ചർച്ചകളെല്ലാം പാളി
സ്ഥാനാർഥിയെ നറുക്കിട്ട് തീരുമാനിക്കാൻ കോൺഗ്രസ്

തിരൂർ
താനൂർ ബ്ലോക്ക് പഞ്ചായത്തിലെ തലക്കടത്തൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയെ നറുക്കെടുത്ത് തീരുമാനിക്കാൻ കോൺഗ്രസ്. നാല് കോൺഗ്രസ് പ്രവർത്തകർ നോമിനേഷൻ സമർപ്പിച്ചതോടെയാണ് യഥാർഥ സ്ഥാനാർഥിയെ കണ്ടെത്താൻ ടോസ് ഇടുന്നത്. ചെറിയമുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി നാസറും മുതിർന്ന കോൺഗ്രസ് നേതാവ് സമദ് മുത്താണിക്കാടും മഹിളാ കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് മെമ്പറുമായ പി എച്ച് കുഞ്ഞായികുട്ടിയുടെ ഭർത്താവ് ആലി ഹാജിയും ഷൗക്കത്തുമാണ് നോമിനേഷൻ നൽകിയത്. ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിന് അനുവദിച്ച സീറ്റായതിനാൽ ആലിക്കായി ഒരുവിഭാഗം രംഗത്തെത്തി. എന്നാൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പക്ഷക്കാരനായ പി ടി നാസറിന് അനുകൂലമായി ഔദ്യോഗിക പക്ഷം രംഗത്തെത്തി. കഴിഞ്ഞതവണ തനിക്ക് വാഗ്ദാനംചെയ്ത സീറ്റായതിനാൽ മത്സരിക്കുമെന്നാണ് സമദ് മുത്താനിക്കാട് അവകാശപ്പെട്ടത്. ചർച്ചകൾ നടത്തിയെങ്കിലും ആരും പിൻമാറാൻ തയ്യാറാകാത്തതിനാൽ നാലുപേരും നോമിനേഷൻ സമർപ്പിച്ചതോടെയാണ് തിങ്കളാഴ്ച നറുക്കെടുപ്പ് നടത്തി സ്ഥാനാർഥിയെ തീരുമാനിക്കാമെന്ന് പറഞ്ഞ് നേതൃത്വം ഇടപെട്ടത്. ഇതിനിടെ കോൺഗ്രസിന്റെ തർക്കത്തിനിടെ ലീഗ് പ്രവർത്തകരും നോമിനേഷൻ നൽകിയിട്ടുണ്ട്.






0 comments