ചെമ്പിലോട്ട് പുലിയെന്ന് അഭ്യൂഹം

ചെമ്പിലോട്
ചെമ്പിലോട് എൽ പി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴം രാത്രി ഒമ്പതരയ്‌ക്കുശേഷം വീട്ടുമുറ്റത്താണ് പുലിയെ കണ്ടതെന്ന് കണ്ടോത്ത് ആയിഷയും മകളും പറയുന്നു. അസാധാരണ ശബ്ദംകേട്ട് വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് ജീവിയെ കണ്ടത്. സ്കൂളിനടുത്തുള്ള കാടുമൂടി കിടക്കുന്ന സ്ഥലത്തേക്കാണ് ജീവി പോയത്. അഭ്യൂഹം പരന്നതോടെ പഞ്ചായത്തധികൃതർ വനം വകുപ്പ് ഓഫീസിലും ചക്കരക്കല്ല് പൊലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു. വനം വകുപ്പധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും പ്രത്യേക കാലടയാളങ്ങളോ മറ്റു പ്രാഥമിക ലക്ഷണങ്ങളോ കണ്ടെത്താനായില്ല. പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരന്റെ നേതൃത്വത്തിൽ നാട്ടുകാർ പരിസരത്ത് പരിശോധന നടത്തി. പ്രദേശവാസികൾ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയോടെ നിരീക്ഷണം നടത്തി വിവരങ്ങൾ കൈമാറണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.









0 comments