ഏകധ്രുവ ലോകത്തിന്റെ കാലം കഴിഞ്ഞു

india china relations
വെബ് ഡെസ്ക്

Published on Sep 02, 2025, 12:00 AM | 2 min read


പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴുവർഷത്തിനുശേഷം ചൈനയിൽ നടത്തുന്ന സന്ദർശനവും ചൈനയുടെ പ്രസിഡന്റ്‌ ഷി ജിൻപിങ്ങുമായി ഞായറാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽമാത്രമല്ല, വികസ്വര രാജ്യങ്ങൾക്കാകെ പ്രതീക്ഷയേകുന്ന ബഹുധ്രുവ ലോകത്തിന്റെ സൃഷ്‌ടിക്കും കുതിപ്പേകും. അമേരിക്കൻ ചേരിക്ക്‌ പ്രധാന സൈനികഭീഷണിയായ റഷ്യയിൽനിന്ന്‌ ക്രൂഡ്‌ ഓയിൽ വാങ്ങുന്നതിൽനിന്ന്‌ പിന്തിരിപ്പിക്കാൻ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇന്ത്യക്കെതിരെ പ്രതികാരച്ചുങ്കം അടിച്ചേൽപ്പിച്ചിരിക്കെയുള്ള ഈ കൂടിക്കാഴ്‌ചയ്‌ക്ക്‌ സവിശേഷപ്രാധാന്യമുണ്ട്‌. ലോക ജനസംഖ്യയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ള ഇന്ത്യയും ചൈനയും തമ്മിൽ അടുക്കുന്നതിനെ എന്നും ഭയക്കുന്ന അമേരിക്കയും പാശ്ചാത്യ കൂട്ടാളികളും ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത വളർത്താനും തമ്മിലടിപ്പിക്കാനുമാണ്‌ എപ്പോഴും ശ്രമിച്ചിട്ടുള്ളത്‌. മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം റഷ്യൻ പ്രസിഡന്റ്‌ വ്ളാദിമിർ പുടിനും പാശ്ചാത്യ രാഷ്‌ട്രങ്ങൾക്ക്‌ അനഭിമതരായ മറ്റു ചില നേതാക്കളും പങ്കെടുത്ത ഷാങ്‌ഹായ്‌ സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയും ചൈനയിൽ തിങ്കളാഴ്‌ച ചേർന്നു. ഇതെല്ലാം നൽകുന്ന സന്ദേശം വ്യക്തമാണ്‌. മൂന്നരപ്പതിറ്റാണ്ടോളമായി അമേരിക്ക സർവാധിപത്യം പുലർത്തിപ്പോന്ന ഏകധ്രുവ ലോകത്തിന്റെ കാലം കഴിഞ്ഞു.


2018 ഏപ്രിലിലെ സന്ദർശനത്തിനുശേഷം ആദ്യമായാണ്‌ മോദി ചൈനയിലെത്തിയത്‌. ഇതിനിടെ ഗാൽവാനിലുണ്ടായ സംഘർഷമടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കിയ പല സംഭവങ്ങളുമുണ്ടായി. എന്നാൽ, കഴിഞ്ഞ ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽ ചേർന്ന ബ്രിക്‌സ്‌ ഉച്ചകോടിയിൽ മോദിയും ഷിയും തമ്മിൽ കണ്ടിരുന്നു.


ഗാൽവാനിലെ യഥാർഥ നിയന്ത്രണരേഖയിൽ സേനകളുടെ പിൻവാങ്ങലടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ചില നടപടികൾ പിന്നീടുണ്ടായി. ഏപ്രിലിൽ പഹൽഗാമിൽ പാകിസ്ഥാനിൽനിന്നുള്ള ഭീകരർ നടത്തിയ ആക്രമണം ഇന്ത്യ–-ചൈന ബന്ധം വീണ്ടും അവതാളത്തിലാക്കുമെന്ന്‌ ആശങ്ക ഉയർന്നിരുന്നെങ്കിലും ഇരുരാജ്യങ്ങളും സംയമനത്തോടെയാണ്‌ പ്രതികരിച്ചത്‌. പാകിസ്ഥാന്റെ പേര്‌ പറയാതെയാണെങ്കിലും ഭീകരാക്രമണത്തിനെതിരെ യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി. തിങ്കളാഴ്‌ച തിയാൻജിനിൽ എസ്‌സിഒ ഉച്ചകോടിയും എല്ലാത്തരം ഭീകരവാദത്തെയും ശക്തമായി അപലപിക്കുന്ന പ്രഖ്യാപനം നടത്തി.


ഞായറാഴ്‌ച മോദി–-ഷി കൂടിക്കാഴ്‌ചയിൽ അതിർത്തിത്തർക്കം ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ തരത്തിൽ പരിഹരിക്കാനും വ്യാപാരബന്ധം മെച്ചപ്പെടുത്താനും തീരുമാനിച്ചിരുന്നു. ട്രംപിന്റെ പ്രതികാരച്ചുങ്കംമൂലം അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ വരുന്ന കുറവ്‌ കുറച്ചെങ്കിലും പരിഹരിക്കാൻ ചൈനയുമായി ബന്ധം ശക്തമാക്കുന്നത്‌ സഹായിക്കും. കുറച്ചുകാലമായി ഇന്ത്യ വലിയ താൽപ്പര്യം കാണിക്കാതിരുന്ന എസ്‌സിഒയിലെ മറ്റ്‌ അംഗരാജ്യങ്ങളുടെ പിന്തുണ ലഭിക്കാനും ചൈനയുടെ അനുകൂലനിലപാട്‌ സഹായിക്കും. രണ്ടാംലോക യുദ്ധാനന്തരം ഐക്യരാഷ്‌ട്രസംഘടനയെ ഉപയോഗിച്ച്‌ രാഷ്‌ട്രീയതലത്തിലും ലോകബാങ്ക്‌, ഐഎംഎഫ്‌ എന്നിവയിലൂടെ സാമ്പത്തികരംഗത്തും നാറ്റോയുടെ ബലത്തിൽ സൈനികരംഗത്തും അതിവിപുലമായ മാധ്യമശൃംഖലകളിലൂടെ സാംസ്‌കാരികരംഗത്തും അമേരിക്കൻചേരി പുലർത്തിവന്ന ആധിപത്യം അവസാനിപ്പിക്കാൻ ഈ സഹകരണം സഹായകമാകും.


രണ്ടുവർഷംമുമ്പ്‌ ഡോളറിന്‌ ബദലായി ബ്രിക്‌സ്‌ നാണ്യം എന്ന ആശയം ഉയർന്നപ്പോൾ ആ കൂട്ടായ്‌മയിലെ സ്ഥാപകാംഗമായ ഇന്ത്യ തണുപ്പൻ നിലപാട്‌ സ്വീകരിക്കുകയായിരുന്നു. യഥാർഥത്തിൽ ബ്രിക്‌സിന്റെ ശക്തി തിരിച്ചറിയാതെയോ അമേരിക്കയെ അലോസരപ്പെടുത്താൻ ഭയന്നോ ആയിരുന്നു ഇന്ത്യ എതിർത്തത്‌. അഞ്ച്‌ ബ്രിക്‌സ്‌ രാജ്യങ്ങളിലെ ജനസംഖ്യ ആകെയെടുത്താൽ 330 കോടി വരും. ലോകജനസംഖ്യയുടെ 40 ശതമാനം. ഈജിപ്‌ത്‌, ഇറാൻ, സൗദി അറേബ്യ തുടങ്ങിയ ആറു രാജ്യങ്ങൾകൂടി ചേർന്ന ബ്രിക്‌സ്‌ പ്ലസിലാണ്‌ ലോകജനസംഖ്യയിൽ പകുതിയിലധികവും. ലോകത്തെ ആകെ ജിഡിപിയിൽ 40 ശതമാനത്തിലധികവും അവയിലാണ്‌. ഇതെല്ലാം ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ ദക്ഷിണാർധഗോളത്തിലെ വികസ്വര രാജ്യങ്ങൾക്ക്‌ അർഹമായ വികസനപങ്കാളിത്തം ഉറപ്പാക്കുന്ന വസ്‌തുതയാണ്‌. മുമ്പ്‌ അമേരിക്കൻ ഭീഷണിക്ക്‌ വഴങ്ങി ഇറാനിൽനിന്നും വെനസ്വേലയിൽനിന്നുമുള്ള ക്രൂഡ്‌ ഓയിൽ ഇറക്കുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. പരമാധികാരം അടിയറവച്ചുള്ള അത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബ്രിക്‌സ്‌, എസ്‌സിഒ തുടങ്ങിയ കൂട്ടായ്‌മകൾ ഇന്ത്യക്ക്‌ കരുത്താകും. ചൈനയടക്കം മറ്റേതെങ്കിലും രാജ്യത്തിനെതിരെ കരുവാകാൻ ഇന്ത്യ ഒരിക്കലും നിന്നുകൊടുക്കില്ലെന്ന സന്ദേശമാകും ഇവയിലെ സജീവപങ്കാളിത്തം. 146 കോടി ജനങ്ങൾതന്നെയാണ്‌ ഇന്ത്യയുടെ ശക്തി. സാമ്രാജ്യത്വവിരുദ്ധമായ ഇന്ത്യൻ വിദേശനയം നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ സംഭാവനയാണ്‌. അത്‌ മറന്ന്‌, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ ആണവക്കരാറിൽ എന്നപോലെ, അമേരിക്കൻ താൽപ്പര്യത്തിൽ ചൈനാവിരോധം പുലമ്പുന്ന കോൺഗ്രസ്‌ നേതാക്കൾ നിലപാട്‌ തിരുത്തണം എന്നുകൂടി ഞങ്ങൾ അഭ്യർഥിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home