വ്യോമഗതാഗതത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കണം

aviation
വെബ് ഡെസ്ക്

Published on Jun 18, 2025, 12:00 AM | 2 min read


രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിസ്സംഗതയും ഒളിച്ചുകളിയും അസഹ്യവും അപലപനീയവുമാണ്. അപകടം നടന്ന് ഒരാഴ്ച തികയുമ്പോഴും ഉറ്റവരുടെ മൃതദേഹങ്ങൾക്കായി ബന്ധുക്കൾ കാത്തിരിക്കേണ്ട ദുരവസ്ഥ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആഘാതത്തിൽ കഴിയുന്നവർക്ക് അസഹനീയമാണ് ഈ കാത്തിരിപ്പ്.


അപകടത്തിൽ എത്രപേർ മരിച്ചെന്ന് കൃത്യമായി തിട്ടപ്പെടുത്താൻകൂടി ഇതേവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 171 ബോയിങ് 787 -8 ഡ്രീംലൈനർ വിമാനം കഴിഞ്ഞ വ്യാഴാഴ്ചയാണ്‌ ദുരന്തത്തിൽപ്പെട്ടത്‌. പറന്നുയർന്ന ഉടൻ തകർന്ന് വീണ് യാത്രക്കാരും വിമാനജീവനക്കാരുമടക്കം 241 പേർ മരിച്ചെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. വിമാനം പതിച്ച ബിജെ മെഡിക്കൽകോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളും പരിസരവാസികളുമടക്കം ഏതാനുംപേർകൂടി മരിച്ചെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. അങ്ങനെ ആകെ മരണം 275 എന്ന് പറയുമ്പോഴും പ്രദേശത്തുനിന്ന് പലരെയും കാണാതായതായി പരാതികൾ ഉയരുന്നുണ്ട്‌. അവയ്ക്കൊന്നും വേണ്ട ഗൗരവം കൊടുക്കാനോ അന്വേഷിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. അതിനിടെയാണ് ഡിഎൻഎ പരിശോധന നടത്തി മൃതദേഹം വിട്ടുകൊടുക്കുന്നതിലെ കാലതാമസം. ദുരന്തത്തിൽ മരിച്ചവരോടുള്ള അനാദരവായി മാത്രമേ ഈ നിസ്സംഗതയെ കാണാനാകൂ.

ഇതിനിടെ ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 -8 ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാർമൂലം ഹോങ്കോങ് വിമാനത്താവളത്തിൽ തിങ്കളാഴ്‌ച പുലർച്ചെ തിരിച്ചിറക്കിയത് രാജ്യത്തെ വ്യോമഗതാഗതത്തെ സംബന്ധിച്ച് ആശങ്കയേറ്റുന്നു. ജിദ്ദയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുമായി ലഖ്‌നൗ വിമാനത്താവളത്തിലിറങ്ങിയ എയർബസ് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും അതേദിവസംതന്നെ.


ഈ സാഹചര്യത്തിൽ അഹമ്മദാബാദിൽ വിമാനം തകർന്ന് വീഴാനിടയായതിന്റെ കാരണം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു. അതിന് സുതാര്യവും വിദഗ്ധവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ സംശയത്തിന് ഇട നൽകുന്നു. അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന (ഐസിഎഒ)യുടെ മാനദണ്ഡങ്ങൾ പ്രകാരം അന്താരാഷ്ട്ര ചട്ടങ്ങൾ അനുസരിച്ച് രാജ്യത്തെ വിമാനാപകട അന്വേഷണ ബ്യൂറോ (എഎഐബി) സ്വതന്ത്രമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കാരണങ്ങളും ഉണ്ടായ സാഹചര്യവുമാണ് എഎഐബിയുടെ അന്വേഷണ വിഷയങ്ങൾ. എന്നാൽ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച, ആഭ്യന്തര സെക്രട്ടറി തലവനായുള്ള ഉന്നതതല സമിതിയുടെ പരിഗണനാവിഷയങ്ങളും ഇതുതന്നെയാണെന്നത് സംശയാസ്പദമാണ്. ഒരു ഉന്നതതല സമിതി അതേ പരിഗണനാ വിഷയങ്ങളിൽ സമാന്തര അന്വേഷണം നടത്തുന്നത് തീർച്ചയായും എഎഐബിയുടെ അന്വേഷണത്തെ ദുർബലമാക്കും. അന്വേഷണത്തിൽ സർക്കാർ ഇടപെടലിനുള്ള സാധ്യതയും ഇത് സൂചിപ്പിക്കുന്നു. വിമാന അപകടങ്ങളിലെ അന്വേഷണത്തിൽ ഏറെ നിർണായകമായ ബ്ലാക്ക് ബോക്സുകളുടെ അടക്കം നിയന്ത്രണം ഉന്നതാധികാര സമിതിക്കും നൽകിയിരിക്കുന്നു. തെളിവുകൾ ശേഖരിക്കാനും അന്താരാഷ്ട്രസംഘടനകളുമായും വിമാന എൻജിൻ നിർമാതാക്കളുമായും ബന്ധപ്പെടാനുമുള്ള അധികാരവും ഉന്നതാധികാര ഏജൻസിക്കുകൂടി നൽകിയിട്ടുണ്ട്‌.


എഎഐബിയുടെ സ്വതന്ത്രവും വിദഗ്‌ധവുമായ അന്വേഷണത്തെ ബാധിക്കുന്നതാണ് ഈ സമാന്തര അന്വേഷണം. അതിനാൽ ഉന്നതാധികാര സമിതിയുടെ അന്വേഷണ വിഷയങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന സിപിഐ എം പൊളിറ്റ് ബ്യൂറോയുടെ ആവശ്യം ഇക്കാര്യത്തിലെ ആശങ്കയകറ്റുന്നതിന് അനിവാര്യമാണ്. ഉന്നതാധികാര സമിതിക്ക് മറ്റ് ഉത്തരവാദിത്വങ്ങളുണ്ടെന്ന കാര്യവും സിപിഐ എം ഓർമിപ്പിക്കുന്നു. മുമ്പുണ്ടായ വിമാനാപകടങ്ങളുടെ അന്വേഷണ റിപ്പോർട്ടുകളും അവയിലെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നത്‌ അപകടസാധ്യത ഒഴിവാക്കുന്നതിന് ഉപകരിക്കും. വ്യോമയാന മേഖലയെക്കുറിച്ച്‌ സമഗ്രമായി പരിശോധിച്ച് തെറ്റുകൾ തിരുത്താൻ കർക്കശനടപടി സ്വീകരിക്കേണ്ടതുണ്ട്‌. സങ്കീർണമായ കാര്യങ്ങളിലുള്ള അന്വേഷണം സാങ്കേതിക വിദഗ്ധർ അടങ്ങുന്ന എഎഐബിക്ക് വിട്ടുകൊടുത്ത് ഉന്നതാധികാരസമിതി ഭരണപരമായ വീഴ്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

കൂടുതൽ ആളുകൾ വിമാനയാത്രയെ ആശ്രയിക്കുന്ന ഇക്കാലത്ത് അപകടങ്ങൾ ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. സ്വതന്ത്രമായ അന്വേഷണത്തിലൂടെ ദുരന്തകാരണം കണ്ടെത്തി പരിഹരിക്കുന്നത് ആ ആശങ്കകൾക്ക് ഒരളവോളം പ്രതിവിധിയാകും. അതിനുള്ള ആർജവവും കാർക്കശ്യവും കേന്ദ്ര സർക്കാർ പ്രകടമാക്കിയാലേ വ്യോമയാന മേഖലയ്ക്ക് വിശ്വാസ്യത വീണ്ടെടുക്കാനാകൂ.



deshabhimani section

Related News

View More
0 comments
Sort by

Home