ജാഗ്രത വേണം കാവൽ നിൽക്കണം

കേരളത്തിലെ പൊതുജനാരോഗ്യമേഖലയാകെ തകർന്നടിഞ്ഞു എന്നു വരുത്താനാണ് കുറച്ചുദിവസങ്ങളായി ഒരുവിഭാഗം മാധ്യമങ്ങൾ പുകമറ സൃഷ്‌ടിച്ചും, പ്രതിപക്ഷം അത് ഏറ്റുപിടിച്ചും ശ്രമിക്കുന്നത്. വസ്‌തുതകൾ മറച്ചുവച്ച്, സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനലക്ഷങ്ങളെ ഭീതിയിലാഴ്‌ത്തുന്ന ആസൂത്രിതമായ ഈ പ്രചാരവേലയ്‌ക്കു പിന്നിലെന്താണ്? സത്യവുമായി നേരിയ ബന്ധമെങ്കിലും ഇതിനുണ്ടോ?
ഒമ്പതുവർഷം പിന്നിലേക്ക് പോകാം. 2011 മുതൽ 16 വരെയുണ്ടായിരുന്ന യുഡിഎഫ് സർക്കാരിന്റെ കാലം. സർക്കാർ ആശുപത്രികളുടെ അന്നത്തെ ദയനീയസ്ഥിതി പറയുന്ന വാർത്തകളും ദൃശ്യങ്ങളും ഇപ്പോഴും പൊതുഇടങ്ങളിൽ ലഭ്യമാണ്. അക്കാലം മറന്നവർക്ക് ഓർത്തെടുക്കാം. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചെലവു താങ്ങാനാകാതെ സർക്കാർ ആശുപത്രികളിൽ പോകാൻ നിർബന്ധിക്കപ്പെട്ടവർ മരുന്നില്ലാതെ, ചികിത്സിക്കാൻ ഡോക്ടറില്ലാതെ, ബെഡില്ലാതെ, പഴകിയ പൊട്ടിപ്പൊളിഞ്ഞ ആശുപത്രി കെട്ടിടത്തിൽ വരാന്തയിലും മറ്റും കഴിഞ്ഞിരുന്ന ദുരിതപൂർണമായ കാലം. ജനറൽ ആശുപത്രികളുടെ ബോർഡ് മാത്രം മാറ്റി മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച വിചിത്രമായ കാഴ്‌ചകളും അന്നുണ്ടായി. എല്ലാത്തിനും കാരണമായി സർക്കാർ പറഞ്ഞത് പണമില്ല എന്നായിരുന്നു. എന്നിട്ടും മരുന്നുവാങ്ങുന്നതിന്റെ പേരിലൊക്കെ ഉയർന്ന അഴിമതിക്കഥകൾ ഏറെ. സ്വാഭാവികമായും ജനങ്ങൾ സർക്കാർ ആശുപത്രികളിലേക്ക് പോകാതായി. ഇവിടെനിന്നാണ് 2016ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ ആർദ്രം മിഷൻ രൂപീകരിച്ച് സർക്കാർ ആശുപത്രികളെ മാറ്റിയെടുക്കാൻ ശ്രമിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾവരെയുള്ളവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്‌ബിയിലൂടെ മാത്രം പതിനായിരം കോടിയിലേറെ രൂപ ചെലവിട്ടു. വൻകിട സ്വകാര്യ ആശുപത്രികളെ വെല്ലുംവിധം ആരോഗ്യമേഖല മാറി. ചികിത്സാ സൗകര്യങ്ങളും വർധിച്ചു. അർബുദ ചികിത്സയ്‌ക്കു ജില്ലകൾ തോറും സംവിധാനമായി. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ വേണ്ടിവരുന്ന അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ ഉൾപ്പെടെയുള്ളവ ഇന്ന് പൊതുആരോഗ്യ മേഖലയിൽ ലഭ്യമാണ്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും മരുന്നും ലഭ്യമായതോടെ സർക്കാർ ആശുപത്രികളിലേക്ക് ജനങ്ങൾ തിരിച്ചെത്തി. അങ്ങനെയാണ് കേരളത്തിന്റെ പൊതുആരോഗ്യമേഖല രാജ്യത്ത് നമ്പർ വൺ ആയത്.
മാറ്റം സാധ്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഒമ്പതുവർഷമാണ് പിന്നിട്ടത്. ഇതിങ്ങനെ പോയാൽ അധികാരത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് പൊതുആരോഗ്യ മേഖലയാകെ തകർന്നു എന്ന ആസൂത്രിതമായ പ്രചാരണം മാധ്യമങ്ങളെ ഉപയോഗിച്ച് യുഡിഎഫ് തുടങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഹാരിസ് ചിറക്കലിന്റെ സമൂഹമാധ്യമ കുറിപ്പിന്മേൽ ആണ് ഇത്തവണ പ്രതിപക്ഷവും മാധ്യമങ്ങളും വ്യാജപ്രചാരണം തുടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊളിക്കാൻ നിശ്‌ചയിച്ച പഴയ കെട്ടിടത്തിലെ ശുചിമുറി ഭാഗം തകർന്നപ്പോൾ പ്രചാരണം പാരമ്യത്തിലെത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ’ എന്നായിരുന്നു ചില ചാനലുകളും പത്രങ്ങളും നൽകിയ തലക്കെട്ട്. വിഷയം കൊഴുപ്പിക്കാനുള്ള അന്തിച്ചർച്ചകൾ അവസാനിച്ചിട്ടില്ല. ആശുപത്രികളിൽ മരുന്നില്ല, സൗകര്യങ്ങളില്ല എന്നു തുടങ്ങി, കേരളത്തിന്റെ പൊതുബോധത്തെ കൊഞ്ഞനംകുത്തുന്ന ഗീബൽസിയൻ നുണകളും തട്ടിവിട്ടു. ആശുപത്രികൾ മുഴുവൻ കാമറയുമായി ചാനലുകൾ ഓടി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തെക്കൊണ്ട് സർക്കാരിനെതിരെ പറയിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമവും വിജയിച്ചില്ല. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്, പൊലീസിനെ ആക്രമിച്ചും ആംബുലൻസുകൾ തടഞ്ഞും നാട്ടിൽ കലാപമുണ്ടാക്കാനാണ് യുഡിഎഫും ഒപ്പം ബിജെപിയും നോക്കുന്നത്.
സത്യം മറച്ചുവച്ച്, ആരോഗ്യമേഖല തകർന്നു എന്നുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രചാരണത്തിനുപിന്നിലെ രഹസ്യ അജൻഡ തിരിച്ചറിഞ്ഞ് പൊതുസമൂഹം ജാഗ്രതയോടെ ഇടപെടേണ്ടത് അത്യാവശ്യമാണ്. 42.5 ലക്ഷം കുടുംബങ്ങളാണ് സൗജന്യ ചികിത്സാ പദ്ധതിയിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1498.5 കോടി രൂപയാണ് സൗജന്യ ചികിത്സയ്‌ക്ക് സർക്കാർ ചെലവിട്ടത്. സ്വാഭാവികമായും വൻകിട കോർപറേറ്റ് ആശുപത്രികളിലേക്ക് സാധാരണക്കാർക്ക് പോകേണ്ടിവരുന്നില്ല എന്ന സ്ഥിതിയായി. കേരളത്തിന്റെ വലിയ നേട്ടമായി ലോകം കാണുന്നതാണ് പൊതുവിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തുമുള്ള ‘കേരള മാതൃകകൾ’. ഇതിനെ തകർക്കുകയെന്നത് കോൺഗ്രസിന്റെ രാഷ്‌ട്രീയ അജൻഡകൾ നിശ്‌ചയിക്കുന്ന കനുഗോലുവിന്റെ ഉപദേശമാണ്. ചില വൻകിട ആശുപത്രികളുടെ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ കോർപറേറ്റുകൾ കേരളത്തിന്റെ ആരോഗ്യമേഖലയിലേക്ക് കടന്നുകയറുന്നു എന്നതും ഇതിനോട് ചേർത്തുവായിക്കണം. തെറ്റായ പ്രചാരണങ്ങളിലൂടെ ഇവർക്കു പ്രവേശിക്കാനുള്ള വഴിയൊരുക്കുകയാണ്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരെ ദ്രോഹിക്കുന്ന സമീപനമാണിത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് കാവൽനിൽക്കുന്ന കേരള മോഡലിനെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. കോർപറേറ്റുകളുടെ അച്ചാരം വാങ്ങിയുള്ള ഈ രാഷ്‌ട്രീയക്കളിക്ക് പൊതുആരോഗ്യമേഖലയെ വിട്ടുകൊടുത്തുകൂടാ.









0 comments