ഗവർണർമാരുടെ രാഷ്ട്രീയക്കളിക്ക് താക്കീത്

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ തന്നിഷ്ടപ്രകാരം താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരിക്കുന്നു. ഗവർണർമാരെ ഉപയോഗിച്ച് ഫെഡറലിസത്തെ തകർക്കാനും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുമുള്ള കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ നീക്കങ്ങൾക്കെതിരായ താക്കീതാണ് ഈ വിധി.
സർവകലാശാലാ നിയമപ്രകാരം ചാൻസലർ സ്ഥാനം വഹിക്കുന്ന ഗവർണർക്ക് ആ നിയമം അനുസരിക്കാൻ ബാധ്യതയുണ്ടെന്ന് കോടതി അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടി. സാങ്കേതിക സർവകലാശാലാ നിയമത്തിലെ 13 (7) വകുപ്പുപ്രകാരം വൈസ് ചാൻസലറുടെ ഒഴിവ് നികത്തേണ്ടത് സർക്കാർ നൽകുന്ന പാനലിൽനിന്നാകണം. അതിനാൽ സർക്കാർ നൽകിയ പാനൽ മറികടന്ന് ഗവർണർ ഡോ. കെ ശിവപ്രസാദിനെ നിയമിച്ചത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി.
ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് 2024 നവംബർ 27ന് സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ. കെ ശിവപ്രസാദിനെ നിയമിച്ച ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി ഈ ദിശയിൽ ആദ്യത്തേതായിരുന്നില്ല. സാങ്കേതിക സർവകലാശാലയിൽത്തന്നെ സർക്കാർ ശുപാർശയ്ക്ക് വിരുദ്ധമായി താൽക്കാലിക വിസിയായി ഡോ. സിസാ തോമസിനെ നിയമിച്ചു. ആറ് സർവകലാശാലയിൽ വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റികളെ സ്വന്തം ഇഷ്ടപ്രകാരം രൂപീകരിക്കുകയെന്ന കടന്ന കൈയ്‌ക്കും ചാൻസലർ എന്ന നിലയിൽ ആരിഫ് മൊഹമ്മദ് ഖാൻ മുതിർന്നു. സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ഗവേണേഴ്സിന്റെയും തീരുമാനങ്ങൾ സസ്പെൻഡ് ചെയ്യുക, കേരള സർവകലാശാലാ സെനറ്റ് അംഗങ്ങളെ പുറത്താക്കുക, സെനറ്റിൽ യോഗ്യതയില്ലാത്ത എബിവിപി പ്രതിനിധികളെ ഉൾപ്പെടുത്തുക എന്നിങ്ങനെ അദ്ദേഹം സ്വീകരിച്ച നിയമവിരുദ്ധ നടപടികളെല്ലാം കോടതികൾ റദ്ദാക്കി. ഏറ്റവും ഒടുവിലായി സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വിസി നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിയമനടപടിയും ഹൈക്കോടതി അംഗീകരിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിൽ കൽക്കട്ട, ബോംബെ, മദ്രാസ് സംസ്ഥാനങ്ങളുടെ ഗവർണർമാർ സർവകലാശാലകളുടെ ചാൻസലർമാരായിരുന്ന കീഴ്‌വഴക്കം പിന്തുടർന്നാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഗവർണർമാരെ സർവകലാശാലകളുടെ ചാൻസലർമാരായി അവരോധിച്ചത്. ഭരണഘടനാപദവി അല്ലാത്തതിനാൽത്തന്നെ സർവകലാശാലാ നിയമത്തിന് വിധേയമായാണ് ചാൻസലർ എന്ന നിലയിൽ ഗവർണർമാർ പ്രവർത്തിച്ചിരുന്നത്. സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര സർക്കാരുകൾ അധികാരത്തിലേറി തുടങ്ങിയ 1960കൾമുതൽ ഗവർണർമാരുടെ ചാൻസലർ പദവിയും ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് രൂപീകൃതമായ സർക്കാരിയാ, പൂഞ്ചി കമീഷനുകൾ ഗവർണർമാരുടെ ഈദൃശ നടപടികളെ വിമർശിക്കുകയും ഗവർണർമാർ ഇത്തരം പദവികൾ ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗുജറാത്ത്, കർണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സർവകലാശാലാ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ പദവി ഔപചാരികം മാത്രമായി ചുരുക്കി. തെലങ്കാനയിൽ അക്കാദമിക് വിദഗ്ധരെ ചാൻസലറാക്കുന്ന രീതി നിലവിൽ വന്നു. മുഖ്യമന്ത്രിയെ ചാൻസലറാക്കി പശ്ചിമ ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങൾ പാസാക്കിയ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
ചാൻസലറെന്ന നിലയിൽ ആരിഫ് മൊഹമ്മദ് ഖാന്റെ ഇടപെടലുകൾ എല്ലാ അതിരുകളും ലംഘിച്ചപ്പോഴാണ് സർവകലാശാലകളുടെ ചാൻസലർമാരായി വിദ്യാഭ്യാസ വിദഗ്ധരെ നിയോഗിക്കുന്നതിന് സർവകലാശാലാ നിയമഭേദഗതി ബിൽ കേരള നിയമസഭ 2022ൽ പാസാക്കിയത്. എന്നാൽ, ഗവർണർ എന്ന പദവി ഉപയോഗിച്ച് ബില്ലിന് അംഗീകാരം നൽകാതിരുന്ന ആരിഫ് മൊഹമ്മദ് ഖാൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭയെയും ജനാധിപത്യത്തെത്തന്നെയും അപമാനിക്കുകയായിരുന്നു.
ഭാവിതലമുറയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയ മൂശയിൽ വാർത്തെടുക്കുന്നതിന് ലക്ഷ്യംവച്ച് വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ അജൻഡ നടപ്പാക്കുകയായിരുന്നു ആരിഫ് മൊഹമ്മദ് ഖാൻ. ഭരണഘടന മുന്നോട്ടുവച്ച ഫെഡറൽ തത്വങ്ങളെയെല്ലാം കാറ്റിൽ പറത്തുന്നതിന് അദ്ദേഹം മടിച്ചില്ല.
മതനിരപേക്ഷതയുടെ പച്ചത്തുരുത്തും കാവിരാഷ്ട്രീയത്തിന്റെ കണ്ണിലെ കരടുമായ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ വെടക്കാക്കി തനിക്കാക്കാനുള്ള സംഘപരിവാർ നീക്കങ്ങളുടെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു. ചാൻസലർ പദവി ദുരുപയോഗിക്കുന്നതിനെതിരായ വിധിയിലൂടെ അതിനെ തുറന്നുകാട്ടിയിരിക്കുകയാണ് ഹൈക്കോടതി. ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുന്നതിന് ഏതു മാർഗവും സ്വീകരിക്കാൻ മടിയില്ലാത്ത സംഘപരിവാർ രാഷ്ട്രീയത്തിനുള്ള താക്കീതാണ് ഹൈക്കോടതിയുടെ ഈ വിധി.









0 comments