ലേബർ കോഡിനെതിരെ പ്രതിഷേധ സദസ്സ് 26ന്

കൊല്ലം
കേന്ദ്രസർക്കാർ ചർച്ചയില്ലാതെ ഏകപക്ഷീയമായി ലേബർ കോഡ് നടപ്പാക്കിയതിനെതിരെ സിഐടിയുവും എഐടിയുസിയും സംയുക്തമായി 26ന് ജില്ലയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. കൊല്ലം നഗരത്തിൽ സംഘടിപ്പിക്കുന്ന പ്രധാന പരിപാടിക്ക് പുറമേ ജില്ലയിലെ 68 പഞ്ചായത്തും നാല് മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പ്രതിഷേധം ഉയരും. എല്ലായിടത്തും പ്രകടനവും നടക്കും. രാജ്യത്ത് സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന 29 തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കിയാണ് കോവിഡിന്റെ മറവിൽ പാസാക്കിയ നാല് തൊഴിൽ നിയമങ്ങൾ 21 മുതൽ നടപ്പാക്കിയിരിക്കുന്നത്. തൊഴിൽ നിയമങ്ങൾ കോർപറേറ്റ് അനുകൂല ലേബർ കോഡുകളാക്കി നടപ്പാക്കാൻ കേന്ദ്ര ബിജെപി സർക്കാർ 2020 മുതൽ ശ്രമം തുടങ്ങിയതാണ്. ഇതിനെതിരെ മൂന്ന് ദേശീയ പണിമുടക്കിലായി 25 കോടി തൊഴിലാളികളും കർഷക കർഷകത്തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി അണിനിരന്നിരുന്നു. ട്രേഡ് യൂണിയനുമായി ഒരു ചർച്ചപോലും നടത്താൻ തയ്യാറാകാതെ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചും വെല്ലുവിളിച്ചുമാണ് ലേബർ കോഡുകൾ നടപ്പാക്കിയത്. ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളുടെ തനിനിറമാണ് ഇതോടെ വെളിവായത്. മൂലധന ശക്തികളുടെയും കുത്തകകളുടെയും താൽപ്പര്യം സംരക്ഷിക്കാൻ കോടിക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഇല്ലാതാക്കുകയാണ് ബിജെപി സർക്കാർ. തൊഴിൽ സമയം, തൊഴിൽ തർക്ക പരിഹാരം, ഇഎസ്ഐ, പിഎഫ് ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ, സ്ത്രീ തൊഴിലാളികൾക്കുള്ള പ്രത്യേക പരിരക്ഷ എന്നിവയെല്ലാം ദുർബലപ്പെടുന്നരീതിയിലാണ് പുതിയ ലേബർ കോഡുകള്‍. രാജ്യത്തെ തൊഴിലാളികളുടെ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ലേബർ കോഡുകൾ നടപ്പാക്കിയ ബിജെപി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം എല്ലാ തൊഴിൽ മേഖലകളിലും ഉയരണമെന്ന് സിഐടിയു, ഐടിയുസി ജില്ലാ കമ്മിറ്റികൾ അഭ്യർഥിച്ചു.






0 comments