വിധിയിൽ തെളിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവ്

greeshma case kerala police
വെബ് ഡെസ്ക്

Published on Jan 21, 2025, 12:00 AM | 2 min read


കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ സുപ്രധാന വിധിയാണ് തിങ്കളാഴ്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്‌ കോടതിയിൽ നിന്നുണ്ടായത്. കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവതിക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും ഉയർന്ന ശിക്ഷയായ വധശിക്ഷതന്നെ വിധിച്ചിരിക്കുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം തെളിയിച്ച് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിനുള്ള അംഗീകാരംകൂടിയാണ്.


പാറശാലയ്‌ക്ക് സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ജയരാജിന്റെ മകനായ ഷാരോൺ രാജിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിലാണ് തമിഴ്നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണത്തെ 24 കാരിയായ ഗ്രീഷ്‌മയ്‌ക്ക്‌ വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് കൂട്ടുനിന്ന അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്നു വർഷത്തെ തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പുരുഷനെ വഞ്ചിച്ച് കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തിയാണ് ഏറ്റവും ഉയർന്ന ശിക്ഷതന്നെ യുവതിക്ക് നൽകിയത്. അതിക്രൂരമായ ക്രിമിനൽ സ്വഭാവം ഉള്ള ആൾക്ക് മാത്രമേ ഇത്തരം കുറ്റകൃത്യം ചെയ്യാൻ കഴിയൂവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.


കന്യാകുമാരി ജില്ലയിലെ നെയ്യൂരിൽ ബിഎസ്‌സി അവസാന വർഷ വിദ്യാർഥിയായിരിക്കെയാണ് 2022 ഒക്ടോബർ 25ന് ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിക്കുന്നത്. ഷാരോണിന് യുവതിയോട് വലിയ സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മരണാസന്നനായി ആശുപത്രിയിൽ കഴിയുമ്പോഴും ഗ്രീഷ്മയെ കുറ്റപ്പെടുത്താനോ എതിരായി എന്തെങ്കിലും പറയാനോ തയ്യാറായിരുന്നില്ലെന്നത് യുവാവിന്റെ സ്നേഹത്തിന്റെ ആഴത്തിന് തെളിവായിരുന്നു. 2022 ഒക്ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി ജ്യൂസ് ചലഞ്ച് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ചത്. വിഷം ഉള്ളിൽ ചെന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച്, വെള്ളംപോലും കുടിക്കാൻ കഴിയാതെ 11 ദിവസമാണ് ആശുപത്രിയിൽ ഷാരോൺ കഴിഞ്ഞത്. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞത് വിശ്വസിച്ചാണ് ആദ്യം താലിചാർത്തിയ യുവാവിനെ ഒഴിവാക്കാൻ കൊലപാതകം ആസൂത്രണം ചെയ്തത്.


അന്ധവിശ്വാസവും അതിൽ നിന്നുടലെടുത്ത ക്രിമിനൽബുദ്ധിയും ഒരുമിച്ച് പ്രവർത്തിച്ചപ്പോഴാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.

ശിക്ഷ വിധിച്ചുകൊണ്ട് ന്യായാധിപൻ പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമാണ്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് ശാസ്‌ത്രീയ അന്വേഷണം നടത്തിയില്ലായിരുന്നുവെങ്കിൽ അസ്വാഭാവിക മരണമോ ആത്മഹത്യയോ ആകാമായിരുന്ന കേസാണ് അതിക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞത്.


ആധുനിക കാലത്തിനനുസരിച്ച് പൊലീസിന്റെ അന്വേഷണ രീതികളും മാറിയെന്ന് തെളിയിക്കുന്നതാണ് ഈ കേസ്. പൊലീസിന്റെ അന്വേഷണ മികവിനെ വിധിന്യായത്തിൽ ജഡ്‌ജി അഭിനന്ദിക്കുന്നുണ്ട്. പ്രായത്തിന്റെ ആനുകൂല്യമൊന്നും പ്രതി അർഹിക്കുന്നില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞു. യുവാവ് മരിക്കുമ്പോൾ പ്രതിയുടെ അതേ പ്രായമായിരുന്നുവെന്നും വിധിയിൽ ഓർമിപ്പിച്ചു.


കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആർക്കും കേരള പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിലെ വിധി. ആധുനിക രീതിയിലുള്ള എല്ലാ മാർഗങ്ങളും ശാസ്ത്രീയമായി ഉപയോഗിക്കാൻ പൊലീസിന് കഴിയുമെന്ന് അടിവരയിടുന്നതുമാണ് ഈ കേസ്.


വധശിക്ഷ പ്രാകൃതമാണെന്ന അഭിപ്രായം ശക്തമായി നിലനിൽക്കുന്നുണ്ട്. സിപിഐ എം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർടികളും വധശിക്ഷ ഒഴിവാക്കണമെന്ന് അഭിപ്രായമുള്ളവരാണ്. പല രാജ്യങ്ങളും വധശിക്ഷ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും ഉയർന്ന ശിക്ഷയായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ വിധിക്കുന്നത്. നിയമം അനുശാസിക്കുന്ന ഉയർന്ന ശിക്ഷതന്നെ പ്രതികൾക്ക് വാങ്ങിക്കൊടുക്കുന്നതിലാണ് കേസന്വേഷണത്തിന്റെ മികവ്. ഈ അർഥത്തിൽ ഷാരോൺ വധക്കേസ് അന്വേഷണവും വിധിയും കേരള പൊലീസിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home