പാടില്ല കാവിവൽക്കരണം
പ്രക്ഷോഭം കടുപ്പിച്ച് വിദ്യാർഥികൾ

എസ്എഫ് ഐ പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

സ്വന്തം ലേഖകൻ
Published on Jul 11, 2025, 02:30 AM | 1 min read
തിരുവനന്തപുരം
ഉന്നതവിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ആർഎസ്‌എസ് നീക്കത്തിനെതിരെ, പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ജനാധിപത്യ സന്ദേശവുമായി വിദ്യാർഥികളുടെ പ്രതിഷേധം. കേരളത്തിലെ സർവകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന് ഉറക്കെപ്പറഞ്ഞ് അവർ തെരുവുകളിൽ നിറഞ്ഞു. ജനാധിപത്യവും ഉന്നതവിദ്യാഭ്യാസരംഗവും സംരക്ഷിക്കുകയെന്ന ആവശ്യമുയർത്തി വ്യാഴാഴ്‌ച എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പുമുടക്ക് പൂർണം. ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തി. തിരുവനന്തപുരത്ത് രാജ്‌ഭവൻ മാർച്ചിന് എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി നേതൃത്വംനൽകി. വർഗീയതക്ക് എതിരായ ഈ പോരാട്ടത്തിൽ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടാണെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടന്ന മാർച്ച് കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പി താജുദീൻ ഉദ്‌ഘാടനംചെയ്‌തു. വയനാട് കൽപ്പറ്റ പോസ്റ്റ് ഓഫീസ് മാർച്ച് കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സാന്ദ്ര രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി അഖില ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം അഞ്ജലി സന്തോഷ് അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് പി കെ സനന്ത് കുമാർ, കെ നിവേദ് എന്നിവർ സംസാരിച്ചു.









0 comments