print edition ‘അങ്ങനെ ഇതൊരു വീടായി’

ലൈഫ് മിഷനിൽ ലഭിച്ച വീടിന് മുന്നിൽ കിഴക്കേ അട്ടപ്പള്ളത്തെ കാർത്തിക് അച്ഛൻ മുനിയപ്പനും സഹോദരൻ ഗിരീഷിനുമൊപ്പം / ഫോട്ടോ: ശരത് കൽപ്പാത്തി. കാർത്തിക് പഴയ വീട്ടിൽ

അഖില ബാലകൃഷ്‌ണൻ
Published on Nov 16, 2025, 12:00 AM | 1 min read
പാലക്കാട്: കിഴക്കേ അട്ടപ്പള്ളത്ത് വയലിനോടുചേർന്ന പുതിയവീടിന് മുറ്റമൊരുക്കുകയാണ് കുടുംബം. ‘നേരത്തെ, ഇവിടെ ഓല മറച്ച ഷെഡ്ഡായിരുന്നു. പിന്നെ എങ്ങനെയൊക്കെയോ ഒറ്റമുറി കൂരകെട്ടി. മഴയത്ത് ചോർന്നൊലിക്കുന്ന, വെള്ളംകയറുന്ന കൂര ഒരിക്കലും വീടായിരുന്നില്ല. ഇൗ സർക്കാരാണ് ഇതൊരു വീടാക്കിയത്. ഞങ്ങളെ കൂട്ടിച്ചേർത്തത്’– മുറ്റത്ത് മണ്ണിടുന്നതിനിടെ അച്ഛനെയും അനിയനെയും ചേർത്തുപിടിച്ച് ഇരുപത്തൊന്നുകാരൻ കാർത്തിക് പറഞ്ഞു.
ചെറുപ്പത്തിൽ പടക്കം പൊട്ടിത്തെറിച്ച് വലത് കൈപ്പത്തി നഷ്ടപ്പെട്ട കാർത്തിക്കിനെ ഭിന്നശേഷി ലിസ്റ്റിൽ ഉൾപ്പെടുത്തി 2024ലാണ് പുതുശേരി പഞ്ചായത്ത് ലൈഫ്‌പദ്ധതിയിൽ വീട് അനുവദിച്ചത്. അങ്ങനെ വെള്ളം കയറാതിരിക്കാൻ മണ്ണിട്ട് രണ്ടടി പൊക്കി 650 ചതുരശ്ര അടിയില്‍ രണ്ട് മുറികളുള്ള വീട് ഉയർന്നു.കാർത്തിക്കും രണ്ട് സഹോദരിമാരും സഹോദരന്മാരും അച്ഛനും അമ്മയും അടങ്ങുന്ന ഏഴംഗ കുടുംബം ഒരുമിച്ച് താമസിച്ചിട്ടില്ല. വീട്ടിലെ കഷ്ടപ്പാട് കാരണം ഹോസ്റ്റലിൽ താമസിച്ചാണ് കാർത്തിക്കും സഹോദരങ്ങളും പഠിച്ചത്. അച്ഛൻ മുനിയപ്പ കൂലിപ്പണിക്കാരനാണ്. അമ്മ ഉഷ കോയമ്പത്തൂരിൽ മുളക് ഫാക്ടറിയിൽ ജോലി ചെയ്യുന്നു. കഷ്ടതകളിലും വീടെന്ന സ്വപ്നം പൂർത്തിയായ സന്തോഷത്തിലാണ് കുടുംബം. ഹോസ്റ്റലിൽനിന്ന് കാവ്യയും കീർത്തനയും എത്തിയശേഷം പുതിയ വീട്ടിലേക്ക് താമസം മാറും.









0 comments