പാറും സമരപതാകകൾ ; ചെറുക്കും കരിനിയമങ്ങളെ

‘തൊഴിൽ കമ്പോളം അരക്ഷിതമാക്കുക' എന്നത് ഒരു നവലിബറൽ അജൻഡയാണ്. തൊഴിലുടമയ്‌ക്ക് യഥേഷ്ടം തൊഴിലാളികളെ തള്ളാനും കൊള്ളാനും നിയന്ത്രണമില്ലാത്ത അധികാരം കൈയാളാനും കഴിയുന്ന സാഹചര്യം. പിരിച്ചുവിടലും അടച്ചുപൂട്ടലും നിർബാധം തുടരാം. ഇന്ത്യൻ തൊഴിലാളി വർഗം ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും നടത്തിയ, വർഷങ്ങൾ നീണ്ട എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കി പകരം കൊണ്ടുവന്ന നാല് ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നു; ഒരു മുന്നറിയിപ്പുമില്ലാതെ.
സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം തൊഴിലാണെന്നുപോലും മനസ്സിലാക്കാതെ കൊണ്ടുവന്നിട്ടുള്ള നാല് കോഡുകൾ ഇവയാണ്, - വേതന കോഡ് ( (2019), വ്യവസായ ബന്ധ നിയമം ( 2020), തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യം (2020), സാമൂഹ്യ സുരക്ഷ ( 2020). ചുരുക്കിപ്പറഞ്ഞാൽ ഫാക്ടറികളിൽ ജോലിസമയം വർധിപ്പിക്കുക, തൊഴിൽനിയമങ്ങളുടെ പരിധിയിൽനിന്ന് ഫാക്ടറികളെ ഒഴിവാക്കുക, ജോലി സ്ഥിരത ഇല്ലാതാക്കുക, അതായത് നിശ്ചിത കാലയളവിലേക്കു മാത്രമായി നിയമനത്തിന് വഴിയൊരുക്കുന്ന ‘ഫിക്സഡ് ടേം വ്യവസ്ഥ', കൂലി വെട്ടിച്ചുരുക്കൽ, യൂണിയൻ രജിസ്ട്രേഷൻ തടസ്സപ്പെടുത്തുക, രജിസ്ട്രേഷൻ കളയുന്നത് എളുപ്പമാക്കുക, സമരങ്ങളും പണിമുടക്കും തടയുക എന്നിവയാണ് ഈ കോഡുകൾ വഴി ലക്ഷ്യമിടുന്നത്. രാജ്യത്തെ 75 ശതമാനം ഫാക്ടറികളും തൊഴിൽ നിയമങ്ങളൊന്നും ബാധകമല്ലാത്തവയായി മാറുമെന്ന് ഒരു പഠനത്തിൽ കാണുന്നു. തൊഴിലാളികളുടെ എല്ലാ പരിരക്ഷകളും ഇല്ലാതാക്കുന്ന കോഡ് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക് കടിഞ്ഞാണിടും.
ഈ കോഡുകൾ വരുന്നതിനു മുന്നേ, പണിമുടക്കുകൾ നിരോധിക്കാനും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചതും ഇതോടൊപ്പം ചേർത്തുവായിക്കാം. 2020 ൽ കൊണ്ടുവന്ന അവശ്യ പ്രതിരോധ സേവന നിയമം ( Essential Defence Service Act) ഒരു ഉദാഹരണം മാത്രം. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് സിവിലിയൻ ഡിഫൻസ് സർവീസ് മേഖലയിൽ പണിമുടക്ക് നിരോധിക്കുന്നതും സമരത്തെ ക്രിമിനൽ കുറ്റമായി കാണുന്നതും.
ഇന്ത്യയിൽ നവ ഉദാര സാമ്പത്തിക നയത്തിന് തുടക്കംകുറിച്ച 1991 ൽ കോൺഗ്രസ് സർക്കാരിന്റെ കാലംമുതൽ ‘തൊഴിൽ നിയമ പരിഷ്കാരങ്ങൾ' ഈ നയത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. അക്കാലം മുതൽ കേന്ദ്രത്തിൽ വന്ന എല്ലാ കോൺഗ്രസ്, ബിജെപി സർക്കാരുകളും തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ ഇല്ലാതാക്കാനും തൊഴിൽ നിയമങ്ങൾ കോർപറേറ് മൂലധനത്തിന്റെ താൽപ്പര്യങ്ങൾക്ക് അനുകൂലമാക്കാനും ശ്രമം നടത്തി. തൊഴിലാളി വിരുദ്ധ നയങ്ങളെയും നവ ഉദാര നയങ്ങളെയും പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർത്തത് ഇടതുപക്ഷ പാർടികളാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഈ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി 22 പൊതുപണിമുടക്ക് സംഘടിപ്പിച്ചു. ഇപ്പോൾ, ഈ നാല് കോഡുകൾക്കെതിരായ പോരാട്ടത്തിൽ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നത് പ്രതീക്ഷാ നിർഭരം.
2019 ൽ രണ്ടാംവട്ടം അധികാരത്തിൽ വന്ന മോദി ഭരണത്തിന്റെ മുഖ്യ അജൻഡയായിരുന്നു ‘ലേബർ കോഡുകൾ'. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾ ജീവനും ജീവിതത്തിനുംവേണ്ടി പരക്കം പായുന്ന വേളയിലാണ്, 2019–20 ൽ പാർലമെന്റിൽ ഈ കോഡുകൾ സംബന്ധിച്ച ബില്ലുകൾ സർക്കാർ കൊണ്ടുവന്നത്. ഇടതുപക്ഷം അതിശക്തമായ എതിർപ്പുയർത്തി. കോൺഗ്രസ് മൗനം പാലിച്ചു. ബില്ലുകൾ പാസാക്കിയെടുക്കുകയും പിന്നീട് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തെങ്കിലും സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകളും സ്വതന്ത്ര ട്രേഡ് യൂണിയൻ ഫെഡറേഷനുകളും ചെറുത്തുനിന്നതിനെ തുടർന്ന് വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. 2024 ൽ വീണ്ടും മോദി അധികാരത്തിൽ വന്നപ്പോൾ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടായില്ല. എങ്കിലും കൂട്ടുകക്ഷികളായ ജെഡിയുവിന്റെയും ടിഡിപിയുടെയും സഹായത്തോടെ കോർപറേറ്റ്– - ഹിന്ദുത്വ താൽപ്പര്യമായ ‘തൊഴിൽ പരിഷ്കാരം' എങ്ങനെയും നടപ്പാക്കാൻ എൻഡിഎ സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തിവരികയായിരുന്നു. ഇതിനിടെ, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷം കിട്ടിയ പശ്ചാത്തലത്തിൽ ഒരു മുന്നറിയിപ്പുമില്ലാതെ കോഡുകൾ വിജ്ഞാപനം ചെയ്യുകയാണുണ്ടായത്. സ്വകാര്യ, കോർപറേറ്റ് മേഖലയ്‌ക്ക്, പ്രത്യേകിച്ച് അംബാനിമാർക്കും അദാനിമാർക്കും ടാറ്റമാർക്കും ബിർളമാർക്കും മിത്തലുമാർക്കുംവേണ്ടി ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഇന്ത്യയെന്ന രാജ്യമോ, തൊഴിലാളികളോ, കൃഷിക്കാരോ ഒന്നും പരിഗണനാവിഷയമേ അല്ല. പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പോടെ, നിശ്ചയദാർഢ്യത്തോടെ, ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെയുള്ള പോരാട്ടം മാത്രമാണ് പോംവഴി. തൊഴിലാളികളും കർഷകരും ബഹുജനങ്ങളും അണിനിരന്നുള്ള ആ പോരാട്ടങ്ങൾ കരിനിയമങ്ങളെ കടലിൽ എറിയുമെന്ന് ഉറപ്പ്. വരും ദിവസങ്ങളിൽ ഇന്ത്യയിൽ എവിടെയും സമരപതാകകൾ ഉയരും. അതാണ് ഇന്ത്യയുടെ പ്രതീക്ഷയും.







0 comments