അച്ഛനെ ഇല്ലാതാക്കിയ ഇരുട്ടിന്റെ കാലം

പി ദിനേശൻ
Published on Jun 25, 2025, 02:30 AM | 2 min read
തലശേരി
‘പെരളശേരി സ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്. വീട്ടിന് മുന്നിൽ കിടത്തിയ അച്ഛന്റെ വെട്ടിനുറക്കിയ ശരീരവും തടിച്ചുകൂടിയ ജനങ്ങളും മായാതെയുണ്ട് കൺമുന്നിലിന്നും’’–-എരുവട്ടി പന്തക്കപ്പാറയിലെ കൊളങ്ങരേത്ത് രാഘവന്റെ മകൻ പി ഗണേശന് അച്ഛന്റെ മരണമില്ലാത്ത ഓർമയാണ് അടിയന്തരാവസ്ഥ. ‘‘പന്തക്കപ്പാറ ബീഡിക്കമ്പനിയിലെ തൊഴിലാളിയായിരുന്നു അച്ഛൻ. ജോലിക്കുപോയ അച്ഛന്റെ പായയിൽ പൊതിഞ്ഞ മൃതദേഹമാണ് പിറ്റേന്ന് വീട്ടിലെത്തിയത്. എന്താണ് സംഭവിച്ചതെന്നൊന്നും അന്ന് അറിയില്ലായിരുന്നു. മുതിർന്നപ്പോഴാണ് അടിയന്തരാവസ്ഥയിൽ ബീഡിക്കമ്പനി ആക്രമിച്ച കോൺഗ്രസുകാർ വെട്ടിക്കൊന്നതാണെന്ന് മനസ്സിലായത്. വീട്ടിൽ എ കെ ജിയും സുശീലാ ഗോപാലനും വന്നതൊക്കെ ഓർമയുണ്ട്. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും വീട്ടിലെത്തി ആശ്വസിപ്പിച്ചു. ജീവിതത്തിൽ അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച എത്രയോ സന്ദർഭങ്ങളുണ്ട്. അക്കാലത്തുതന്നെ എ കെ ജിയുടെപേരിൽ വായനശാല നിലവിലുണ്ട്. കോൺഗ്രസുകാർ എ കെ ജി വായനശാല ആക്രമിക്കുന്നതും പുസ്‌തകങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നതുമൊക്കെ കണ്ടിരുന്നു’’–- 17 വർഷത്തെ സേവനത്തിനുശേഷം സൈന്യത്തിൽനിന്ന് വിരമിച്ച ഗണേശൻ പറഞ്ഞു. അടിയന്തരാവസ്ഥയിലെ ആദ്യരക്തസാക്ഷി 1976 ജൂൺ 5–- അടിയന്തരാവസ്ഥയ്‌ക്കുപുറമെ പൊലീസ് ആക്ട് അനുസരിച്ചുള്ള നിരോധനാജ്ഞയും നിലനിൽക്കുന്ന കാലമാണ്. മമ്പറത്തെ പൊലീസ് ക്യാമ്പിന് സമീപത്തുനിന്നാണ് ബോംബും കുറുവടിയും വാളുകളുമായി രണ്ട് ജീപ്പിൽ അക്രമിസംഘം പുറപ്പെട്ടത്. വൈകിട്ട് 4.15ന് എരുവട്ടി പന്തക്കപ്പാറ ദിനേശ്‌ബീഡി കമ്പനിക്ക് സമീപത്തെത്തിയ ജീപ്പിൽനിന്ന് ചാടിയിറങ്ങിയ കോൺഗ്രസ് ഗുണ്ടകൾ ബീഡിക്കമ്പനിക്കുനേരെ തുരുതുരാ ബോംബെറിഞ്ഞു. കണ്ണൂർ ജില്ലയിൽ ആദ്യമായി ബോംബ് ഉപയോഗിച്ച് നടത്തിയ ആക്രമണം. ബോംബ് സ്‌ഫോടനത്തിൽ തൊഴിലാളികൾ പരിഭ്രാന്തരായി. അക്രമികൾ കമ്പനിയുടെ രണ്ടാംനിലയിലേക്ക് ഇരച്ചുകയറി. വാതിലടച്ച് പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുമ്പുപാരകൾക്കും വാളുകൾക്കും മുന്നിൽ പ്രതിരോധം തകർന്നു. വാതിൽ തകർത്ത് അകത്തുകടന്ന അക്രമികൾ കൊളങ്ങരേത്ത് രാഘവനെ വെട്ടിപ്പിളർന്നു. നിമിഷങ്ങൾക്കകം അദ്ദേഹം പിടഞ്ഞുമരിച്ചു.
അടിയന്തരാവസ്ഥയിലെ ആദ്യ രക്തസാക്ഷി
നിരവധി സഖാക്കൾക്ക് പരിക്കേറ്റു. പലേരി അച്യുതൻ എന്ന തൊഴിലാളിയുടെ ഒന്നരവയസ്സുള്ള കുട്ടി കമ്പനിയിലുണ്ടായിരുന്നു. ആ കുട്ടിയെ ദൂരേക്ക് വലിച്ചെറിഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് കൊലയാളികളെ പിടിക്കാനല്ല ഉത്സാഹം കാട്ടിയത്. തൊഴിലാളികളെ ലാത്തിവീശി വിരട്ടാൻ നോക്കിയെങ്കിലും ആരും പിരിഞ്ഞുപോയില്ല. പരിക്കേറ്റ തൊവരായി കൃഷ്‌ണൻ, യു മുകുന്ദൻ, സി വി ബാലൻ, പി വേലായുധൻ, പരപ്രത്ത് രാജു, കക്കോത്ത് കുമാരൻ തുടങ്ങി ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചാണ് ജീവൻ രക്ഷിച്ചത്. പന്തക്കപ്പാറയിലെ കൊൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് ജൂൺ ആറിന് ജില്ലയിലുടനീളം ഹർത്താലും പണിമുടക്കും പ്രകടനങ്ങളുമുണ്ടായി. കൊലപാതകമറിഞ്ഞ് പന്തക്കപ്പാറയിലേക്ക് വന്ന ഇ എം എസടക്കമുള്ള നേതാക്കളെ പൊലീസ് തടഞ്ഞതും മറ്റൊരു ചരിത്രം.









0 comments