നിങ്ങളെ മറന്നാൽ പടച്ചോൻ പൊറുക്കൂല’

ജില്ലാപഞ്ചായത്ത് അഞ്ചരക്കണ്ടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഒ സി ബിന്ദു, സാന്ത്വന പരിചരണത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച വട്ടിപ്രം സാമ്പ്രിക്കടുത്ത് കെ താഹിറയുടെ വീട്ടിൽ
വി കെ ഉല്ലാസ്
Published on Nov 22, 2025, 02:30 AM | 1 min read
അഞ്ചരക്കണ്ടി
വെളിച്ചമായവൾ മുന്നിലെത്തി: ‘‘താഹിറാത്താ...’’ ഇരു കൈകളും നെഞ്ചോട് ചേർത്തവർ ഇറുകെപ്പിടിച്ചു. ആ വിളിയിൽ താഹിറയുടെ ഭൂതകാല ദുരിതങ്ങൾ മുഴുവൻ തിടംവച്ചുനിന്നു. കാഴ്ചമങ്ങിയ കാലം; ശരീരചർമ്മം പൊളിഞ്ഞിളകുന്ന അവസ്ഥ, വസ്ത്രംപോലും നേരാംവണ്ണം ധരിക്കാൻ പറ്റില്ല. ഭക്ഷണം ഇറങ്ങില്ല. അതികഠിനമായ ശരീരവേദന. ഇരുന്ന ഇരുപ്പിൽനിന്ന് ഒന്നനങ്ങാൻപോലുമാകാതെ നരകയാതന അനുഭവിച്ച നാളുകൾ... ബന്ധുക്കളുടെയും നാട്ടുകാരുടെയും തുറിച്ചുനോട്ടവും! അവിടേക്കാണ് വട്ടിപ്രം സാബ്രിക്കടുത്ത് കൊട്ടാരം വീട്ടിൽ താഹിറയ്ക്ക് മുന്നിൽ മൂന്ന് വർഷം മുന്പ് മാലാഖയായി ഒ സി ബിന്ദു എന്ന പാലിയേറ്റീവ് നഴ്സ് സാന്ത്വനവുമായി ചിറക് വിരിച്ചെത്തിയത്. പതിനായിരത്തിൽ ഒരാൾക്കുമാത്രം വരുന്ന ‘ഫെൻഫിഗസ് വൾഗാരിസ്' എന്ന ജനിതക രോഗമായിരുന്നു താഹിറയ്‌ക്ക്. അതിന് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിന് പാലിയേറ്റീവ് നഴ്സായ ബിന്ദുവിന്റെ ഇടപെടൽ വിലപ്പെട്ടതായിരുന്നു. രോഗനിർണയത്തിനുശേഷം ലഭിച്ച സ്നേഹപൂർവമായ പരിചരണം, പതിയെ താഹിറയെ ജീവിതത്തിലേക്കടുപ്പിച്ചു. അതുകൊണ്ടുതന്നെ തനിക്ക് പുതുജീവൻ നൽകിയ ബിന്ദുവിനെ അവർക്ക് ഒരിക്കലും മറക്കാനാവില്ല. താഹിറയ്ക്ക് മുന്നിലേക്ക് വേട്ടഭ്യർഥനയുമായി ജില്ലാ പഞ്ചായത്ത് അഞ്ചരക്കണ്ടി ഡിവിഷൻ സ്ഥാനാർഥി ഒ സി ബിന്ദുവും സംഘവും എത്തിയപ്പോൾ അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ: ‘‘നിങ്ങളെ മറന്നാൽ പടച്ചോൻ പൊറുക്കൂല’’ ശങ്കരനെല്ലൂർ സ്വദേശിനി ഒ സി ബിന്ദു പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്. അഞ്ചരക്കണ്ടി ഡിവിഷനിൽ തലശേരി ബ്ലോക്കിലെ അഞ്ചരക്കണ്ടി, മുഴപ്പാല, കൂത്തുപറമ്പ് ബ്ലോക്കിലെ മാങ്ങാട്ടിടം, വട്ടിപ്രം, എടക്കാട് ബ്ലോക്കിലെ ചക്കരക്കൽ, ഇരിട്ടി ബ്ലോക്കിലെ കീഴല്ലൂർ ഡിവിഷനുകൾ ഉൾപ്പെടുന്നു. ഡിവിഷനിൽ ആവേശ സ്വീകരണമാണ് ബിന്ദുവിന് ലഭിക്കുന്നത്. മാങ്ങാട്ടിടം ബ്ലോക്ക് ഡിവിഷനിലാണ് വെള്ളിയാഴ്ച പര്യടനം നടത്തിയത്. മാങ്ങാട്ടിടം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ഗിരിജാ കല്യാടൻ, പഞ്ചായത്ത് സ്ഥാനാർഥി ഷാജൻ, ശ്രീധരൻ നെയ്യൻ, പി പി രാജീവൻ, കെ രാജേഷ്, ശ്രീജിത്ത് നെയ്യൻ, മധുപറമ്പൻ, സി പി അജേഷ് എന്നിവരും കൂടെയുണ്ടായി.









0 comments