എൽഡിഎഫ് സജ്ജം

കണ്ണൂർ
അധികാരം അവസാനത്തെ ആളിലേക്കും കടന്നുകയറുന്ന ജനാധിപത്യോത്സവത്തിന് കാഹളമായി. ജില്ലയിലും ആ ഉത്സവത്തിന്റെ കേളികൊട്ടുയർന്നു. കണ്ണൂരിന്റെ പെരുമയിൽ എക്കാലവും ഉയർന്നുകേട്ട ഇടതുപക്ഷ പാരന്പര്യം കൈവിടാത്ത തദ്ദേശചരിത്രം ഒരിക്കൽക്കൂടി ആവർത്തിക്കുമെന്നാണ് കണക്കുകൾ. ജില്ലാ പഞ്ചായത്ത്, 11ൽ 10 ബ്ലോക്ക് പഞ്ചായത്ത്, ഒന്പതിൽ ആറ് നഗരസഭ, 71 ൽ 57 പഞ്ചായത്ത് എന്നിവ എൽഡിഎഫിനൊപ്പമാണ്. കണ്ണൂർ കോർപ്പറേഷനിൽ മാത്രമാണ് യുഡിഎഫിന്റെ കാര്യമായ സാന്നിധ്യമുള്ളത്. അഴിമതിയും പടലപ്പിണക്കവും കാരണം കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ യുഡിഎഫ് തുടക്കത്തിലേ കിതയ്‌ക്കുകയാണ്. കോർപ്പറേഷന്റെ മരക്കാർക്കണ്ടി മാലിന്യപ്ലാന്റിന്റെ അഴിമതിക്കരാർ റദ്ദാക്കിയ വാർത്ത വന്നത്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേ ദിനംതന്നെ! സംസ്ഥാന സർക്കാരിന്റെ ചിറകിലേറിയുള്ള വികസനപന്ഥാവിൽ 2020ലെ വിജയമധുരം ഇരട്ടിപ്പിക്കാനാണ് എൽഡിഎഫ് ശ്രമം. നാട്ടിലെ ഓരോ വോട്ടറും തൊട്ടറിയുന്ന മാറ്റമാണ് തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷമുണ്ടായത്. കഴിഞ്ഞമാസം പഞ്ചായത്തുകളിൽ നടന്ന വികസന സെമിനാറിൽ മുഴങ്ങിക്കേട്ടതും തദ്ദേശക്കുതിപ്പിന്റെ മികവുകൾതന്നെയാണ്. സംസ്ഥാനതലത്തിൽ യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടും മുസ്ലിം ലീഗടക്കമുള്ള പാർടികൾ വികസന സെമിനാറിൽ പങ്കെടുത്തത് തദ്ദേശ മികവിന്റെ കാര്യങ്ങൾ ചർച്ചയാക്കാൻതന്നെയാണ്. അടിത്തട്ടിൽ എ പ്ലസ് തദ്ദേശ ജനാധിപത്യത്തിന്റെ ഏറ്റവും അടിത്തട്ടായ പഞ്ചായത്ത് ചരിത്രത്തിൽത്തന്നെയുണ്ട് എൽഡിഎഫ് കുതിപ്പ്. 80.28 ശതമാനത്തിന്റെ എ പ്ലസ് റിസൾട്ടാണ് കഴിഞ്ഞതവണയുണ്ടായത്. ആകെയുള്ള 1166 പഞ്ചായത്ത് വാർഡിൽ 792 വാർഡും എൽഡിഎഫിനൊപ്പമാണ്. അതായത് 67.92ന്റെ ഫസ്‌റ്റ് ക്ലാസ് മുന്നേറ്റം. ഇൗ ഉജ്വല വിജയം നൽകയതിന്റെ മാറ്റം നാട്ടിൻപുറങ്ങളിൽ കാണാം. ഏഴോത്തെ ലൈഫ് ഭവനസമുച്ഛയംമുതൽ ജില്ലാ ആശുപത്രിയിൽ 63 കോടി ചെലവഴിച്ചുള്ള സൂപ്പർസ്‌പെഷ്യാലിറ്റി ബ്ലോക്കിൽവരെ കാണാം ആ മാറ്റം. 700 കോടി രൂപയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിൽ മാത്രം നടന്നത്. അതിദരിദ്രരെ കൈപിടിച്ചുയർത്താനുള്ള പലതരം ഇടപെടലുകൾമുതൽ അവസാനത്തെ അഗതിക്കും വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയും ജില്ലയിലെ പഞ്ചായത്തുകളും തിളങ്ങി. സംസ്ഥാനത്തെ പൊതുഅവസ്ഥയിൽനിന്ന് മാറി ജില്ലയിൽ കോർപ്പറേഷൻ ഒഴികെയുള്ള നഗര മേഖലയിലും എൽഡിഎഫിനാണ് മുൻതൂക്കം.









0 comments