പാഴ്വസ്തുക്കളിൽ വിരിയുന്നു കമനീയ രൂപങ്ങൾ

സിന്ധു രാജീവൻ പാഴ് വസ്തുക്കളിൽ നിർമിച്ച വസ്തുക്കളുടെ പ്രദർശനം നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ് എന്നിവർ കാണുന്നു.

സ്വന്തം ലേഖകൻ
Published on Oct 26, 2025, 02:00 AM | 1 min read
മട്ടന്നൂർ
മട്ടന്നൂർ– തലശേരി റോഡിലെ സിന്ധു രാജീവൻ വീട്ടിൽ ഒരുദിവസം ഭക്ഷണം പാകം ചെയ്യുന്നതിനിടെ സ്റ്റീൽപാത്രം കരിഞ്ഞു പോയി. കളയാനോ ആക്രിക്കാർക്ക് തൂക്കി വിൽക്കാനോ തോന്നിയില്ല. തന്റെ ഭാവനക്കനുസരിച്ച് ചിത്രപ്പണികൾ ചെയ്തതോടെ അത് മനോഹര വസ്തുവായി. പുതിയ വീട് നിർമിച്ചപ്പോൾ കൊണ്ടുവന്ന പെയിന്റിന്റെ ബക്കറ്റുകൾക്കും ഇൗ വീട്ടമ്മയുടെ കരവിരുതിൽ വൈവിധ്യമായ രൂപം കൈവന്നു. കീഴല്ലൂർ വില്ലേജ് ഓഫീസ് ജീവനക്കാരനായ രാജീവനെ തേടി വീട്ടിലെത്തിയ നഗരസഭാ ചെയർമാൻ എൻ ഷാജിത്താണ് പ്രദർശനം ഒരുക്കാൻ പ്രേരണയായത്. ചെറുപ്പം മുതൽതന്നെ സിന്ധു രാജീവൻ പാഴ്വസ്തുക്കളൊന്നും കളയാറുണ്ടായിരുന്നില്ല. സമയം കിട്ടുമ്പോഴൊക്കെ അവയിൽ ചിത്രപ്പണികളൊരുക്കി സൂക്ഷിച്ചുവയ്‌ക്കും. അങ്ങനെ നിർമിച്ച വിവിധ തരത്തിലുള്ള കമനീയ രൂപങ്ങളാണ് വീട്ടിലുള്ളത്. ഇവരുടെ കഴിവ് തിരിച്ചറിഞ്ഞ എൻ ഷാജിത്താണ് വികസന സദസിന്റെ ഭാഗമായി പ്രദർശനം ഒരുക്കാൻ നിർദേശിച്ചത്. മട്ടന്നൂർ നഗരസഭയുടെ വികസന സദസ്സിന്റെ ഭാഗമായി ഒരുക്കിയ പാഴ്വസ്തുക്കൾ കൊണ്ട് നിർമിച്ച വൈവിധ്യമാർന്ന രൂപങ്ങളുടെയും പെയിന്റിങ്ങുകളുടെയും പ്രദർശനം ശ്രദ്ധേയമായി. പാത്രങ്ങളിലും സാരികളിലും തുണികളിലും വരച്ചതും തുന്നിയതുമായ ചിത്രങ്ങളും മധുര കോട്സിന്റെ പ്രത്യേക നൂൽ വരുത്തി തയ്യാറാക്കിയ ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. അരവണ പായസത്തിന്റെ ബോട്ടിലുകൾ, മുള കഷണങ്ങൾ, പിവിസി പൈപ്പ് എന്നിവയെല്ലാം മനോഹരക്കാഴ്ചകളായി.









0 comments