കരീബിയൻ കടലിൽ വീണ്ടും യുഎസ് ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു

വാഷിങ്‌ടൺ : കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് വീണ്ടും യുഎസ് ആക്രമണം. നാലുപേർ കൊല്ലപ്പെട്ടു. ലാറ്റിനമേരിക്കൻ മേഖലയെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് അമേരിക്ക ബോട്ടുകൾക്കു നേരെ ആക്രമണം നടത്തുന്നത്. ഇത്തരത്തിൽ കരീബിയൻ കടലിൽ യുഎസ് സൈന്യം നടത്തുന്ന ഇരുപതാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ചയാണ് സംഭവമെന്ന് പെന്റഗൺ ഉദ്യോഗസ്ഥൻ പറഞ്ഞു. സെപ്തംബർ മുതൽ അമേരിക്ക ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 80 പേർ മരിച്ചു.
ഞായറാഴ്ച രണ്ട് ആക്രമണങ്ങൾ നടത്തിയതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചിരുന്നു. യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലടക്കം കരീബിയൻ തീരത്ത് വിന്യസിച്ച് ട്രംപ് ഭരണകൂടം മേഖലയിൽ ഇതിനകം തന്നെ യുഎസ് സൈന്യത്തിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനിടെയാണ് പുതിയ സംഭവം. ദൗത്യത്തിന് ഔദ്യോഗികമായി ഓപ്പറേഷൻ സതേൺ സ്പിയർ എന്ന് പേരിട്ടതായും പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. മറ്റൊരു നൂതന യുദ്ധക്കപ്പൽ കൂടി കരീബിയൻ തീരത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.
സെപ്തംബർ ആദ്യം മുതലാണ് യുഎസ്, കരീബിയൻ കടലിലും കിഴക്കൻ പസിഫിക് സമുദ്രത്തിലും ആക്രമണം ശക്തമാക്കിയത്. മയക്കുമരുന്ന് കടത്തുകാരുടെ കപ്പലുകളാണ് ലക്ഷ്യമിടുന്നതെന്ന വാദത്തിന് ട്രംപ് ഭരണകൂടം ഇതുവരെ കാര്യമായ തെളിവുകൾ നൽകിയിട്ടില്ല. വെനസ്വേലയ്ക്കും പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കുമെതിരെയുള്ള ഭീഷണിയെന്ന നിലയിലാണ് ട്രംപ് ട്രിനിടാഡ് ആൻഡ് ടൊബാഗോ തീരത്ത് യുദ്ധക്കപ്പൽ വിന്യസിച്ചത്. യുഎസ് യുദ്ധക്കപ്പൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നങ്കൂരമിട്ടതിനു പിന്നാലെ ദ്വീപുമായുള്ള ഊർജ കരാർ വെനസ്വേല റദ്ദാക്കിയിരുന്നു.








0 comments