കോൺഗ്രസിനെതിരെ ലീഗ്, ലീഗിനെതിരെ കോൺഗ്രസും
യുഡിഎഫിൽ വിമതപ്പട

കണ്ണൂർ
ജില്ലയിൽ പത്രികാ സമർപ്പണം പൂർത്തിയാകുന്പോൾ യുഡിഎഫിന് തലവേദനയായി വിമതപ്പട. ജില്ലാ പഞ്ചായത്ത് നടുവിൽ ഡിവിഷനിൽ ഡിസിസി സെക്രട്ടറി വിമതനായി പത്രിക നൽകി. കണ്ണൂർ കോർപറേഷനിൽ 12 ഡിവിഷനിൽ ഐക്യജനാധിപത്യ സംരക്ഷണസമിതി മത്സരിക്കുന്നതിന് പുറമെ നാലിടത്ത് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരായാണ് മത്സരം. ജില്ലയിലെങ്ങും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ യുഡിഎഫിന് റിബൽ സ്ഥാനാർഥികളുണ്ട്. പലയിടത്തും കോൺഗ്രസിനെതിരെ ലീഗും തിരിച്ചുമാണ് മത്സരം. വാർഡുകളിലെ യുഡിഎഫ് കമ്മിറ്റി ഭാരവാഹികൾതന്നെ റിബൽ സ്ഥാനാർഥികളെ നിർത്തിയ ഇടങ്ങളുമുണ്ട്. ജില്ലാ പഞ്ചായത്ത് നടുവിൽ ഡിവിഷനിൽ ഡിസിസി സെക്രട്ടറി ജോഷി കണ്ടത്തിലാണ് പത്രിക നൽകിയത്. ജോജി വർഗീസ് വട്ടോളിയെയാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പ്രാദേശിക നേതൃത്വം നിർദേശിച്ച ജോഷി കണ്ടത്തിലിനെ വെട്ടിയതിൽ പ്രതിഷേധിച്ചാണ് പത്രിക നൽകിയത്. തലശേരി ബ്ലോക്ക് പഞ്ചായത്ത് മുഴപ്പിലങ്ങാട് ഡിവിഷനിൽ കോൺഗ്രസിന്റെ ബ്ലോക്ക് ഭാരവാഹി വിജേഷ് വിമതനായി പത്രിക നൽകി. കണ്ണൂർ കോർപറേഷനിൽ പയ്യാന്പലം, വാരം ഡിവിഷനുകളിൽ യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരായാണ് വിമതർ ഇറങ്ങിയത്. പയ്യാന്പലത്ത് പി ഇന്ദിരക്കെതിരെ കെ എൻ ബിന്ദുവും വാരത്ത് കെ പി താഹിറിനെതിരെ റെയീസ് അസ് അദിയുമാണ് പത്രിക നൽകിയത്. പ്രാദേശിക കമ്മിറ്റികളുടെ നിർദേശം മറികടന്ന് നേതൃത്വം സ്ഥാനാർഥികളെ അടിച്ചേൽപ്പിച്ചതോടെയാണ് രണ്ടിടത്തും വിമതർ രംഗത്തിറങ്ങിയത്. സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ സംരക്ഷണസമിതി 12 സീറ്റിലാണ് പത്രിക നൽകിയിട്ടുള്ളത്. സ്ഥാനാർഥി പട്ടികയിലെ ഭൂരിഭാഗം പേരും കോൺഗ്രസ് ഭാരവാഹികളായവരാണ്. കോർപറേഷനിൽ അഴിമതിക്കെതിരായ ജനവികാരം ശക്തമായ സാഹചര്യത്തിൽ എൽഡിഎഫ് മുന്നേറ്റവും സ്ഥിരംസമിതി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള വിമതപ്പടയും കോൺഗ്രസിന് കനത്ത തിരിച്ചടിയാകും. നടുവിൽ പഞ്ചായത്തിൽ 16ാം വാർഡിൽ ലീഗ് സ്ഥാനാർഥിക്കെതിരെ കെഎംസിസി നേതാവ് പത്രിക നൽകി. മൂന്ന് വാർഡുകളിൽ കോൺഗ്രസിന് റിബലുകളുണ്ട്. ആറാം വാർഡിൽ മഹിളാ കോൺഗ്രസ് കരുവഞ്ചാൽ മണ്ഡലം സെക്രട്ടറി ജിഷ കെ വർഗീസാണ് വിമതസ്ഥാനാർഥി. പാനൂർ നഗരസഭയിൽ വാർഡ് വികസനസമിതി കൺവീനർതന്നെ വിമതനായി മത്സരിക്കുന്നു. എലാങ്കോട് ഡിവിഷനിൽ വി റഫീക്കാണ് വിമതനായത്. ന്യൂമാഹിയിൽ രണ്ടു വാർഡുകളിൽ യുഡിഎഫിന് വിമതരുണ്ട്. കൊളച്ചേരിയിലും മയ്യിലും കുറ്റ്യാട്ടൂരും കുന്നോത്തുപറന്പും ഒന്നിലേറെ വാർഡുകളിൽ വിമതർ പത്രിക നൽകിയിട്ടുണ്ട്. കുറുമാത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ലീഗാണ് വിമതനെ നിർത്തിയത്. ലീഗ് ഭാരവാഹികളോടൊപ്പമെത്തിയാണ് പത്രിക നൽകിയത്. മുഴപ്പിലങ്ങാട് കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ മമ്മാക്കുന്നിൽ വിമതസ്ഥാനാർഥിയാണ്.
കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് വിമതർ 12
കണ്ണൂർ
കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് വിമത വിഭാഗം 12 ഡിവിഷനുകളിൽ മത്സരിക്കും. നിലവിലെ സ്ഥിരംസമിതി ചെയർമാൻ പി കെ രാഗേഷും കൗൺസിലർ അനിതയുമടക്കം 12 പേരാണ് ഐക്യജനാധിപത്യ സംരക്ഷണസമിതി സ്ഥാനാർഥികളായി മത്സരരംഗത്തുള്ളത്. മറ്റ് ഡിവിഷനുകളിലും വിമതരായി മത്സരിക്കുന്നവരെ ഒപ്പം ചേർക്കുമെന്ന് പി കെ രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് പി കെ രാഗേഷും അനിതയും മത്സരിച്ച് കൗൺസിലർമാരായത്. പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവരെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത്. ഇതോടെയാണ് കോർപറേഷനിലെയും പരിസരത്തെയും കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പ്രവർത്തകരെ ചേർത്ത് ഐക്യജനാധിപത്യ സംരക്ഷണസമിതി രൂപീകരിച്ചത്. ജില്ലാ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പി കെ രാഗേഷ് മേയറടക്കമുള്ളവർക്കെതിരെ കൗൺസിൽ യോഗത്തിലടക്കം അഴിമതി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുൻ മേയർ ടി ഒ മോഹനനടക്കമുള്ളവരുടെ കോക്കസാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഇവർക്ക് താൽപര്യമുള്ളവരെ മാത്രമാണ് കോൺഗ്രസിന്റെ സ്ഥാനാർഥികളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പഞ്ഞിക്കയിലാണ് പി കെ രാഗേഷ് മത്സരിക്കുക. കെ പി അനിത പള്ളിയാംമൂലയിലും. പള്ളിക്കുന്ന് മേഖലയിലെ കോൺഗ്രസിൽ നിർണായക സ്വാധീനമാണ് ഇവർക്കുള്ളത്. ദീർഘകാലം പള്ളിക്കുന്ന് ബാങ്ക് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായിരുന്നു രാഗേഷ്. 2015 ലെ തെരഞ്ഞെടുപ്പിൽ രാഗേഷ് വിമതനായി മത്സരിച്ച് ജയിച്ചിരുന്നു. മുൻ മേയർക്ക് മത്സരിക്കാൻ ഭയം: പി കെ രാഗേഷ് മുൻ മേയർ ടി ഒ മോഹനൻ മത്സരിക്കാത്തത് തിരിച്ചടി ഭയന്നാണെന്ന് പി കെ രാഗേഷ്. ഭരണകാലത്ത് നടത്തിയ അഴിമതി കാരണം മത്സരിച്ചാൽ ജനങ്ങളിൽനിന്ന് തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹത്തിന് നല്ല ഉറപ്പുണ്ട്. മത്സരിക്കാൻ മോഹമില്ലാഞ്ഞിട്ടല്ല. പത്രിക തള്ളിപ്പോകുന്നതരത്തിൽ അദ്ദേഹത്തിന് നിയമപരമായ കുരുക്കുകളുമുണ്ടെന്ന് പി കെ രാഗേഷ് പറഞ്ഞു.









0 comments