പ്രൊഫ.വി കെ ദാമോദരൻ അന്തരിച്ചു

പ്രൊഫ.വി കെ ദാമോദരൻ
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടറും, വൈദ്യുതി വകുപ്പ് മുൻ എക്സ്-ഒഫീഷ്യോ സെക്രട്ടറിയുമായിരുന്ന പ്രൊഫ.വി കെ ദാമോദരൻ (85) അന്തരിച്ചു. ജനകീയശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ അദ്ദേഹം കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രഗതി എഡിറ്റർ, യുറീക്ക മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിച്ചു.
ഊർജാസുത്രണരംഗത്ത് സാർവദേശീയതലത്തിൽതന്നെ ശ്രദ്ധേയനായ വി കെ ദാമോദരൻ ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ഊർജാസൂത്രണ ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ എനർജി മാനേജ്‌മന്റ് സെന്ററിന്റെയും സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന്റെയും ചുമതല വഹിച്ചു. ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും വിദൂര ഗ്രാമപ്രദേശങ്ങളിൽ സുസ്ഥിരമായ ഊർജലഭ്യതക്കായി പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും ഹൈബ്രിഡ് വില്ലേജ് എനർജി സെൻ്റർ മാതൃക യുണിഡോക്ക് (UNIDO) വേണ്ടി വികസിപ്പിച്ചതിനും 2012-ലെ ഐഇഇഇ ഏഷ്യ പസഫിക് റീജിയൺ ഹിസ്റ്റോറിക്കൽ അച്ചീവ്മെൻ്റ് അവാർഡ് ജേതാവാണ്. ജർമനിയിലും ചൈനയിലുമുള്ള പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള സംയുക്ത എപിഒ-യുണിഡോ ഫെലോഷിപ്പിൻ്റെ (1992-93) വിജയി കൂടിയാണ്.
ഐഇഇഇ കേരളാ സെക്ഷൻ്റെ മുൻ ചെയർമാനും ഐഇഇഇ ഇന്ത്യാ കൗൺസിലിൻ്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായിരുന്നു. ഇരുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി ഗവേഷണ പ്രോജക്ടുകൾക്കും പരിപാടികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.









0 comments