വിമാനത്താവള റൺവേ വികസനത്തിന് സ്ഥലമെടുപ്പ് സമരനാടകവുമായി ലീഗും കോൺഗ്രസും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2025, 02:45 AM | 2 min read


മട്ടന്നൂർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുസ്ലിംലീഗും കോൺഗ്രസും സമരനാടകവുമായി രംഗത്ത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റൺവേ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കുന്നതിന് സർക്കാരും കെ കെ ശൈലജ എംഎൽഎയും സാധ്യമായതെല്ലാം ചെയ്യുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസും ലീഗും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. നിലവിലുള്ള 3050 മീറ്റർ റൺവേ 4000 ആക്കി വികസിപ്പിക്കുകയെന്നത് എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷവും അതിന്‌ മുന്പും വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനുവേണ്ടി ശക്തമായ ഇടപെടലാണ് നടത്തിയത്. കോവിഡും വിമാനത്താവളത്തിന് പോയിന്റ്‌ ഓഫ് കോൾ പദവി കിട്ടാത്തതുമാണ് നടപടികൾ വൈകിച്ചത്. ​റൺവേ വികസനത്തിനാണ്‌ കീഴല്ലൂർ, കാനാട് പ്രദേശങ്ങളിലായി 245 ഏക്കർ ഭൂമിയും അതിന്റെ വിപുലീകരണത്തിനായി അതിർത്തിയിൽ താമസിക്കുന്നവരുടെ 25 ഏക്കർ ഭൂമിയും ഏറ്റെടുത്തത്. അതോടൊപ്പം കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിൽ പുരധിവാസത്തിനായി 36 ഏക്കർ സ്ഥലവും ഏറ്റെടുത്തു. ​റൺവേ വികസനത്തിന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടി രൂപയും ഉൾപ്പെടെ 900 കോടി രൂപയുടെ നിർദേശമാണ് കലക്ടർ നൽകിയിരുന്നത്. ഇത് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കെട്ടിടങ്ങളുടെയും നിർമിതികളുടെയും മൂല്യനിർണയം നടത്തുന്നുണ്ട്. വാല്വേഷൻ നടപടികളിൽ 75 ശതമാനവും പൂർത്തിയായി. ​റൺവേ വിപുലീകരിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുമ്പോൾ ഏകദേശം 162 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടി വരുന്നത്. പുനരധിവാസത്തിനായി 14.65 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 2021ലാണ് സർക്കാർ നടപടി തുടങ്ങിയത്. ​പുനരധിവാസത്തിനും വിവിധ കേസുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും കിൻഫ്ര നേരിട്ട് വിലയാധാര പ്രകാരം ഭൂമി രജിസ്റ്റർ ചെയ്ത് വാങ്ങുന്നതിനും 200 കോടി രൂപ സർക്കാർ അനുവദിച്ചു നൽകി. ഇതേതുടർന്ന് കിൻഫ്ര 60 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് 196 കോടി രൂപയാണ് ചെലവായത്. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കാൻ സർക്കാർ ശ്രമം നടത്തുകയാണ്‌. ​കാറ്റഗറി ഒന്ന് എയർപോർട്ട് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിയോട് അടുത്ത് കിടക്കുന്ന അഞ്ച് കുടുംബങ്ങളുടെ 71.85 സെന്റ്‌ ഭൂമി ഏറ്റെടുക്കാൻ നേരത്തെ തന്നെ സർക്കാർ ഭരണാനുമതി നൽകിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ 4.32 കോടി രൂപ നൽകാനും സർക്കാർ അനുമതിയായിട്ടുണ്ട്. ഇതിനു പുറമെ 14 കുടുംബങ്ങളുടെ കൈവശ ഭൂമിയും വസ്തുവകകളും ഏറ്റെടുക്കുന്നതിനും സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിന് സമയബന്ധിത നടപടികളാണ് സ്വീകരിച്ചത്. ​ 2008ൽ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ സർക്കാർ നടപ്പാക്കിയ മികച്ച പാക്കേജ് കാനാട് ഭാഗത്ത് കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കും നൽകി ഭൂമി ഏറ്റെടുക്കാനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കെ കെ ശൈലജ എംഎൽഎ ഇക്കാര്യം ഉന്നയിച്ചിരുന്നു. വസ്തുത ഇതായിരിക്കെയാണ് എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ ജനങ്ങളെ തിരിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ മുസ്ലിം ലീഗും കോൺഗ്രസും സമരനാടകമാടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home