print edition കാസർകോട് വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം തകർത്തു; 260 ലിറ്റർ വാഷും10 ലിറ്റർ ചാരായവും പിടികൂടി

Edakkanath illicit liquor

വ്യാജമദ്യനിർമാണ കേന്ദ്രത്തിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയ വാഷും, വാറ്റ് ചാരായവും ഉപകരണങ്ങളും

avatar
സ്വന്തം ലേഖകൻ

Published on Nov 15, 2025, 07:36 AM | 1 min read

വെള്ളരിക്കുണ്ട് (കാസർകോട്): കാസർകോട് ബളാൽ പഞ്ചായത്തിൽ മാലോം എടക്കാനത്ത് വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം പിടികൂടി തകർത്തു. തെരഞ്ഞെടുപ്പ് കാലം ചാരായത്തിൽ മുക്കാനുള്ള വ്യാജമദ്യ ലോബിയുടെ ശ്രമമാണ് എക്സൈസ് സംഘം തകർത്തത്. മാലോം എടക്കാനം മലയിൽ വനാതിർത്തിയിലെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡ്ഡിലാണ് നിർമാണ കേന്ദ്രം പ്രവർത്തിച്ചത്. ഇവിടെനിന്ന് വാറ്റാൻ തയ്യാറാക്കിയ 260 ലിറ്റർ വാഷും10 ലിറ്റർ ചാരായവും പിടികൂടി.


കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായ നിർമാണ കേന്ദ്രം കണ്ടെത്തിയത്. പിടികൂടിയ വാഷും ചാരായവും ഉദ്യോഗസ്ഥർ നശിപ്പിച്ചു. ഉപകരണങ്ങളും ചാരായ സാമ്പിളുകളും തൊണ്ടിയായി കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി നീലേശ്വരം എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.


എടക്കാനം സ്വദേശി എം ടി സിനോജിനെതിരെ കേസെടുത്തു. പ്രിവന്റീവ് ഓഫീസർ സി അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, വി വി ഷിജിത്ത്, ടി വി അതുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ടി വി ധന്യ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുമ്പും ഈ പ്രദേശങ്ങളിൽ വനത്തിലും, വനാതിർത്തികളിലും ചില ഉന്നതരുടെ സഹായത്തോടെ വ്യാജവാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നു. മുൻകാലങ്ങളിൽ വ്യാപകമായി വാറ്റ് ചാരായം പല സ്ഥലങ്ങളിലേക്കും ഇവിടെനിന്ന് എത്തിക്കാറുണ്ട്. നിരവധി തവണ എക്സൈസ് സംഘം ഇവ പിടികൂടി തകർത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home