ഇന്ന് ലോക മുങ്ങിമരണ നിവാരണ ദിനം
കുഞ്ഞുകെെകളുണ്ട്, ജീവിതത്തിലേക്കുയർത്താൻ

ചെക്കികുളം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നീന്തൽ പരിശീലനത്തിൽ ചാൾസൺ ഏഴിമല കുട്ടികളെ പരിശീലിപ്പിക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 25, 2025, 02:30 AM | 1 min read
മയ്യിൽ
കൺമുന്നിലൊരു ജീവൻ വെള്ളത്തിലേക്കാഴ്ന്നിറങ്ങുമ്പോൾ കണ്ടുനിൽക്കാൻ നമുക്കാകില്ല. എന്നാൽ വെള്ളത്തിലേക്കുചാടി ഒരാളെ രക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയുമല്ല. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ഒരുതലമുറയെ വാർത്തെടുക്കുകയാണ് ചെക്കിക്കുളത്തുകാർ. കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിലൂടെ നീന്തൽ പരിശീലനത്തിനൊപ്പം ജീവൻരക്ഷാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പകർന്നുനൽകിയാണ് ഇവർ കരുതലിന്റെ ചിത്രമാകുന്നത്. ഭയമല്ല വെള്ളത്തിൽ മുങ്ങിത്താഴുന്നവരെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്താനുള്ള സന്നദ്ധതയാണ് വേണ്ടതെന്നാണ് പദ്ധതിയിലൂടെ വായനശാല പുതുതലമുറക്ക് നൽകുന്ന പാഠം. കഴിഞ്ഞ 13 വർഷമായി വായനശാല കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകുന്നു. ജില്ലാ പഞ്ചായത്ത് നവീകരിച്ച മാണിയൂർ ചേറ്റാട്ട് വയലിലെ പട്ടക്കുളത്തിലാണ് ശനി, ഞായർ ദിവസങ്ങളിലെ പരിശീലനം. വർഷംതോറും നിരവധി കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്ത് വിജയകരമായി നീന്തലും ജീവൻരക്ഷാതന്ത്രങ്ങളും സ്വായത്തമാക്കുന്നു. പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡും നീന്തൽ പരിശീലകനുമായ ചാൾസൺ ഏഴിമലയുടെ നേതൃത്വത്തിലുള്ള സംഘമാണ് നീന്തൽ പരിശീലിപ്പിക്കുന്നത്. വെള്ളത്തിൽ നിൽക്കാനും ശ്വാസമെടുത്ത് മുന്നോട്ടുനീങ്ങാനുമൊക്കെ പഠിപ്പിക്കും. വായനശാല പ്രവർത്തകരായ ടി രത്നാകരൻ, സി സംനേഷ് , കെ പി രാജീവൻ, കെ ധവിനേഷ്, കെ പി സുജിത്ത്, കെ വിജയൻ, പി ലിജു തുടങ്ങിയവരും നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകുന്നു.









0 comments