ഇന്ധനവിലയിൽ വീണ്ടും കേന്ദ്രത്തിന്റെ കൊള്ള

രാജ്യത്ത് അവശ്യസാധനവില വല്ലാതെ ഉയർന്നിരിക്കെ പാചകവാതക വിലയിലെ വർധന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ എണ്ണക്കമ്പനികൾക്ക് ലഭിക്കുംവിധം പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ കൂട്ടി കബളിപ്പിക്കുകകൂടി ചെയ്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വർധിപ്പിച്ചത്. 810 രൂപയുള്ള സിലിണ്ടറിന് ഇനി 860 രൂപ നൽകണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായുള്ള പ്രധാൻമന്ത്രി ഉജ്വൽ യോജന പദ്ധതിപ്രകാരമുള്ള കണക്‌ഷനെപ്പോലും വർധനയിൽനിന്ന് ഒഴിവാക്കിയിട്ടില്ല. പെട്രോളിന്റെയും ഡീസലിന്റെയും തീരുവ രണ്ടുരൂപ വർധിപ്പിച്ചു. പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയും ഇനി തീരുവ നൽകണം. ഇതുവഴി പ്രതിവർഷം 32,000 കോടിരൂപയുടെ അധികവരുമാനം കേന്ദ്ര സർക്കാരിന് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ വീപ്പയ്‌ക്ക് ഏതാണ്ട് 1000 രൂപയുടെ കുറവുണ്ടായപ്പോഴാണ് ഇവിടെ പാചകവാതകത്തിന് വില കൂട്ടുകയും ഇന്ധന തീരുവ വർധിപ്പിക്കുകയും ചെയ്യുന്നത്. ദൈനംദിന ചെലവുകൾക്കുപോലും പണം കണ്ടെത്താനാകാത്ത താഴ്‌ന്ന വരുമാനക്കാരുടെയും വായ്‌പ വാങ്ങി കടക്കെണിയിലാകുന്ന ഇടത്തരക്കാരുടെയും എണ്ണം രാജ്യത്ത് വർധിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. അവരെ അൽപ്പവും പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ തീരുമാനങ്ങൾ എടുക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാചകവാതക വിലവർധനയും പെട്രോൾ– -ഡീസൽ തീരുവ വർധനയും.
ക്രൂഡ് ഓയിലിന്റെ വിലയിലെ കുറവ് അനുസരിച്ച് രാജ്യത്ത് ഇന്ധനവിലയിൽ ഏതാണ്ട് 18 രൂപ കുറവ് വരുത്താൻ കഴിയുമായിരുന്നു. എന്നാൽ, അതിനു തയ്യാറാകാതെ എണ്ണക്കമ്പനികൾക്ക് വൻ ലാഭം ഉണ്ടാക്കിക്കൊടുക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. അതേസമയം, പാചകവാതക വില കുറച്ചു നൽകുന്നതുമൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടിയതെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് വ്യക്തം. പാചകവാതകം സബ്സിഡിയിയിൽ നൽകുന്നതുമൂലം ഇതുവരെ വിതരണ കമ്പനികൾക്ക് 43,000 കോടി രൂപ നഷ്ടമുണ്ടായെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ, ക്രൂഡ് ഓയിൽ വില കുറഞ്ഞുനിൽക്കുമ്പോഴും ഇവിടെ ഇന്ധനവില അടിക്കടി കൂട്ടി എണ്ണക്കമ്പനികൾ കുന്നുകൂട്ടിയ കൊള്ളലാഭത്തെക്കുറിച്ച് മന്ത്രാലയം മൗനം പാലിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കുറവാണെന്നു പറഞ്ഞ് സങ്കുചിതരാഷ്ട്രീയം കളിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മന്ത്രി ശ്രമിക്കുന്നുണ്ട്.
ഇന്ത്യയിലെ പാചകവാതക വിലയും അന്താരാഷ്ട്രവിലയും തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിനാണ് വിലവർധന എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. നമ്മുടെ ഉപയോഗത്തിന്റെ 60 ശതമാനവും ഇറക്കുമതിയാണെന്നും മന്ത്രാലയം പറയുന്നു. സബ്സിഡിയിലൂടെ കുറഞ്ഞ വിലയ്‌ക്ക് പാചകവാതകം സാധാരണക്കാർക്ക് നൽകാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ പിൻമാറുന്നു എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം നൽകുന്ന സൂചന. ആഭ്യന്തരവിപണിയെയും അന്താരാഷ്ട്ര വിപണിയെയും ബന്ധിപ്പിക്കുക എന്നതിനർഥം അതാണ്. പാചകവാതക വിതരണത്തിലെ നഷ്ടക്കണക്ക് പറയുന്ന മന്ത്രാലയം ഇന്ധനവിൽപ്പനയിലൂടെ നേടുന്ന കൊള്ള ലാഭത്തെക്കുറിച്ച് മിണ്ടുന്നില്ല. കച്ചവടത്തിലെ ധാർമികതപോലും ഇക്കാര്യത്തിൽ കേന്ദ്രത്തിന് അവകാശപ്പെടാനില്ല.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വികലനയങ്ങൾ ലോകത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കുമെന്ന ഭീഷണി നിലനിൽക്കെയാണ് കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നടപടി. ട്രംപിന്റെ പകരച്ചുങ്കത്തിന്റെ പ്രതിഫലനമായി ഇന്ത്യൻ ഓഹരിവിപണി തകർച്ച നേരിട്ട തിങ്കളാഴ്ചതന്നെയാണ് ഈ ജനവിരുദ്ധ തീരുമാനങ്ങളും വന്നത്. പകരച്ചുങ്കം വരുത്തിയേക്കാവുന്ന സാമ്പത്തിക തിരിച്ചടി നേരിടാനുള്ള ഒരുക്കമാണ് ഇന്ധന തീരുവയിലെ വർധനയെന്ന് വിമർശം ഉയർന്നിട്ടുണ്ട്. പെട്രോളിയം മന്ത്രി അത് നിഷേധിച്ചിട്ടുണ്ടെങ്കിലും യുഎസ് ഭീഷണി നേരിടുന്നതിന് നടപടികളൊന്നും പ്രഖ്യാപിക്കാത്ത കേന്ദ്രം, ആ ഭാരവും ജനങ്ങളുടെമേൽ ചുമത്തുമെന്ന ഭീതിയുമുണ്ട്. ആഗോള സാമ്പത്തികമാന്ദ്യ ഭീഷണിയും അമേരിക്കൻ നയങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതവും സംബന്ധിച്ചുള്ള അവ്യക്തതയ്‌ക്കിടയിലും ജനങ്ങൾക്കുമേൽ അധികഭാരം ചുമത്തുകയാണ് മോദിസർക്കാർ.
അപരവിദ്വേഷ രാഷ്ട്രീയംകൊണ്ട് ജനങ്ങളുടെ പ്രതികരണശേഷി കെടുത്താമെന്ന ധൈര്യത്തിലാണ് കേന്ദ്ര സർക്കാർ അടിക്കടി ജനവിരുദ്ധ നടപടി സ്വീകരിക്കുന്നത്. ജനങ്ങളെ അണിനിരത്തി മാത്രമേ ഇത്തരം നടപടികൾ തിരുത്തിക്കാനാകൂ. ഇന്ധനവിലവർധനയ്‌ക്കെതിരെ രാജ്യത്താകമാനം ഉയർന്ന പ്രതിഷേധം അതിന്റെ സൂചനയാണ്.









0 comments