print edition നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനി രാവിലെ 10 മുതൽ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്‌മപരിശോധന നടത്തുക. ഇൗ സമയം സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി നിൽക്കാം.
സൂക്ഷ്‌മപരിശോധനാ സമയം എല്ലാ സ്ഥാനാർഥികളുടേയും നാമനിർദേശ പത്രിക പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും. നാമനിർദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാർഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാൽ, നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം.
വെള്ളി പകൽ മൂന്ന് വരെ ലഭിച്ചിട്ടുള്ള എല്ലാ നാമനിർദേശപത്രികകളും ഓരോന്നായി സൂക്ഷ്‌മപരിശോധന നടത്തും. ഒരു സ്ഥാനാർഥി ഒന്നിലധികം നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്‌മപരിശോധന ചെയ്യുക. സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിങ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.








0 comments