ഇനി ജിഎസ്‌ടി കൗൺസിൽ എന്തിന്

വിഭവ സമാഹരണത്തിലും ചെലവിടലിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വലിയ തോതിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. വിഭവ സമാഹരണത്തിൽ ( നികുതികളടക്കമുള്ള വരുമാനം) കേന്ദ്രഗവൺമെന്റിനാണ് എക്കാലത്തും മുൻകൈ ഉണ്ടായിരുന്നത്. ചെലവുകളുടെ കാര്യത്തിൽ പക്ഷേ, സംസ്ഥാനങ്ങൾക്കാണ് കൂടുതൽ ഉത്തരവാദിത്വം. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വാണിജ്യം, വ്യവസായം എന്നീ മേഖലകളിലെല്ലാം കൂടുതൽ പണം മുടക്കേണ്ടിവരുന്നത് സംസ്ഥാനങ്ങളാണ്.
ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് വിഭവ സമാഹരണത്തിന് സംസ്ഥാനങ്ങൾക്ക് കാര്യമായ ഒരു അധികാരവുമില്ലാത്ത ചരക്കു സേവന നികുതി ( ജിഎസ്‌ടി) സമ്പ്രദായം 2017 ജൂലൈമുതൽ നടപ്പാക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെയും സംസ്ഥാനങ്ങളുടെ അധികാരത്തെയും ദോഷകരമായി ബാധിക്കുന്നതാണ് ജിഎസ്ടി. ഇത് നിലവിൽ വന്നതോടെ മിക്കവാറും സാധനങ്ങളുടെ നികുതി തീരുമാനിക്കുന്നത് ജിഎസ്ടി കൗൺസിലാണ്. അതിൽത്തന്നെ കേന്ദ്രത്തിനാണ് മേൽക്കൈ. ഇനി ജിഎസ്‌ടി കൗൺസിലല്ല, കേന്ദ്ര സർക്കാർ നേരിട്ടുതന്നെ നികുതി ഘടന നിശ്ചയിക്കുകയും മാറ്റം വരുത്തുകയുമൊക്കെ ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഈ സ്വാതന്ത്ര്യദിനത്തിൽ അതാണ് കണ്ടത്. ദീപാവലി സമ്മാനമായി ചരക്കുസേവന നികുതിയുടെ ഘടനയിൽ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു.
ജിഎസ്‌ടി കൗൺസിലിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് സമവായത്തിലെത്തിയശേഷം മാത്രം എടുക്കേണ്ട ഒരു തീരുമാനത്തിലാണ് പ്രധാനമന്ത്രിയുടെ ഏകപക്ഷീയ നിലപാട്. സംസ്ഥാനങ്ങൾക്ക് അഭിപ്രായം പറയാൻപോലും അവസരം നൽകാതെയാണ് പ്രഖ്യാപനം. അപ്പോൾ, ജിഎസ്‌ടി കൗൺസിലിന് എന്തു പ്രസക്തി. ഇനി ജിഎസ്‌ടി കൗൺസിൽ ചർച്ച ചെയ്യുമെന്ന് പറയുന്നതിൽ എന്തുകാര്യം.
കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാനങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നു കഴിഞ്ഞു. ജിഎസ്‌ടിയിൽ തീരുമാനമെടുക്കാൻ പാർലമെന്റിനടക്കം അവകാശമില്ലാത്തപ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നടപ്പാക്കി എട്ടു വർഷമായിട്ടും ജിഎസ്‌ടിയുടെ സാങ്കേതിക കുരുക്കുകൾ അഴിക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും ഇനിയും സാധിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം. അതേ കുറിച്ചൊന്നും കേട്ടുമില്ല.
ജിഎസ്‌ടിയുടെ അടുത്ത തലമുറ പരിഷ്കാരം എന്ന മട്ടിൽ പ്രധാനമന്ത്രി ഘടനാമാറ്റം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കേന്ദ്രത്തിന്റെ നിർദേശം മന്ത്രിസഭാ സമിതിക്ക് വിട്ടതായി ധനമന്ത്രാലയം അറിയിക്കുകയുണ്ടായി. അതുകൊണ്ട് ഒരുകാര്യവുമില്ലെന്ന് വ്യക്തം. നിലവിലുള്ള 5, 12, 18 , 28 ശതമാനം എന്ന നാലു സ്ലാബുകൾ 5,12 എന്നിങ്ങനെ രണ്ടു നിരക്കായി ചുരുങ്ങും. നിലവിൽ 12 ശതമാനം നികുതി ബാധകമാകുന്ന 99 ശതമാനം സാധനങ്ങൾക്കും ഇനി അഞ്ചു ശതമാനമേ ഉണ്ടാകൂ എന്നാണ് പറയുന്നത്. 28 ശതമാനം ബാധകമായിരുന്നവ 18 ലേക്ക് മാറും.
പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതു വഴി സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറഞ്ഞാൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. കേരളത്തിൽ വരുമാനത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് പ്രത്യേകം പഠിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് നികുതി വളർച്ചയ്‌ക്കുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീക്കി നികുതി വരുമാനം തുടർച്ചയായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നിരക്കുകൾ വരുന്നത്. കേന്ദ്രത്തിന്റെ ഉപരോധ സമാനമായ വിവേചനങ്ങളെയെല്ലാം മറികടന്ന് ധനകാര്യ സ്ഥിതി സുസ്ഥിരമാക്കാൻ വലിയൊരളവിൽ സംസ്ഥാന സർക്കാരിന് സാധിച്ചു.
2026 ഏപ്രിൽ മുതൽ 16–-ാം ധന കമീഷന്റെ ശുപാർശ പ്രകാരമാണ് കേന്ദ്ര ധനവിഹിതം സംസ്ഥാനത്തിന് കിട്ടുക. ഇതു സംബന്ധിച്ച റിപ്പോർട്ട് വരാൻ പോകുന്നേയുള്ളൂ. കേരളം ആ തീരുമാനം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. പതിനഞ്ചാം കമീഷന്റെ ശുപാർശ പ്രകാരമാണ് 2026 മാർച്ച് വരെ വിഹിതം കിട്ടുന്നത്. 14–-ാം കമീഷന്റെ ശുപാർശയനുസരിച്ച്, സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കുന്ന പണത്തിന്റെ 2.5 ശതമാനം കേരളത്തിന് ലഭിച്ചിരുന്നു. 15–-ാം കമീഷൻ അത് 1.92 ആയി വെട്ടിച്ചുരുക്കി. അതായത് സംസ്ഥാനത്തിന് വലിയ നഷ്ടം. ഒരു കൊല്ലംമാത്രം 8179 കോടിയോളം രൂപ . അപ്പോൾ അഞ്ചു വർഷത്തിനിടെ വലിയ തുകയാണ് കേരളത്തിന് കുറഞ്ഞത്. തനതുവരുമാനം വർധിപ്പിച്ചും ചെലവിന് ബദൽ മാർഗങ്ങൾ കണ്ടെത്തിയുമാണ് സംസ്ഥാനം ഈ പ്രതിസന്ധിയെ അതിജീവിച്ചത്. അതുകൊണ്ടുതന്നെ 16–-ാം കമീഷന്റെ തീർപ്പ് എന്താകുമെന്നത് കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അതിനിടെയാണ് ജിഎസ്‌ടി കൗൺസിലിൽപോലും ആലോചിക്കാതെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം.
കേരളം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളും ആശങ്കയിലാണ്. സംസ്ഥാനങ്ങളുടെ വരുമാനം കുറയാതിരിക്കാൻ കൂട്ടായ ശ്രമം വേണ്ടിവരും. വരുമാനം കുറഞ്ഞാൽ കേന്ദ്രം നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. നേരത്തെ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനെന്ന പേരിൽ ഏർപ്പെടുത്തിയ സെസ് ഇപ്പോഴും പിരിക്കുന്നുണ്ട്. നഷ്ടപരിഹാരം നിർത്തുകയും ചെയ്തു. എന്തായാലും, സംസ്ഥാനങ്ങൾക്ക് അഭിപ്രായം പറയാനെങ്കിലും സാധിക്കുന്ന ജിഎസ്‌ടി കൗൺസിലിനെ നോക്കുകുത്തിയാക്കിയുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.









0 comments