61 തദ്ദേശ സ്ഥാപനങ്ങൾക്ക് ആദരം ഇന്ന്

കണ്ണൂർ
ലൈഫ്, പിഎംഎവൈ പാർപ്പിട പദ്ധതികളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങളെയും ‘മനസ്സോടിത്തിരി മണ്ണി’ന്റെ ഭാഗമായി ഭൂമി നൽകിയവരെയും ചൊവ്വാഴ്‌ച ആദരിക്കും. കണ്ണൂർ പൊലീസ് മൈതാനിയിൽ ‘എന്റെ കേരളം’ പ്രദർശന വിപണനമേള വേദിയിൽ ചൊവ്വ പകൽ 2.30ന് മന്ത്രി എം ബി രാജേഷ് ആദരിക്കും. ജില്ലയിലെ പദ്ധതി പൂർത്തിയാക്കിയ 61 തദ്ദേശസ്ഥാപനങ്ങൾ ആദരം ഏറ്റുവാങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരിയും കെ വി സുമേഷ് എംഎൽഎയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ലൈഫ് മിഷൻ, സമ്പൂർണ പാർപ്പിട പദ്ധതികൾ വഴി 25,307 വീടുകളാണ് അനുവദിച്ചത്. 21,328 വീടുകളുടെ നിർമാണം പൂർത്തിയായി. 3,979 എണ്ണത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 853 കോടി രൂപയാണ് ആകെ ചെലവ്. ജില്ലയിലെ 61 തദ്ദേശസ്ഥാപനങ്ങളിലെ 17,899 ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങൾക്ക് അനുവദിച്ച 14,684 വീടുകൾ പൂർത്തീകരിച്ചു. ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് 400 സെന്റ് ഭൂമിയാണ് ലഭിച്ചത്. ഇതിൽ 176 സെന്റ് ഭൂമിയുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ, ലൈഫ് മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ എം പി വിനോദ്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments