തുറന്നുകാട്ടപ്പെടുന്നത് ഇഡിയുടെ അഴിമതിമുഖം

കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയത്തിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി നൂറുകണക്കിന് കേസുകൾ എല്ലാവർഷവും രജിസ്‌റ്റർ ചെയ്യുന്നുണ്ടെങ്കിലും അവയിൽ ശിക്ഷാനിരക്ക് വളരെ കുറവാണെന്നത് വലിയ വിമർശത്തിന് ഇടയാക്കിയിരുന്നു. അഞ്ച് ശതമാനത്തിൽ താഴെ കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. പലപ്പോഴും തെളിവില്ലാതെ കെട്ടിച്ചമയ്‌ക്കുന്ന കേസുകളിൽ വിചാരണ തുടങ്ങാൻതന്നെ ഏറെക്കാലം വൈകുന്നുണ്ട്. ഇക്കാര്യത്തിൽ ഇഡിയുടെ വീഴ്‌ചയെ സുപ്രീംകോടതിയും വിമർശിച്ചിട്ടുണ്ട്. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇഡി രജിസ്‌റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പലമടങ്ങ് വർധിച്ചെങ്കിലും പലതും ബിജെപിക്കും ഇടനിലക്കാർക്കും പണമുണ്ടാക്കാനുള്ളവയാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. അത് ശരിവയ്‌ക്കുന്നതാണ് കൊച്ചിയിൽ ഇഡി ഉന്നത ഉദ്യോഗസ്ഥനടക്കം പ്രതിയായ പുതിയ അഴിമതിക്കേസ്.
കേന്ദ്രസർക്കാർ രാഷ്ട്രീയവേട്ടയ്‌ക്കും, ബിജെപിയും ചില ഉദ്യോഗസ്ഥരും സാമ്പത്തിക കൊള്ളയ്‌ക്കും ആയുധമാക്കുന്ന ഇഡിയുടെ അഴിമതിമുഖം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. പ്രാഥമിക വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇഡി അസി. ഡയറക്ടറായ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. രണ്ട് കോടിയുടെ കൈക്കൂലിക്കേസിൽ ഇടനിലക്കാർ ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിലായിട്ടുണ്ട്. അവരിൽ ഒരാൾ എറണാകുളത്തെ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഇടനിലക്കാരിൽ ഒരാൾ രാജസ്ഥാൻകാരനും. അറസ്‌റ്റുകൾക്ക് പിന്നാലെ പരാതിക്കാരൻ ഇഡിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. മലയാളിയായ ഉന്നത ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും പറഞ്ഞിട്ടുണ്ട്. തന്നെ ഇഡി ഓഫീസിൽ വിളിപ്പിച്ചപ്പോൾ ഇടനിലക്കാരും അവിടെയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ വളരെ ഗൗരവമുള്ളതാണ്. ഇടനിലക്കാരൻ പറഞ്ഞതുപോലെ തന്നെയാണ് ഇഡിയുടെ സമൻസ് വന്നതും തുടർന്ന് ഉദ്യോഗസ്ഥൻ നേരിട്ട് വിളിച്ചതുമെന്ന വെളിപ്പെടുത്തലുകൾ വിരൽചൂണ്ടുന്നത് അഴിമതിയുടെ ആഴങ്ങളിലേക്കാണ്. ഇഡി ഉദ്യോഗസ്ഥർ തന്നെയും ഭാര്യയേയും വിളിച്ചുവരുത്തി വിവസ്‌ത്രരാക്കി ചോദ്യം ചെയ്‌തു എന്ന് മറ്റൊരു കേസിലെ പ്രതി ആരോപിച്ചിട്ടുണ്ട്.
10 വർഷത്തിനിടെ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ഇഡി എടുത്ത 193 കേസിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്ന് രണ്ടുമാസം മുമ്പ് രാജ്യസഭയിൽ സിപിഐ എം അംഗം എ എ റഹിമിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ സർക്കാർ സമ്മതിച്ചിരുന്നു. ബിസിനസുകാർക്കെതിരെയും നൂറുകണക്കിന് കേസുകൾ എല്ലാവർഷവും എടുക്കുന്നുണ്ട്. ഗുജറാത്ത് സമാചാർ പത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇഡി റെയ്‌ഡും ഈ അന്വേഷണ ഏജൻസിയെ ബിജെപി രാഷ്‌ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് എന്ന് ആരോപണമുണ്ട്. പത്രത്തിന്റെ ഉടമകളിലൊരാളായ എഴുപത്തിമൂന്നുകാരൻ ബാഹുബലി ഷായെ അറസ്‌റ്റ് ചെയ്‌തിരുന്നു. പാകിസ്ഥാനിൽ നടത്തിയ സൈനിക ഓപ്പറേഷനുമായി ബന്ധപ്പെട്ട സർക്കാർ നടപടികളെ വിമർശിച്ചതിന്റെ പ്രതികാരമാണെന്നാണ് ആക്ഷേപം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സർക്കാർ മരവിപ്പിച്ച ‘എക്‌സ്’അക്കൗണ്ടുകളിലൊന്ന് ഗുജറാത്ത് സമാചാറിന്റേതായിരുന്നു.
ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ ഇഡിയുടെ സമീപനം വ്യത്യസ്‌തമാണെന്ന് കേരളം കണ്ടിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഇറക്കിയ 3.5 കോടി രൂപയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട സംഭവം അന്വേഷിച്ച പൊലീസ്, നിയമസഭാ–- തദ്ദേശ തെഞ്ഞെടുപ്പ് വേളകളിൽ 53.4 കോടിയുടെ കുഴൽപ്പണം കടത്തിയതായി കണ്ടെത്തിയിരുന്നു. ബിജെപിയുടെ ഉന്നത നേതാക്കളുടെ പങ്കും പുറത്തുവന്നിരുന്നു. കള്ളപ്പണമിടപാട് അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലാത്തതിനാൽ വിശദ റിപ്പോർട്ട് ഇഡിക്ക് കൈമാറി. എന്നാൽ പണത്തിന്റെ ഉറവിടം അന്വേഷിക്കാതെ നാലുവർഷത്തോളം കേസ് മുക്കുകയായിരുന്നു ഇഡി.
ഹൈക്കോടതി പലവട്ടം ഇടപെട്ടതിനെ തുടർന്ന് രാഷ്‌ട്രീയബന്ധം ഒഴിവാക്കി പേരിന് കുറ്റപത്രം സമർപ്പിച്ചു. ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിൽ ഒമ്പത് കോടി രൂപയുടെ കള്ളപ്പണം ഇറക്കിയതിന് സാക്ഷിയാണെന്ന് വെളിപ്പെടുത്തിയ ഓഫീസ് സെക്രട്ടറിയുടെ മൊഴിയെടുത്തില്ല. കൊച്ചിയിൽ ഇപ്പോൾ അഴിമതിക്കേസിൽ ഒന്നാംപ്രതിയായ ഇഡി ഉദ്യോഗസ്ഥൻ തന്നെയാണ് കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളുടെ പങ്ക് മറച്ചുവച്ച് റിപ്പോർട്ട് നൽകിയത് എന്നും വാർത്തയുണ്ട്. ഇത്തരത്തിൽ രാഷ്‌ട്രീയ മേലാളരുടെ താൽപ്പര്യത്തിന് വഴങ്ങി ഇഡി ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികളും ക്രമക്കേടുകളും സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് അവരെ ശിക്ഷിക്കേണ്ടതുണ്ട്.









0 comments