നമ്മൾ ജയിക്കും, മുന്നേറും

ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ മോഹനൻ കുറുവോട്ടുമൂലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം
കെ പ്രിയേഷ്
Published on Nov 22, 2025, 02:30 AM | 1 min read
മയ്യിൽ
‘‘ഞങ്ങൾ തൊഴിലുറപ്പുകാരാന്ന്, ഇതിലെ എല്ലാർക്കൊന്നും നല്ല ആരോഗ്യോം ഒന്നൂല്ല, പ്രായാകുമ്പോ പണിക്കും വരാൻ കയ്യാണ്ടാകും. അന്നേരം കഷ്ടത്തിലാകും എന്നാന്ന് വിചാരിച്ചിന്. പക്ഷെ പെൻഷൻ കുടിശ്ശികയും കിട്ടി, ഇനി രണ്ടായിരൂർപ്യയും ആക്കി. അതെന്നെ വല്യ സന്തോഷാന്ന്. ഈ സർക്കാരും പാർടിയുമല്ലേ ഇതെല്ലം ചെയ്യ്‌ന്ന് വേറാര്ക്കാന്ന് നമ്മൾ വോട്ട് ചെയ്യണ്ടേ? നമ്മളെ വോട്ട് മോഹനെന്നെയാന്ന്’'. കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ ടി ശോഭനേച്ചിയും തൊഴിലുറപ്പ് തൊഴിലാളികളും ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ സ്ഥാനാർഥി കെ മോഹനന് കൊടുത്ത വാക്കാണിത്. ഇരുകൈയുംനീട്ടി തൊഴിലാളികൾ മോഹനനെ ചേർത്തുപിടിച്ചു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറികൂടിയാണെന്ന് മോഹനൻ പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം ഇരട്ടിയായി. വെള്ളിയാഴ്ചയാണ് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വടുവൻകുളം, കാരാറമ്പ്, ബസാർ, ഉരുവച്ചാൽ, വെള്ളുവയൽ, കുറുവോട്ടുമൂല, വേശാല, ചട്ടുകപ്പാറ, കട്ടോളി, തണ്ടപ്പുറം ഭാഗങ്ങളിലെ കടകളിലെയും സ്ഥാപനങ്ങളിലെയും വോട്ടർമാരെ കാണാനെത്തിയത്. സൗമ്യനായി ചെറുപുഞ്ചിരിയോടെ ടൗണിലെ കടകളിലും ഓട്ടോ തൊഴിലാളികൾക്കിടയിലും കടന്നുചെന്നാണ് മോഹനന്റെ വോട്ടഭ്യർഥന. കുറ്റ്യാട്ടൂർ എഎൽപി സ്‌കൂളിലെയും ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും കുട്ടികൾ ആവേശത്തോടെയാണ് സ്ഥാനാർഥിയെ വരവേറ്റത്. ‘‘ഇതുവരെ ഇടതുപക്ഷത്തിനല്ലാതെ വോട്ട് ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. അതോണ്ട് നന്നായി ജയിച്ചുവാ’’– എന്നാശംസിച്ചാണ് വെള്ളുവയലിലെ വ്യാപാരി പി പി ദാമോദരൻ പറഞ്ഞയച്ചത്. മരമില്ലിലെ തൊഴിലാളികളും ആശംസയറിയിച്ചു. ഇരിട്ടി സ്വദേശിയാണെങ്കിലും ചിരപരിചിതനെന്നപോലെ എല്ലാവർക്കിടയിലേക്കും കടന്നുചെന്ന മോഹനനെ നാട് നെഞ്ചോടുചേർത്തുകഴിഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ചട്ടുകപ്പാറ ഡിവിഷൻ സ്ഥാനാർഥി കെ നന്ദിനിയും വാർഡ് സ്ഥാനാർഥികളും മോഹനനൊപ്പമുണ്ടായിരുന്നു. സിപിഐ എം കുറ്റ്യാട്ടൂർ ലോക്കൽ സെക്രട്ടറി എൻ പത്മനാഭൻ, വേശാല ലോക്കൽ സെക്രട്ടറി കെ പ്രിയേഷ്‌കുമാർ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.









0 comments