print edition ഓണം മൂഡ് മാറാതെ സപ്ലൈകോ; തിരക്കേറുന്നു, വിൽപ്പന കുതിക്കുന്നു

സുനീഷ് ജോ
Published on Nov 16, 2025, 12:00 AM | 1 min read
തിരുവനന്തപുരം: സാധനങ്ങൾ ആവശ്യംപോലെ. മാവേലി സ്‌റ്റോറിലോ സപ്ലൈകോ സൂപ്പർമാർക്കറ്റിലോ കയറിയാൽ പണം കുറവാണെങ്കിലും സഞ്ചി നിറയെ വാങ്ങാം. കാർഡൊന്നിന് 319 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ കിട്ടും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണയ്‌ക്ക് 359 രൂപയും കേര വെളിച്ചെണ്ണയ്‌ക്ക് 429 രൂപയുമാണ് വില. സംസ്ഥാന സർക്കാരിന്റെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ ജനങ്ങൾക്ക് നൽകുന്നത് വലിയ ആ ശ്വാസം.
ഓണക്കാലത്ത് 386.19 കോടിയായിരുന്നു സപ്ലൈകോ ഒൗട്ട്‌ലെറ്റുകളിൽനിന്നുള്ള വിറ്റുവരവ്. 55.21 ലക്ഷം കാർഡുകാർ എത്തി. സെപ്‌തംബറിൽ 212.55 കോടിയുടെ വിൽപ്പനയുണ്ടായി. ഒക്‌ടോബറിൽ 202.67 കോടി രൂപയും. നവംബർ 15ന് വൈകിട്ടുവരെ വിൽപ്പന 108 കോടിയായി. 18 ലക്ഷം കാർഡ് ഉടമകൾ എത്തി. ജൂലൈയിൽ 168 കോടിയായിരുന്നു വിറ്റുവരവ്. അതിനുമുന്പുള്ള മാസങ്ങളിൽ ശരാശരി വിറ്റുവരവ് 150 കോടിയും.
ഇൗ മാസംമുതൽ എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആരംഭിച്ചിട്ടുണ്ട്. സബ്‌സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗസാധനങ്ങളും ഇതിൽനിന്ന് വാങ്ങാം. 25 രൂപ നിരക്കിൽ കാർഡൊന്നിന് 20 കിലോഗ്രാം പച്ചരിയോ പുഴുക്കലരിയോ നൽകുന്നുണ്ട്. വനിതകൾക്ക് സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനംവരെ അധിക വിലക്കുറവുമുണ്ട്.
ആയിരം രൂപയ്ക്കുമുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരുകിലോ പഞ്ചസാര അഞ്ചു രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്കുമുകളിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 25 ശതമാനം വിലക്കുറവിൽ നൽകും. വൈകിട്ട് അഞ്ചിനുമുമ്പ് തെരഞ്ഞെടുത്ത ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചുശതമാനം അധിക വിലക്കുറവുമുണ്ട്.
ഡിസംബർ 21 മുതൽ ജനുവരി ഒന്നുവരെ ക്രിസ്‌മസ് ചന്ത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ പ്രത്യേക ക്രിസ്‌മസ് ചന്ത നടത്തും. ഡിസംബർ 21 മുതൽ ജനുവരി ഒന്നുവരെയാണിത്. താലൂക്കുതലത്തിൽ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിലും ചന്തകളുണ്ടാകും. 250-ലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ടാകും. വിവിധതരം കേക്കും ലഭിക്കും.









0 comments