സംഭവിക്കുന്നത് ‘സാമൂഹ്യ പുറംതള്ളൽ’

"ഒരു രാജ്യമെന്നാൽ അതിന്റെ മണ്ണുമാത്രമല്ല, അവിടത്തെ ജനങ്ങളുമാണ്’ എന്നർഥം വരുന്ന, തെലുങ്കു കവിയും നാടകകൃത്തുമായ അപ്പറാവുവിന്റെ വരികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം (inclusive development) എന്നും പറഞ്ഞിട്ടുണ്ട്. ഈ സമീപനം യാഥാർഥ്യമാകണമെങ്കിൽ രാജ്യത്തെ ജനങ്ങളെ ഒന്നാകെ കാണണം. അവരുടെ ജീവിതത്തെ അറിയണം. പക്ഷേ, സാധാരണ ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞുള്ള ഒരു സമീപനവും ബജറ്റിൽ കാണുന്നില്ല.
എല്ലാവരെയും ഉൾക്കൊണ്ടുള്ള വികസനം എങ്ങനെയെന്നറിയാൻ ശ്രീനാരായണ ഗുരു പറഞ്ഞ ആശയം മനസ്സിലാക്കിയാൽ മതി-. ‘മനുഷ്യജാതിയെ ഉൾക്കൊണ്ടുള്ള ഉന്നമനം'. അങ്ങനെയൊരു ബജറ്റിൽ സാമൂഹ്യക്ഷേമം മുഖ്യമായി വരണം. ആരോഗ്യ, ഭക്ഷ്യ, സാമൂഹ്യ സുരക്ഷാ നടപടികൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, കാർഷിക- ഗ്രാമീണ വികസനം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് മുന്തിയ പരിഗണന കിട്ടണം. എന്നാൽ, കേന്ദ്ര ബജറ്റിൽ ഇവയിൽ പലതിന്റെയും വിഹിതം വെട്ടിക്കുറച്ചു. അല്ലെങ്കിൽ കാര്യമായി വർധനയില്ല. എല്ലാവരുടെയും വരുമാനം, സ്വത്ത്, തൊഴിൽ, വായ്പാ സാധ്യത എന്നിവ വർധിപ്പിക്കാനും ബജറ്റിൽ നിർദേശങ്ങളില്ല. അപ്പോൾ സംഭവിക്കുന്നത്, എല്ലാവരെയും ഉൾക്കൊള്ളലല്ല, സാമൂഹ്യമായ പുറംതള്ളലാണ് (Social exclusion).
കൃഷിയുടെ കാര്യം ആദ്യം പരിശോധിക്കാം. രാജ്യത്തെ തൊഴിൽശക്തിയിൽ 46 ശതമാനവും ഈ മേഖലയിലാണ് പണിയെടുക്കുന്നത്. കൃഷിക്കും കർഷകരുടെ ക്ഷേമത്തിനുമുള്ള വിഹിതം, 2024- 25 ബജറ്റിലെ പുതുക്കിയ കണക്ക് പ്രകാരമുള്ള വിഹിതത്തേക്കാൾ നാലുകോടി രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്. പുതിയ ബജറ്റിൽ ആകെ അനുവദിച്ചിരിക്കുന്നത് 1.27 ലക്ഷം കോടി. നടപ്പുവർഷത്തെ പുതുക്കിയ കണക്കിൽ 1.31 ലക്ഷം കോടിയുണ്ടായിരുന്നു. വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻമന്ത്രി ഫസൽ ബിമ യോജനയിൽ 3622 കോടി രൂപ വെട്ടിക്കുറച്ചു. നടപ്പുവർഷത്തെ പുതിയ കണക്കുപ്രകാരം 15,864 കോടിയുണ്ടായിരുന്നത് ഈ ബജറ്റിൽ 12,242 കോടിയായി കുറഞ്ഞു. വളം ഡിപ്പാർട്ട്‌മെന്റിന് കുറച്ചത് 26,500 കോടി രൂപയാണ്. ഇത് വളം സബ്സിഡിയെ കാര്യമായി ബാധിക്കും. കൃഷി സാമ്പത്തികവളർച്ചയുടെ പ്രധാന എൻജിനാണെന്ന് പറയുന്ന ബജറ്റിലാണ് ഇങ്ങനെ വെട്ടിക്കുറച്ചത് എന്നോർക്കുക. വിളകളുടെ അടിസ്ഥാനത്തിലുള്ള വിവിധ മിഷനുകളെക്കുറിച്ച് ബജറ്റിൽ വാ തോരാതെ പറഞ്ഞിട്ടുണ്ടെങ്കിലും അനുവദിച്ച തുക നാമമാത്രം.
തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് കോടിക്കണക്കിന് സാധാരണക്കാരുടെ ആശ്രയമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പക്ഷേ, പദ്ധതിക്ക് ഒരു പൈസപോലും കൂട്ടിയില്ല. 2024-25 ബജറ്റിൽ അനുവദിച്ച 86,000 കോടി തന്നെയാണ് ഇക്കുറിയും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഭക്ഷ്യ സബ്സിഡി അനുവദിക്കുന്നതിനുള്ള തുകയും വലിയതോതിൽ ചുരുക്കി. വകയിരുത്തിയത് 20.3 ലക്ഷം കോടി രൂപമാത്രം. 2022–- -23 ബജറ്റിൽ 27.3 ലക്ഷം കോടിയുണ്ടായിരുന്നു.
ആരോഗ്യരംഗത്ത് പ്രാഥമികാരോഗ്യ സംരക്ഷണം വളരെ പ്രധാനമാണ്. എന്നാൽ, ബജറ്റിൽ മതിയായ പരിഗണനയില്ല. ദേശീയ ആരോഗ്യ മിഷന്റെ വിഹിതം 3.77 ശതമാനംമാത്രം. പ്രാഥമിക ആരോഗ്യ സംരക്ഷണവും ജില്ലാ ആശുപത്രികളും ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കേണ്ടത് ദേശീയ ആരോഗ്യമിഷനാണ്. സാധാരണ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ സർക്കാരിന് താൽപ്പര്യമില്ലെന്ന് വ്യക്തം. സ്കൂൾ വിദ്യാഭ്യാസ പരിപാടിയിൽ സമഗ്ര ശിക്ഷ (0.81 ശതമാനം), പ്രധാൻമന്ത്രി പോഷൺ ശക്തി (0.25 ശതമാനം) എന്നിവയ്‌ക്ക് തീരെ ചെറിയ തുകയാണ് വകയിരുത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിനും കാര്യമായ പരിഗണനയില്ല.
‘വികസിത ഭാരത'ത്തെ മുൻനിർത്തി ബജറ്റിൽ പറയുന്ന ആറു കാര്യങ്ങളിൽ ദാരിദ്ര്യമില്ലാത്ത ഇന്ത്യ, ഗുണമേന്മ വിദ്യാഭ്യാസം, വിപുലമായ ആരോഗ്യസംരക്ഷണം, അർഥവത്തായ തൊഴിൽ, സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം, കൃഷിക്കാരുടെ ക്ഷേമം എന്നിവയൊക്കെയുണ്ട്. എന്നാൽ, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ അനുവദിച്ച വിഹിതവും പ്രഖ്യാപനവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് മുകളിൽ സൂചിപ്പിച്ച കണക്കുകളിൽ കാണാം. ചുരുക്കിപ്പറഞ്ഞാൽ ആളോഹരി വരുമാനവും ഉപഭോഗവും തൊഴിലവസരവും വർധിപ്പിക്കൽ ബജറ്റിന്റെ ലക്ഷ്യമല്ല. യഥാർഥ സാമ്പത്തിക വളർച്ചയെന്നാൽ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതാകണം. തകർന്ന ജീവിതങ്ങളെ കരകയറ്റുന്നതാകണം. കമ്പോളത്തിൽ എന്തുണ്ടെങ്കിലും അതു വാങ്ങാൻ പൈസ വേണം. അതുണ്ടാകണമെങ്കിൽ സാമൂഹ്യ സുരക്ഷാ ക്ഷേമ നടപടികൾ ശക്തമാകണം. ഈ ബജറ്റിൽ സാമൂഹ്യ ക്ഷേമ മേഖലയെ പൂർണമായും അവഗണിച്ചിരിക്കുന്നു. സാമൂഹ്യമായ ഉൾച്ചേർക്കലല്ല, പുറംതള്ളലാണ് നിർമല സീതാരാമന്റെ ബജറ്റിലെ സമീപനം.









0 comments