വോട്ടർപട്ടിക പുതുക്കൽ : ‘ബിഹാർപരീക്ഷണം’ അപകടകരം

ബിഹാറിൽ നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രം ശേഷിക്കവെ പൗരത്വ രജിസ്‌റ്ററിന് സമാനമായ പൗരത്വ തെളിവെടുപ്പോടെ വോട്ടർപട്ടിക പുതുക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം കടുത്ത ആശങ്കയും പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുകയാണ്. 2003 ജനുവരി ഒന്നിനു നിലവിൽ വന്ന വോട്ടർപട്ടികയാണ് ആധികാരികമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു. അന്ന് 4.96 കോടി വോട്ടർമാരാണ് ബിഹാറിൽ ഉണ്ടായിരുന്നത്. അതിനാൽ, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പട്ടികയിൽ ഉള്ള 7.89 കോടി വോട്ടർമാരിൽ 2.93 കോടി പേർ അവരുടെ അർഹത തെളിയിക്കാൻ ജനനത്തീയതി, ജനന സ്ഥല രേഖകൾ ഹാജരാക്കേണ്ടിവരും.
1987നുശേഷം ജനിച്ചവർ അവരുടെ രക്ഷിതാക്കളുടെ രേഖകളും സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും വരുത്താനുള്ള തീവ്രയജ്ഞ പരിപാടി ഇക്കഴിഞ്ഞ ശനിയാഴ്‌ച ആരംഭിച്ചുകഴിഞ്ഞു. സെപ്‌തംബർ 30ന് പുതിയ വോട്ടർപട്ടിക പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നത്. ഒക്ടോബർ–-നവംബർ മാസങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഇരുപതിൽപ്പരം വർഷത്തിനിടെ കൂട്ടിച്ചേർത്ത 2.93 കോടി വോട്ടർമാരുടെ യോഗ്യത ചുരുങ്ങിയ സമയത്തിൽ പുനഃപരിശോധിക്കുന്നത് പ്രായോഗികമല്ലെന്ന് പൊതുവെ അഭിപ്രായം ഉയർന്നിട്ടുണ്ട്. മാത്രമല്ല, യോഗ്യത തെളിയിക്കാനുള്ള ബാധ്യത വോട്ടർമാരിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്; അതത് ബൂത്തുതല ഉദ്യോഗസ്ഥരാണ് ഈ ചുമതല നിർവഹിക്കേണ്ടത് എന്നിരിക്കെയാണിത്. തെരഞ്ഞെടുപ്പുകളിൽ മുഖ്യപങ്കാളികളായ രാഷ്‌ട്രീയ പാർടികളുമായി കൂടിയാലോചന നടത്താതെയാണ് നിർണായക പരിഷ്‌കാരം നടപ്പാക്കുന്നത്. തീരുമാനം നടപ്പാക്കുന്ന വിവരം രാഷ്‌ട്രീയ പാർടികളെ വിളിച്ച് അറിയിക്കുകയായിരുന്നു. ബിജെപി ഭരണകാലത്ത് തെരഞ്ഞെടുപ്പ് കമീഷൻപോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ അടക്കം ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജൂൺ 25ന് വിളിച്ച യോഗത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം രാഷ്‌ട്രീയ പാർടികളും ഈ നീക്കത്തെ ശക്തിയായി എതിർത്തിരുന്നു. പ്രതിഷേധം ശക്‌തമായതോടെ 2003 ലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നവരുടെ മക്കൾ അവരുടെ രക്ഷിതാക്കളുടെ വിവരങ്ങൾ നൽകേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം നൽകിയിട്ടുണ്ട്.
അംഗത്വം പുതുക്കാനുള്ള ഫോമുകൾ ബൂത്തുതല ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുക. ഇവ പൂരിപ്പിച്ച് ജനനരേഖകൾക്കൊപ്പം സമർപ്പിച്ചാലേ വോട്ടറായി തുടരാനാകൂ. ബിഹാറിലെ ദശലക്ഷക്കണക്കിന് തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്നവരാണ്. അപേക്ഷാ നടപടികൾ ഓൺലൈനിൽ പൂർത്തീകരിക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരോ സാങ്കേതിക സംവിധാനങ്ങൾ ലഭ്യമല്ലാത്തവരോ ആണ് ഇവരിൽ ഭൂരിപക്ഷവും. രക്ഷിതാക്കളുടെ രേഖകളും ഹാജരാക്കണമെന്ന വ്യവസ്ഥ സ്ഥിതി കൂടുതൽ വഷളാക്കും. ഇതുകൊണ്ടുതന്നെ സാധാരണക്കാരും പാവപ്പെട്ടവരും വോട്ടർപട്ടികയിൽനിന്ന് പുറത്താകും. ജോലി ചെയ്യുന്ന ഇടങ്ങളിൽ വോട്ടർപട്ടികയിൽ ചേരാൻ മതിയായ രേഖകളൊന്നും ഇവരുടെ കൈവശം ഉണ്ടാകണമെന്നില്ല. ഫലത്തിൽ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വോട്ടവകാശം നിഷേധിക്കപ്പെടും. ബിഹാറിൽ നടപ്പാക്കുന്ന പരീക്ഷണം വൻവിപത്താണെന്ന് ചുരുക്കം.
ദേശീയ പൗരത്വ പട്ടികയ്‌ക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെയുള്ള പരിഷ്‌കാരം വോട്ടർപട്ടികയിൽനിന്ന് ഒരു പ്രത്യേക മതവിഭാഗത്തെ പുറന്തള്ളാനാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഈ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. വലിയ വിഭാഗം ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള നീക്കം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടികയുടെ സാധുതയിൽ അതിന്റെ നടത്തിപ്പുകാർ തന്നെ സംശയം പ്രകടിപ്പിച്ചത് വിചിത്രമാണ്. നിലവിലെ വോട്ടർപട്ടികയിൽ ഇത്രയുംപേർ അനർഹരാണെങ്കിൽ തെരഞ്ഞെടുപ്പ് ഫലം തന്നെ നിയമപരമായി ചോദ്യംചെയ്യപ്പെടാം. ബിഹാറിൽനിന്നുള്ള എംപിമാരുടെ പിൻബലത്തിലാണ് മോദിസർക്കാർ തുടരുന്നത്. ജനാധിപത്യസംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുകയെന്ന സംഘപരിവാർ തന്ത്രമാണ് ഇത്തരം നീക്കങ്ങൾക്കു പിന്നിലെന്ന് ന്യായമായും കരുതാം. വോട്ടർമാരുടെ അവകാശങ്ങളും രാജ്യത്തെ ജനാധിപത്യവ്യവസ്ഥയും സംരക്ഷിക്കാൻ വിപുലമായ പ്രതിരോധനിര ഉയരണം.
0 comments