കര്‍ണാടക കോഡ് മാറ്റിയെന്ന്
നിറം മാറ്റാന്‍ ശ്രമിച്ച ബോട്ട് കസ്റ്റഡിയില്‍

Boat
സ്വന്തം ലേഖിക
Published on Nov 24, 2025, 01:21 AM | 1 min read
കൊല്ലം
കടലില്‍വച്ച് പെയിന്റടിച്ച് നിറംമാറ്റാന്‍ ശ്രമിച്ച മീന്‍പിടിത്ത ബോട്ട് കോസ്റ്റല്‍ പൊലീസ് പിടികൂടി. നീണ്ടകര സ്വദേശി വിഷ്ണുവിന്റെ ഓൾ സെയിന്റ്സ് ബോട്ടാണ് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ 11തൊഴിലാളികളെ സുരക്ഷാ ഏജൻസികൾ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. കർണാടകയുടെ വെള്ളനിറം കോഡ് ഉണ്ടായിരുന്ന ബോട്ടിന്, ഉൾക്കടലിൽവച്ച് കേരള നിറം കോഡായ നീലയും വീൽഹൗസിനു ചുവപ്പും പെയിന്റ് അടിക്കുകയായിരുന്നു. ഞായർ രാവിലെ 7.30നായായിരുന്നു സംഭവം. അഴീക്കലിൽനിന്ന് മീന്‍പിടിത്തതിനു പോയ പത്തേമാരി ബോട്ടിലെ തൊഴിലാളികളാണ് പെയിന്റടിക്കുന്നത് കണ്ടത്. അന്വേഷിച്ചപ്പോൾ നീണ്ടകരയിൽ കയറാനാണ് നിറം അടിക്കുന്നതെന്നു പറഞ്ഞു. തുടർന്ന് തൊഴിലാളികള്‍ സുരക്ഷാ ഏജൻസികളെ അറിയിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡ് അടക്കമുള്ള സുരക്ഷാസേന പരിശോധനയും തുടങ്ങി. കേരള തീരത്ത് ജാഗ്രതാ നിർദേശവും നൽകി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അതിനിടെ രാത്രി 7.45ന് ബോട്ട് നീണ്ടകര തുറമുഖത്ത്കയറി. അവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ട്രോളിങ് നിരോധനം കഴിഞ്ഞ് കർണാടക തീരത്ത് മീന്‍പിത്തിനു പോയതാണെന്നും തിരികെവന്നത് ഇപ്പോഴാണെന്നും തൊഴിലാളികൾ പൊലീസിനോട് പറഞ്ഞതായാണ് സൂചന. തീരസുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര നിയമലംഘനമാണ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.







0 comments