അണയില്ല കനൽ

കാതിൽ ഇന്നും മുഴങ്ങുന്നുണ്ട്‌ എ കെ ജിയുടെ വാക്കുകൾ

എം വി ജയരാജൻ
avatar
എൻ കെ സുജിലേഷ്‌

Published on Jun 26, 2025, 03:00 AM | 1 min read

കണ്ണൂർ

‘‘താനെന്റെ നാട്ടുകാരെ ഇനിയും ദ്രോഹിച്ചാൽ അതിന്‌ പരിഹാരമുണ്ടാക്കാൻ ഞങ്ങൾക്കറിയാം. കോൺഗ്രസ്‌ തെമ്മാടിത്തത്തിന്‌ കൂട്ടുനിൽക്കരുത്‌. ഇനിയും ഇത്‌ തുടർന്നാൽ ഞാനിവിടെ കിടക്കും’’–- ജില്ലാ പൊലീസ്‌ മേധാവി ജോസഫ്‌ തോമസിനെയാണ്‌ എ കെ ജി രൂക്ഷഭാഷയിൽ ശകാരിച്ചത്‌. കമ്യൂണിസ്‌റ്റുകാർക്കെതിരെ ഭരണകൂടഭീകരത എവിടെയുണ്ടായാലും എം വി ജയരാജന്റെ കാതിൽ മുഴങ്ങുക എ കെ ജിയുടെ ഈ വാക്കുകളാണ്‌. അടിയന്തരാവസ്ഥയിൽ പെരളശേരിയിൽ എ കെ ജി മന്ദിരം ഗ്രന്ഥാലയത്തിലെ പുസ്‌തകങ്ങൾ കോൺഗ്രസുകാർ ചുട്ടുചാമ്പലാക്കിയിരുന്നു. പെരളശേരിയിലെയും പരിസരങ്ങളിലെയും പാർടി പ്രവർത്തകർക്ക്‌ പുറത്തിറങ്ങാൻപോലും കഴിയാത്ത സ്ഥിതി. വീടുകളും വായനശാലകളും ആക്രമിക്കപ്പെട്ടു. കടകളും സ്ഥാപനങ്ങളും തുറക്കാൻ പൊലീസും കോൺഗ്രസ്‌ ഗുണ്ടകളും അനുവദിച്ചില്ല. ഇതറിഞ്ഞാണ്‌ എ കെ ജിയെത്തിയത്‌. ‘‘എ കെ ജി എത്തുന്നതറിഞ്ഞാണ്‌ ഞങ്ങൾ കുറച്ച്‌ വിദ്യാർഥികൾ പെരളശേരി സ്‌കൂളിന്‌ മുന്നിലെത്തിയത്‌. കൂടുതൽ ആളുകളൊന്നും ഉണ്ടായിരുന്നില്ല. മുതിർന്ന പാർടി നേതാക്കൾക്കൊന്നും പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. കൊടിയ അക്രമമായിരുന്നു കോൺഗ്രസ്‌ ഗുണ്ടകളും പൊലീസും നടത്തിയത്‌. എ കെ ജിയുടെ ഇടപെടലോടെ കാര്യങ്ങൾക്കു മാറ്റംവന്നു. അന്ന്‌ ഞങ്ങൾ എ കെ ജിക്ക്‌ സിന്ദാബാദ്‌ വിളിച്ചാണ്‌ മടങ്ങിയത്‌’’. അടിയന്തരാവസ്ഥയുടെ കാലത്ത്‌ കോളേജ്‌ വിദ്യാർഥിയായിരുന്നു എസ്‌ എൻ കോളേജിലായിരുന്നു പ്രിഡിഗ്രി പഠനം. രണ്ടാംവർഷമാണ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റിയിലെത്തിയത്‌. പി ശശിയാണ്‌ അന്ന്‌ യൂണിറ്റ്‌ സെക്രട്ടറി. കെഎസ്‌യുക്കാർ അന്ന്‌ ആയുധങ്ങളുമായാണ്‌ ക്യാമ്പസിൽ വരിക. ടി പി ഹരീന്ദ്രനെ കെമിസ്‌ട്രി ബ്ലോക്കിനടുത്തുവച്ചാണ്‌ കെഎസ്‌യുക്കാർ വെട്ടിപ്പരിക്കേൽപ്പിച്ചത്‌. കൂത്തുപറമ്പ്‌ നിർമലഗിരിയിലായിരുന്നു ഡിഗ്രിപഠനം. അടിയന്തരാവസ്ഥ പിൻവലിച്ചതിന്റെ പിറ്റേവർഷം നടന്ന തെരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്ത്‌ മത്സരിച്ച്‌ ജയിച്ചു. കെഎസ്‌യുവിന്റെ കുത്തകയായിരുന്ന കോളേജിൽ എസ്‌എഫ്‌ഐയുടെ ആദ്യവിജയമായിരുന്നു ഇത്.



deshabhimani section

Related News

View More
0 comments
Sort by

Home