പ്രതിഷേധിച്ചവർക്ക് ശിക്ഷ, തല മൊട്ടയടി

കണ്ണൂർ
‘‘ക്യാമ്പസുകളിൽ നല്ല പ്രതിഷേധമാണ് അർധ ഫാസിസ്‌റ്റ് ഭീകര വാഴ്‌ചക്കെതിരെ ഉയർന്നത്. സംയുക്ത വിദ്യാർഥിസമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസുകളിൽ മൂന്നുദിവസം നീണ്ട പ്രതിഷേധമായിരുന്നു. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പ്രതിഷേധമുയർത്തിയവരെ തലമൊട്ടയടിച്ചാണ് അധികാരികൾ നേരിട്ടത്’’–- അടിയന്തരാവസ്ഥയിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ ഓർത്തെടുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്യാമ്പസുകളിലാണ് ജൂലൈ 9, 10, 11 തീയതികളിൽ പ്രതിഷേധപരിപാടികൾ നടത്താൻ സംയുക്ത വിദ്യാർഥിസമിതി തീരുമാനിച്ചത്. കാസർകോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു, പയ്യന്നൂർ, തളിപ്പറമ്പ് സർസയ്യിദ്, കൂത്തുപറമ്പ് നിർമലഗിരി, കണ്ണൂർ എസ്‌എൻ, തലശേരി ബ്രണ്ണൻ എന്നവിടങ്ങിലെല്ലാം പ്രതിഷേധപരിപാടി നടന്നു. ഒമ്പതിന് പോസ്‌റ്റർ പ്രചാരണം, 10ന് ധർണ, 11ന് പഠിപ്പുമുടക്കുമാണ് നടത്തിയത്. ക്യാംപസുകളിൽ നല്ല പങ്കാളിത്തമുണ്ടായി. ദേശാഭിമാനിയൊഴികെ മറ്റു പത്രങ്ങളെല്ലാം അടിയന്തരാവസ്ഥയെ അനുകൂലിച്ചു. സെൻസറിങ്ങുള്ളതിനാൽ പ്രതിഷേധവാർത്തകളൊന്നും വെളിച്ചം കണ്ടില്ല. പലയിടത്തും ഡിഐആർ പ്രകാരം വിദ്യാർഥി പ്രവർത്തകർക്കുനേരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ വളരെ മോശമായാണ് പെരുമാറിയത്. എസ്‌എഫ്‌ഐയുടെയും എൻഎസ്‌ഒയുടെയും പ്രധാന പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദിച്ചു. തളിപ്പറമ്പ് സർസയ്യിദ് കോളേജിലെ വിദ്യാർഥി നേതാക്കളെ തല മൊട്ടയടിച്ച് അർധനഗ്നരാക്കി നഗരത്തിലൂടെ നടത്തിച്ചു. അഡ്വ. പി കെ വിജയൻ ഉൾപ്പെടെയുള്ളവരാണ് അന്ന് തലമുണ്ഡനം ചെയ്യപ്പെട്ടത്. കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നവരെയടക്കം പൊലീസും കോൺഗ്രസ് ഗുണ്ടകളും ആക്രമിച്ചു. തലശേരി കോടതിയിൽ ഹാജരാകാനെത്തിയ രാമൻ രാമന്തളിയെ ആക്രമിക്കാൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ കോൺഗ്രസുകാർ തയ്യാറെടുക്കുന്നതായി അറിഞ്ഞ് ഞാനടക്കമുള്ളവർ അങ്ങോട്ടുപോയി. ഭീകര ആക്രമണമാണ് കോൺഗ്രസുകാരും പൊലീസും നടത്തിയത്. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരായ അക്രമവിവരമറിഞ്ഞ് എ കെ ജിയും സുശീല ഗോപാലനും കണ്ണൂരിലെത്തി. എസ്‌എഫ്‌ഐ ജില്ലാ കൺവൻഷനിലും പങ്കെടുത്തു. ആ കൺവൻഷനിൽ വനിതാ സബ്‌കമ്മിറ്റിയും രൂപീകരിച്ചു. വിദ്യാർഥി നേതാക്കളുടെ തലമൊട്ടയടിച്ചതിന്റെ ഫോട്ടോയടക്കം വച്ചുകൊണ്ട് കത്തയക്കണമെന്ന് എ കെ ജി നിർദേശിച്ചു. ഈ കത്ത് ഉയർത്തിപ്പിടിച്ച് എ കെ ജി പാർലിമെന്റിൽ സംസാരിച്ച് വിഷയം ദേശീയ ശ്രദ്ധയിലുമെത്തിച്ചു.









0 comments