മഴയിലലിഞ്ഞ് ഉത്രാടപ്പാച്ചിൽ

          ഉത്രാടനാളിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ അനുഭവപ്പെട്ട തിരക്ക്                                                                                                                                                                                                                             ഫോട്ടോ/പി ദിലീപ്‌കുമാർ
വെബ് ഡെസ്ക്

Published on Sep 05, 2025, 03:00 AM | 1 min read

കണ്ണൂർ ​ഇടവിട്ട മഴയായിരുന്നു ഉത്രാട ദിനത്തെ വരവേറ്റത്‌. കൊട്ടിയൂർ ഉൾപ്പെടെ ജില്ലയുടെ മലയോരമേഖലയിൽ ശക്തമായ മഴ പെയ്‌തു. ഓണം വെള്ളത്തിലാകുമോ എന്നായിരുന്നു ആശങ്ക മുഴുവനും. വ്യാഴം രാവിലെവരെയുള്ള കാലാവസ്ഥയിൽ വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ നിരാശയിലായി. പതിയെ മാനം തെളിഞ്ഞതോടെ മനസ്സുകളും തെളിഞ്ഞു. ഉച്ചയോടടുത്തപ്പോഴാണ്‌ നഗരത്തിലുൾപ്പെടെ ജനത്തിരക്കേറിയത്‌. മഴയിലലിഞ്ഞും തെളിഞ്ഞുമായിരുന്നു ‘ഉത്രാടപ്പാച്ചിൽ’. തിരുവോണത്തെ വരവേൽക്കാനുള്ള അവസാനലാപ്പിൽ, പൂക്കളമൊരുക്കാനും സദ്യ തയ്യാറാക്കാനും ഓണക്കോടിവാങ്ങാനുമുള്ള തിരക്കിലമർന്നു നാടും നഗരവും. കണ്ണൂർ സ്റ്റേഡിയം കോർണർ, മുനീശ്വരൻ കോവിൽ, പഴയ ബസ്‌സ്റ്റാൻഡ്‌, ഫോർട്ട് റോഡ്, സ്‌റ്റേഷൻ റോഡ്‌ എന്നിവിടങ്ങളിൽ വലിയ തിരക്കായിരുന്നു. നഗരത്തിന്റെ മുക്കിലും മൂലയിലും കഴിഞ്ഞദിവസം മുതൽ പൂക്കച്ചവടക്കാർ ഇടംപിടിച്ചിരുന്നു. സ്ത്രീകളും കുട്ടികളും യുവാക്കളും മുതിർന്നവരുമുൾപ്പെടെ കുടുംബമൊന്നാകെയാണ്‌ നഗരത്തിലേക്കൊഴുകിയത്‌. പല ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ട്രാഫിക്‌ പൊലീസും കണ്ണൂർ ട‍ൗൺ പൊലീസും എസ്‌പിസി കേഡറ്റുകളുംചേർന്ന്‌ സ്ഥിതിഗതികൾ നിയന്ത്രിച്ചു. കണ്ണൂർ സെൻട്രൽ മാർക്കറ്റിലും ആയിക്കരയിലെ മത്സ്യമാർക്കറ്റിലും നഗരത്തിലെ വസ്‌ത്രവിപണനശാലകളിലും വമ്പിച്ച തിരക്കായിരുന്നു. പ്രസ്‌ ക്ലബ്‌ റോഡ്‌, സ്റ്റേഡിയം കോർണർ പരിസരത്തുമുള്ള വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും കച്ചവടം പൊടിപൊടിച്ചു. സപ്ലൈകോ, കൺസ്യൂമർ ഫെഡ്‌, ഹോർട്ടി കോർപ്, പൊതുവിതരണകേന്ദ്രങ്ങളിലുൾപ്പെടെ മികച്ച ഇടപെടലും വിലനിയന്ത്രണവും ഏർപ്പെടുത്തിയത്‌ ഏറെ ആശ്വാസകരമായി. സാധാരണക്കാർ ന്യായവിലയിൽ സാധനങ്ങൾ വാങ്ങിയതിൽ ഓണത്തിന്റെ ആവേശം പ്രതിഫലിച്ചു. പൊലീസ് മൈതാനി, കണ്ണൂർ ടൗൺ സ്ക്വയർ, കലക്ടറേറ്റ്‌ മൈതാനി എന്നിവിടങ്ങളിലെ വിവിധ മേളകളിലും വ്യാഴാഴ്‌ച നല്ലതിരക്കാണ് അനുഭവപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home