ക്രിക്കറ്റിൽ ഇന്ത്യൻ ഓർക്കസ്‌ട്ര

editorial today
വെബ് ഡെസ്ക്

Published on Mar 11, 2025, 12:01 AM | 2 min read

പതിനൊന്നുപേർ ചേർന്നൊരുക്കിയ മനോഹരമായ ഓർക്കസ്‌ട്ര. അല്ലെങ്കിൽ വീണ്ടും കേൾക്കാൻ കൊതിക്കുന്നൊരു സംഘഗാനം. ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റിൽ ഇന്ത്യൻ വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ദുബായ്‌ അതിനു വേദിയായി. അറബ്‌ മണ്ണിൽ മുഴങ്ങിയത്‌ കേവലമൊരു വിജയത്തിന്റെ ആരവമല്ല, മറിച്ച്‌ ക്രിക്കറ്റിൽ ഇന്ത്യ തുടരുന്ന സർവാധിപത്യത്തിന്റെ കാഹളമായിരുന്നു. ഫൈനലിൽ ന്യൂസിലൻഡിനെ നാല്‌ വിക്കറ്റിന്‌ കീഴടക്കി. ഒറ്റക്കളിയും തോൽക്കാതെയാണ്‌ രോഹിത്‌ ശർമയും സംഘവും രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) ടൂർണമെന്റിൽ വിജയക്കൊടി നാട്ടിയത്‌.   മൂന്നാംതവണയാണ്‌ കിരീടനേട്ടം. കായികരംഗത്ത്‌ ഇന്ത്യക്ക്‌ അപൂർവമായി കിട്ടുന്നതാണ്‌ സംഘബോധവും സർവാധിപത്യവും. തോറ്റുപോകുന്ന കളികളാണ്‌ കൂടുതൽ. അതുകൊണ്ടുതന്നെ ഓരോ ചെറുവിജയവും ഇന്ത്യൻ മനസ്സിനെ അത്രമേൽ ആഹ്ലാദിപ്പിക്കുന്നു.


 ക്രിക്കറ്റിൽ കളത്തിനകത്തും പുറത്തും ഇന്ത്യ അജയ്യശക്തിയായി മാറിക്കഴിഞ്ഞു. പരിമിത ഓവർ ക്രിക്കറ്റിൽ കുറച്ചുകാലമായി സ്ഥിരതയാർന്ന പ്രകടനമാണ്‌. 50 ഓവറിലും 20 ഓവറിലും മേൽക്കൈയുണ്ട്‌. രണ്ട്‌ വിഭാഗത്തിലും ഒന്നാംറാങ്കാണ്‌. 2023 ഏകദിന ലോകകപ്പിൽ റണ്ണറപ്പായ ടീം 2024 ട്വന്റി20 ലോകകപ്പിൽ ചാമ്പ്യന്മാരായി. എട്ട്‌ മാസത്തിനിടെ രണ്ടാംകിരീടമാണിത്‌. ചരിത്രത്തിലെ ഏഴാം ഐസിസി കിരീടമാണ്‌ പുരുഷ ടീം നേടുന്നത്‌. 1983, 2011 ഏകദിന ലോകകപ്പും 2007, 2024 ട്വന്റി20 ലോകകപ്പും സ്വന്തമാക്കി. ചാമ്പ്യൻസ്‌ ട്രോഫി (2002, 2013, 2025) മൂന്നുതവണ കരസ്ഥമാക്കി. 12 വർഷത്തെ  ഇടവേളയ്‌ക്കുശേഷമാണ്‌ ചാമ്പ്യൻസ്‌ ട്രോഫി നേടുന്നത്‌. ഇക്കുറി പാകിസ്ഥാനായിരുന്നു വേദി. രാഷ്‌ട്രീയ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ തയ്യാറായില്ല. അതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലായിരുന്നു.


ഏത്‌ സാഹചര്യവും നേരിടാൻ കരുത്തുള്ള സന്തുലിതമായ ടീമായിരുന്നു. ആഴമേറിയ ബാറ്റിങ് നിരയ്‌ക്ക്‌ സ്‌പിന്നർമാർ കൂട്ടുപോയപ്പോൾ ആർക്കും തോൽപ്പിക്കാനായില്ല. കുറച്ചുകാലമായി ഒരുമിച്ചു കളിക്കുന്നതിന്റെ താളവും കൂട്ടായ്‌മയും കളത്തിൽ പ്രതിഫലിച്ചു. മുതിർന്ന അംഗങ്ങളായ രോഹിത്‌ ശർമയ്‌ക്കും വിരാട്‌ കോഹ്‌ലിക്കുമൊപ്പം ശുഭ്‌മാൻ ഗില്ലും ശ്രേയസ്‌ അയ്യരും കെ എൽ രാഹുലും വരുൺ ചക്രവർത്തിയുമൊക്കെ അണിനിരന്നു. ഒരിക്കൽക്കൂടി സ്‌പിൻ ബൗളർമാരെ ആശ്രയിച്ചാണ്‌ വിജയം. സെമിയും ഫൈനലും കളിച്ചത്‌ നാല്‌ സ്‌പിന്നർമാരുമായാണ്‌. പാകിസ്ഥാനെതിരെ കോഹ്‌ലിയും ന്യൂസിലൻഡിനെതിരെ രോഹിതും നടത്തിയ പ്രകടനം അവരുടെ പ്രതിഭ ഓർമപ്പെടുത്തുന്നു. പേസ്‌ നിരയിലെ വജ്രായുധമായ ജസ്‌പ്രീത്‌ ബുമ്ര പരിക്കേറ്റ്‌ പുറത്തായിട്ടും ബൗളിങ്ങിനെ ബാധിച്ചില്ല.


 കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ്‌ നേടുന്നത്‌ 1983ലാണ്‌. രാജ്യത്ത്‌ ക്രിക്കറ്റ്‌ പ്രചരിക്കുന്നതിൽ ഈ വിജയം വഹിച്ച പങ്ക്‌ ചെറുതല്ല. ഐതിഹാസിക നേട്ടത്തിന് നാല്‌ പതിറ്റാണ്ട് ശേഷമുള്ള ക്രിക്കറ്റ്‌, രൂപത്തിലും ഭാവത്തിലും അവതരണത്തിലും ഏറെ മാറിയിരിക്കുന്നു. ഇന്ന്‌ വിപണിയുടേതുകൂടിയാണ്‌ ക്രിക്കറ്റ്‌.  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) കാലമാണിനി. പുതിയ സീസൺ 22ന്‌ തുടങ്ങും. ലോകത്തെ സമ്പന്നമായ കായികസംഘടനകളിലൊന്നായി ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ (ബിസിസിഐ) മാറിയത്‌ ഐപിഎല്ലിന്റെ വരവോടുകൂടിയാണ്‌. കഴിഞ്ഞ സാമ്പത്തികവർഷം 20,686 കോടിയാണ്‌ ബിസിസിഐയുടെ വരുമാനം. അത്‌ മുൻവർഷത്തേക്കാൾ 4200 കോടി കൂടുതലാണ്‌. ക്രിക്കറ്റ്‌ ബോർഡുകളിൽ ബിസിസിഐയെ വെല്ലാൻ ആളില്ല. സാമ്പത്തികശേഷിയിൽ രണ്ടാമതുള്ള ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ വരുമാനം 658 കോടിയാണ്‌. പാകിസ്ഥാന്റേത് 458 കോടിയാണെങ്കിൽ ന്യൂസിലൻഡിന്റേത്‌ 75 കോടിമാത്രം. ഐസിസിയിൽ ബിസിസിഐക്കുള്ള സ്വാധീനത്തിന്‌ വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ.


വരുമാനത്തിന്റെ പ്രധാന സ്രോതസ്സ്‌ ഐപിഎല്ലാണ്‌. സംപ്രേഷണാവകാശവും സ്‌പോൺസർഷിപ്പുകളും പണം വാരാനുള്ള വഴികളാണ്‌. ഐപിഎൽ സംപ്രേഷണാവകാശം അഞ്ചുവർഷത്തേക്ക്‌ ഡിസ്‌നി സ്‌റ്റാർ–-വയകോം 18 സ്വന്തമാക്കിയത്‌ 48,390 കോടി രൂപയ്‌ക്കാണ്‌. 2024ൽ ഐപിഎൽ മത്സരങ്ങൾ ടെലിവിഷനിൽ കണ്ടത്‌ 54.6 കോടി പേരാണ്‌. ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി 62 കോടി പേരും. അത്‌ മുൻവർഷത്തേക്കാൾ 18 ശതമാനം കൂടുതലാണ്‌. അടുത്ത സീസൺ ആരംഭിക്കാനിരിക്കെ എല്ലാ കണക്കുകളും വീണ്ടും മാറിമറിയുമെന്നുറപ്പാണ്‌. തൽക്കാലം ഈ കണക്കുകൾവിട്ട്‌ ഐപിഎൽ മത്സരങ്ങൾ ആസ്വദിക്കാം. സിക്‌സറുകളും ഫോറുകളും പേമാരിപോലെ പെയ്യുമ്പോൾ സാധാരണ ക്രിക്കറ്റ്‌പ്രേമിക്ക്‌ അതല്ലാതെ എന്തുവഴി.



deshabhimani section

Related News

View More
0 comments
Sort by

Home