യ തിരിച്ചടിച്ചാൽ പൂർണ യുദ്ധമായി മാറുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖ്വാജ അസീഫ് പറഞ്ഞത്.
ജമ്മു കശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണവും നടത്തി. ഇതിനെല്ലാം ഇന്ത്യൻ സൈന്യം അതിശക്തമായ തിരിച്ചടി നൽകി. പാക് വ്യോമതാവളങ്ങളിലും ആക്രമണം നടത്തി. ഇതോടെ പാക് സൈനിക പ്രതിരോധം ദുർബലമായി. ഭീകര പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലാണ് ഈ ഘട്ടത്തിലെല്ലാം പാക് സർക്കാരും അവരുടെ സൈന്യവും പ്രവർത്തിച്ചത്. ഇന്ത്യ ഒറ്റക്കെട്ടായി ഈ ഭീകരതയെ നേരിടുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെയും സൈന്യത്തിന്റെയും നടപടികൾക്ക് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർടികളും പിന്തുണ പ്രഖ്യാപിച്ചു. അതേസമയംതന്നെ, സമ്പൂർണ യുദ്ധത്തിലേക്ക് പോകാതിരിക്കാൻ ജാഗ്രതയും വേണമെന്ന് സിപിഐ എം ഓർമിപ്പിച്ചു. യുദ്ധമുണ്ടാകരുതെന്ന് ലോക രാജ്യങ്ങളും നിരന്തരം പറഞ്ഞു.
ശനി വൈകിട്ട് ഇന്ത്യയുടെ വിദേശമന്ത്രി എസ് ജയ്‌ശങ്കർ വെടിനിർത്തൽ തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതിനുമുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് അക്കാര്യം ലോകത്തോട് പറഞ്ഞത്. ഇത് ചില സംശയങ്ങൾക്കിടയാക്കുന്നു. അമേരിക്കയുടെ മാധ്യസ്ഥ്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനമുണ്ടായതെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വിദേശസെക്രട്ടറി മാർകോ റൂബിയോയും ഇത് ആവർത്തിച്ചു. അങ്ങനെയൊരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ ഇതുവരെ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സർക്കാർ ഇക്കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഇതിനിടെ കശ്‌മീർ പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് ട്രംപ് പറഞ്ഞെന്ന വാർത്തകളും വന്നിട്ടുണ്ട്. ആശങ്കയും അസ്വസ്ഥതയും ഉളവാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. മാധ്യസ്ഥ്യതയുടെ പ്രശ്നമൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൂടുതൽ വിശദീകരണവും വ്യക്തതയും ആവശ്യമുണ്ട്.
ഒരു കാര്യംകൂടി വ്യക്തമാക്കട്ടെ. മനുഷ്യന് മനുഷ്യൻ അന്യനാണെന്ന് പഠിപ്പിക്കുന്ന ഭീകരതയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നിലകൊണ്ട നാളുകളാണ് കടന്നുപോയത്. ഒപ്പം, ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും വെളിപ്പെട്ടു. തിന്മയുടെ കരാളതകൾക്കുനേരെ അവരുയർത്തിയ പ്രതിരോധം അഭിമാനവും ആത്മവിശ്വാസവും പകരുന്നതാണ്. സൈന്യത്തിന് ബിഗ് സല്യൂട്ട്. എല്ലാതരം മതമൗലികവാദങ്ങളും സൃഷ്ടിക്കുന്ന സംഘർഷങ്ങളിൽനിന്നാണ് ഭീകരവാദം രൂപം കൊള്ളുന്നത്. മനുഷ്യസമൂഹത്തിന് ഭീഷണിയായി വളർന്നിട്ടുള്ള എല്ലാ മതമൗലികവാദത്തിനെതിരെയും നമുക്ക് ജാഗ്രതയോടെ നിലകൊള്ളാം. എല്ലാ രാജ്യങ്ങളിലും സമാധാനവും ജനാധിപത്യവും പുലരട്ടെ.









0 comments