മരക്കാർക്കണ്ടിയിൽ മേയർ ലക്ഷ്യമിട്ടത്‌ വൻകൊള്ള

കോയ ആൻഡ്‌ കന്പനിക്കും അയ്യപ്പ ഇൻഫ്രാ പ്രൊജക്ട്‌സ്‌ കന്പനിക്കും  മരക്കാർക്കണ്ടിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ്‌ കരാറിന്‌ കണ്ണൂർ കോർപ്പറേഷൻ നൽകിയ സ്വീകാര്യതാപത്രം (ലെറ്റർ ഓഫ്‌ ആക്‌സെപ്‌റ്റൻസ്‌)

കോയ ആൻഡ്‌ കന്പനിക്കും അയ്യപ്പ ഇൻഫ്രാ പ്രൊജക്ട്‌സ്‌ കന്പനിക്കും മരക്കാർക്കണ്ടിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ്‌ കരാറിന്‌ കണ്ണൂർ കോർപ്പറേഷൻ നൽകിയ സ്വീകാര്യതാപത്രം (ലെറ്റർ ഓഫ്‌ ആക്‌സെപ്‌റ്റൻസ്‌)

avatar
സ്വന്തം ലേഖകൻ

Published on Nov 06, 2025, 02:30 AM | 2 min read


കണ്ണൂർ

മരക്കാർക്കണ്ടിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡർ വ്യവസ്ഥകൾ ചട്ടവിരുദ്ധമായി തിരുത്തി ഒറ്റ കരാറുകാരനിലേക്ക്‌ എത്തിച്ചതിന്‌ പിന്നിൽ ഞെട്ടിക്കുന്ന അഴിമതിയാണ്‌ നടന്നതെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷും സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാൽപതുകോടിയുടെ പദ്ധതിയിൽ കൂട്ടിച്ചേർക്കൽ വരുത്തി 167.6 കോടി രൂപക്കാണ്‌ കോയ ആൻഡ്‌ കന്പനിക്കും അയ്യപ്പാ ഇൻഫ്രാ പ്രൊജക്ട്‌സ്‌ കന്പനിക്കും ടെൻഡർ നൽകിയത്‌. ടെൻഡർ നൽകിയില്ലെന്നും സംസ്ഥാനതല സമിതിയുടെ പരിഗണനയിലാണെന്നും മേയർ പറഞ്ഞത്‌ പച്ചക്കള്ളമാണെന്നും, കരാറുകാർക്ക്‌ നൽകിയ സ്വീകാര്യതാപത്രം മാധ്യമങ്ങൾക്ക്‌ മുന്നിൽ പ്രദർശിപ്പിച്ച്‌ കെ കെ രാഗേഷ്‌ പറഞ്ഞു. പ്രീബിഡ്‌ യോഗത്തിൽ വരുത്തിയ തിരുത്തലുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചില്ല. ഇതോടെ, വൻകിട കരാറുകാർ, ചെറിയ തുകയ്‌ക്കുള്ള കരാറാണെന്ന്‌ കരുതി ടെൻഡറിൽ പങ്കെടുക്കാതായി. പൊതുവിൽ അന്പത്‌ കോടിക്ക്‌ മുകളിലുള്ള ടെൻഡർ വ്യവസ്ഥകൾ 200 പേജിന്‌ മുകളിലുണ്ടാകും. എന്നാൽ, മരക്കാർക്കണ്ടിയിലെ കരാർ വ്യവസ്ഥകൾ കേവലം അഞ്ചുപേജ്‌ മാത്രമാണ്‌. 40 കോടിയുടെ പദ്ധതി 140 കോടിയായി കൂട്ടി എന്ന ഒ‍ൗദ്യോഗിക തിരുത്ത്‌ (കൊറിജണ്ടം) ഒറ്റവരി മാത്രമാണുള്ളത്‌. ​ടെൻഡർ വ്യവസ്ഥകൾ 
തിരുത്തി പ്രീബിഡ്‌ യോഗത്തിലെ തീരുമാനങ്ങൾ കരാർ കന്പനികളെ അറിയിക്കാതെ ഒറ്റകന്പനിക്കായി ടെൻഡർ വ്യവസ്ഥകൾ തിരുത്തി. സമാന ജോലികൾ ചെയ്യുന്ന കന്പനികളെയാണ്‌ ടെൻഡറിൽ ക്ഷണിച്ചത്‌. എന്നാൽ, ഇപ്പോൾ കരാർ കിട്ടിയ കന്പനിക്ക്‌ നിലവിൽ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണമില്ല. സംയുക്ത കന്പനികൾ പാടില്ല എന്ന വ്യവസ്ഥ തിരുത്തി, ഹൈദരാബാദിലെ കോയ ആൻഡ്‌ കന്പനിക്കും അയ്യപ്പ ഇൻഫ്രാ പ്രൊജക്ട്‌സ്‌ കന്പനിക്കുമാണ്‌ സംയുക്ത കരാർ നൽകിയത്‌. കേരള പർച്ചേസ്‌ മാനുവലിന്റെ നഗ്‌നമായ ലംഘനവും കരാറിലുണ്ടായി. ഡിബിഒടി (ഡിസൈൻ, ബിൽഡ്‌, ഓപ്പറേറ്റ് ആൻഡ്‌ ട്രാൻസ്‌ഫർ) ടെൻഡറുകൾക്ക്‌ ഒന്പതുമാസം കാലാവധിയെങ്കിലും കിട്ടിയാലേ കരാറുകാർക്ക്‌ പഠനം നടത്താനാകൂ. ഇവിടെ കേവലം എട്ടുദിവസം മാത്രമാണ്‌ കന്പനികൾക്ക്‌ ടെൻഡറിൽ പങ്കെടുക്കാൻ സമയം കിട്ടിയത്‌.


ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ്‌ നൽകൂ

അഴിമതി വിവരം പുറത്തു പറഞ്ഞപ്പോൾ മാനനഷ്ടക്കേസ്‌ നൽകുമെന്നാണ്‌ മേയർ മുസ്ലീഹ്‌ മഠത്തിൽ പറഞ്ഞത്‌. ഇനിയും കേസ്‌ നൽകാൻ വെല്ലുവിളിക്കുകയാണെന്ന്‌ കെ കെ രാഗേഷ്‌ പറഞ്ഞു. ഒറ്റ പദ്ധതിയിൽ പോലും രണ്ട്‌ കരാറുകാരെ വച്ച്‌ കമീഷൻ തട്ടുന്ന ഭരണസമിതിയാണ്‌ കോർപ്പറേഷനിൽ. മരക്കാർക്കണ്ടിയിലെ അഴിമതിക്കരാർ നടപ്പാകുമെന്ന്‌ കരുതണ്ട. പരാതികൾ പോയിട്ടുണ്ട്‌. പ്രവൃത്തി അനുമതി നൽകിയ കരാർ, സംസ്ഥാനതല കമ്മിറ്റിയിലേക്ക്‌ എത്തിയത്‌ അങ്ങനെയാണ്‌. ഇതേ പദ്ധതി അഴിമതിരഹിതമായി ചുരുങ്ങിയ ചെലവിൽ നടപ്പാക്കാൻ പറ്റുന്ന ഭരണസമിതിയാകും അടുത്ത തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ അധികാരത്തിൽ വരികയെന്നും രാഗേഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home