രാസവള സബ്സിഡിയിലും കേന്ദ്രത്തിന്റെ കടുംവെട്ട്

Fertiliser Subsidy
വെബ് ഡെസ്ക്

Published on Jul 14, 2025, 12:00 AM | 2 min read


അനിശ്ചിതത്വത്തിന്റെയും ആശങ്കകളുടെയും നിഴലിൽ കഴിയുന്ന രാജ്യത്തെ കാർഷികരംഗത്തിന് വീണ്ടും പ്രഹരമേൽപ്പിച്ച് രാസവളം സബ്സിഡിയിൽ കേന്ദ്ര സർക്കാർ വൻതോതിൽ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. അന്നദാതാക്കളായ കർഷകരെ അവഗണിക്കുന്ന കേന്ദ്ര മനോഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി. 2025 –-26 ലെ കേന്ദ്ര ബജറ്റിൽ രാസവള സബ്സിഡിക്കായി വകയിരുത്തിയത് വെറും 1.67 ലക്ഷം കോടി രൂപ മാത്രമാണ്. 2023–-24 ൽ സബ്സിഡിക്കായി 2.51 ലക്ഷം കോടിരൂപ സർക്കാർ ചെലവഴിച്ചിരുന്നു. എന്നാൽ, 2024 –-25 ൽ ബജറ്റ് വിഹിതം 1.86 ലക്ഷം കോടിയായി കുത്തനെ കുറച്ചു. ഈ സാമ്പത്തിക വർഷം അത് വീണ്ടും വെട്ടിക്കുറച്ചു. രണ്ടു വർഷത്തിനിടെ സബ്സിഡി ഇനത്തിൽ വെട്ടിക്കുറച്ചത് 84,000 കോടി രൂപ. 50 ശതമാനത്തോളം ജനങ്ങൾ ആശ്രയിക്കുന്ന കാർഷികമേഖലയെ അവഗണിക്കുന്നത് രാജ്യത്തെ അവഗണിക്കുന്നതിന് തുല്യമാണെന്ന സാമാന്യബോധംപോലും നവഉദാര സാമ്പത്തിക നയങ്ങളാൽ കണ്ണുകാണാതായ കേന്ദ്ര സർക്കാരിന് നഷ്ടമായിരിക്കുന്നു.


സബ്സിഡികളോട് പൊതുവെ മോദി സർക്കാർ പുലർത്തുന്ന നിഷേധാത്‌മക സമീപനം കർഷകരുടെ കാര്യത്തിൽ കൂടുതൽ കർക്കശമായിരിക്കുന്നു. സാധാരണ സാഹചര്യങ്ങളിൽത്തന്നെ തികച്ചും അപര്യാപ്തമായ സബ്സിഡി തുക, അന്താരാഷ്ട്ര വിപണിയിൽ രാസവളത്തിന് വില കുതിക്കുന്ന സാഹചര്യത്തിൽ അമ്പേ തുച്ഛമാണ്. അന്താരാഷ്ട്ര സാഹചര്യങ്ങളും വർധിച്ച ആവശ്യവുംമൂലം അന്താരാഷ്ട്രവിപണിയിൽ രാസവളത്തിന് വില കയറിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ തന്നെ വലിയ രാസവള ഉപയോക്താവായ ഇന്ത്യ വലിയ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നുമുണ്ട്. യൂറിയയുടെ ഇരുപതു ശതമാനവും ഡൈഅമോണിയം ഫോസ്‌ഫേറ്റിന്റെ 50 മുതൽ 60 വരെ ശതമാനവും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിന്റെ 100 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യ രാസവള ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്ന ചൈനയാകട്ടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു.


അതേസമയം ആഭ്യന്തര ഉൽപ്പാദനത്തിന് തിരിച്ചടിയായി ഫാക്ട് പോലുള്ള പൊതുമേഖലാ രാസവള ഉൽപ്പാദന സ്ഥാപനങ്ങളിൽ ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നു. ആഭ്യന്തരവിപണിയിൽ രാസവള ലഭ്യത കുറയാൻ ഇത് കാരണമാകും.


ഈ വർഷം മഴ കൂടുതൽ കിട്ടിയതിനാൽ ആഭ്യന്തരവിപണിയിൽ വളത്തിന് ആവശ്യം കൂടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വില ഉയരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അത് പരിഗണിക്കാതെ സർക്കാർ സബ്സിഡി വെട്ടിക്കുറയ്‌ക്കുകയായിരുന്നു. ഇതുമൂലം എല്ലാവിധ കൃഷികൾക്കും ചെലവേറുമെന്ന് വ്യക്തം. കടമെടുത്ത് കൃഷിചെയ്ത് നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഒടുവിൽ ആത്മഹത്യയിൽ അഭയം തേടുകയാണ് ഇന്ത്യൻകർഷകർ. മഹാരാഷ്ട്രയിലെ സാംഭാജി നഗർ ജില്ലയിൽ ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങൾക്കിടയിൽ ജീവനൊടുക്കിയത് 269 കർഷകരാണ്. 2024 ൽ ഇതേ കാലയളവിൽ ആത്മഹത്യ ചെയ്തത് 204 പേരായിരുന്നു. മഹാരാഷ്ട്ര , കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കർഷക ആത്‌മഹത്യ പതിവായി. ഇവയിൽ പലതും പുറത്ത് അറിയുന്നുപോലുമില്ല. ഈ ദയനീയ സാഹചര്യത്തിൽപോലും മിനിമം താങ്ങുവില നൽകാതെ കർഷകനെ വഞ്ചിക്കാൻ മടിച്ചില്ല കേന്ദ്രസർക്കാർ. അതിനു പിന്നാലെയാണ് ഇപ്പോൾ രാസവള സബ്സിഡിയിലെ വെട്ടിക്കുറവ്.


കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കിടയിൽപോലും കാർഷികമേഖല കഴിഞ്ഞ വർഷങ്ങളിൽ വളർച്ച കൈവരിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതാണ് അതിനു പ്രധാന കാരണമായി പറയുന്നത്. അതേസമയം കർഷകരുടെ ആത്മവിശ്വാസം തകർത്ത് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന് പ്രകൃതിയോളം കാരുണ്യംപോലും കർഷകരോടില്ല. അതിന്റെ ഉദാഹരണമാണ് രാസവള സബ്സിഡിയിലെ വെട്ടിക്കുറവ്.



deshabhimani section

Related News

View More
0 comments
Sort by

Home