അക്ഷരവഴിയിൽ ഒരുമെയ്യായി ഇവർ 9പേർ

കൊട്ടിയൂർ
കളിയും ചിരിയും കുറുമ്പുകളുമായി ഒമ്പത് മക്കളെ ഒരുമിച്ച് സ്കൂളിലേക്ക് യാത്രയാക്കിയാണ് കൊട്ടിയൂരിലെ പൂടൂർ സന്തോഷും ഭാര്യ രമ്യയും പ്രവേശനോത്സവത്തിന്റെ സന്തോഷം പങ്കിട്ടത്. പുത്തനുടുപ്പും ബാഗുമൊക്കെയായി കലപിലകൂട്ടിയുള്ള സഹോദരങ്ങളുടെ സ്കൂൾ യാത്രക്ക് ‘ടാറ്റാ’ പറഞ്ഞ് രമ്യയുടെ കൈയിലിരിക്കുന്നത് പത്താമത്തെ കുഞ്ഞുമാലാഖ മൂന്നുമാസം പ്രായമുള്ള അന്ന റോസ് മരിയയും. 8 പെൺമക്കളും രണ്ട് ആൺമക്കളുമാണ് ദമ്പതികൾക്കുള്ളത്. മൂത്ത മകൾ ആൽഫിയ എലിസബത്ത് കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂളിലാണ്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്‌കൂളിൽ പത്തിലും എട്ടിലും പഠിക്കുന്നു. സഹോദരിമാരായ അസിൻ തെരേസ് ആറാം ക്ലാസിലും ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടിലും പഠിക്കുന്നു. കാതറിൻ ജോക്കിമ യുകെജിയിലാണ്. വീടിനടുത്തുള്ള തലക്കാണി ഗവ. യുപി സ്‌കൂളിലാണ് ഇവർ നാലുപേരും. ഇവരുടെ ഇളയ ഇരട്ട സഹോദരിമാരായ ജിയോവാന മരിയയും ജിയന്ന ജോസ്‌ഫിനയും സമീപത്തെ അങ്കണവാടിയിലുമുണ്ട്. മക്കളെല്ലാം പൊതുവിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. മികവേറിയ പഠനസൗകര്യങ്ങൾ പൊതുവിദ്യാലയങ്ങളിൽ കിട്ടുന്നുവെന്ന് ഇരുവരും ഒരേസ്വരത്തിൽ പറയുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് സന്തോഷ്.









0 comments