print edition ഇന്ത്യയിലെ 20.6 കോടി കുട്ടികൾക്ക് അടിസ്ഥാനാവകാശങ്ങളില്ല

ന്യൂഡൽഹി
ഇന്ത്യയിലെ 20.6 കോടി കുട്ടികൾക്ക് പോഷകാഹാരവും ആവശ്യമായ ആരോഗ്യ പരിരക്ഷയുമടക്കമുള്ള അടിസ്ഥാന അവകാശങ്ങൾ ലഭ്യമാകുന്നില്ലെന്ന് യുനിസെഫ് റിപ്പോർട്ട്. ശുചിത്വം, പാർപ്പിടം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കുടിവെള്ളം എന്നീ ആറ് അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയാണ് പരിശോധിച്ചത്. ‘ലോകത്തിലെ കുട്ടികളുടെ സ്ഥിതി –2025’ റിപ്പോർട്ടിലാണ് ഇന്ത്യയിലെ കുട്ടികളുടെ ദയനീയസ്ഥിതി യുനിസെഫ് വിവരിക്കുന്നത്. 46 കോടി കുട്ടികളാണ് ഇന്ത്യയിലുള്ളത്.
അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയില്ലായ്‌മ കുട്ടികളുടെ ജീവിതനിലവാരത്തെയും ഭാവിയിലെ അവസരങ്ങളെയും വലിയതോതിൽ ബാധിക്കുന്നുണ്ടെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ 18ൽ താഴെയുള്ള കുട്ടികളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്. ആഗോളതലത്തിൽ കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നടപടികളിൽ ഇന്ത്യക്ക് വഹിക്കാനുള്ള പങ്ക് ഏറെയാണ്. 2030 ഓടെ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികൾ അടക്കമുള്ളവരുടെ എണ്ണം പകുതിയായി കുറയ്‌ക്കുകയെന്ന സുസ്ഥിര വികസന ലക്ഷ്യമാണ് യുനിസെഫ് മുന്നോട്ടുവയ്‌ക്കുന്നത്. അതിനാൽ കുട്ടികളുടെ ക്ഷേമകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കുട്ടികൾക്കായി ആരോഗ്യ– വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.








0 comments